'മത്സരം നീളുംതോറും ലങ്കയ്ക്ക് മേൽക്കൈ'; ഇന്ത്യയ്ക്കെതിരെ തന്ത്രങ്ങളുമായി ധനഞ്ജയ ഡിസിൽവ

ധനഞ്ജയ ഡിസിൽവ| Photo: AP/PTI
ന്യൂഡൽഹി : ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിന് ശനിയാഴ്ച ഗാളിൽ തുടക്കമാകുമ്പോൾ ഇന്ത്യൻ ബാറ്റിങ് നിരയെ കടുത്ത പരീക്ഷണത്തിലാക്കാൻ തന്ത്രങ്ങളൊരുക്കി ശ്രീലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ. മത്സരം നാലും അഞ്ചും ദിവസങ്ങളിലേക്ക് നീട്ടിക്കൊണ്ടുപോയി, പിച്ച് സ്പിന്നിനെ തുണയ്ക്കുന്ന ഘട്ടത്തിൽ ഇന്ത്യൻ ബാറ്റിങ് നിരയെ സമ്മർദ്ദത്തിലാക്കാനാണ് ലങ്കൻ നീക്കം.
സ്വന്തം നാട്ടിൽ ന്യൂസിലൻഡിനോടും ദക്ഷിണാഫ്രിക്കയോടും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ടെസ്റ്റ് പരമ്പരകൾ തോറ്റെങ്കിലും ഇന്ത്യ സ്പിൻ നേരിടാൻ മറന്നിട്ടില്ലെന്ന് ധനഞ്ജയ പറഞ്ഞു. മികച്ച തിരിച്ചുവരവിന് അവർ കാത്തിരിക്കുകയാവും. അന്താരാഷ്ട്ര ക്രിക്കറ്റ് എളുപ്പമല്ലെന്നും മത്സരം നാലാം ദിനത്തിലേക്കും അഞ്ചാം ദിനത്തിലേക്കും നീട്ടാനായാൽ തങ്ങൾക്ക് ജയിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഴയുള്ള കാലാവസ്ഥയായതിനാൽ തുടക്കത്തിൽ പിച്ച് വരണ്ടതായിരിക്കില്ല. ആദ്യ രണ്ടു മൂന്ന് ദിവസങ്ങളിൽ ബാറ്റിങ്ങിനെ തുണയ്ക്കുകയും പിന്നീട് സ്പിന്നിന് അനുകൂലമാവുകയും ചെയ്യുന്ന പിച്ചാണ് പ്രതീക്ഷിക്കുന്നത്. ഗാളിൽ മികച്ച റെക്കോഡുള്ള ഇടങ്കയ്യൻ സ്പിന്നർ പ്രഭാത് ജയസൂര്യയിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ. ടീമിലെ പേസർമാരും മികച്ച ഫോമിലാണെന്ന് ക്യാപ്റ്റൻ ചൂണ്ടിക്കാട്ടി.
പ്രധാന താരങ്ങളുടെ അഭാവമുണ്ടെങ്കിലും ഇന്ത്യയെ നിസാരരായി കാണുന്നില്ല. ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. അതേസമയം ഓപ്പണർ കെ എൽ രാഹുലായിരിക്കും തങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയെന്നും ധനഞ്ജയ കൂട്ടിച്ചേർത്തു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക ഇന്ത്യയെ നേരിടാനിറങ്ങുന്നത്.









0 comments