മനുഷ്യ ചങ്ങലതീര്‍ത്ത് പ്രതിഷേധം
താനെയിൽ 47000 കോടിയുടെ വമ്പൻ ഡാറ്റാ സെന്റര്‍; ജനനിബിഢമായ സ്ഥലത്ത് ആര് അനുമതി നൽകി എന്ന് പ്രദേശവാസികൾ

താനെ: മഹാരാഷ്ട്രയിലെ താനെയിൽ നിര്‍മ്മിക്കാൻ ഉദ്ദേശിക്കുന്ന കൂറ്റൻ ഡാറ്റാ സെന്ററിനെതിരെ വൻ ജനരോഷം. 53 ഏക്കര്‍ ഭൂമിയിൽ 47000 കോടി മുടക്കി നിര്‍മ്മിക്കുന്ന ഡാറ്റാ കേന്ദ്രം മുംബൈ മെട്രോപൊളിറ്റൻ റീജിയണിലെ ജനവാസ മേഖലയിലാണ്. ആമസോൺ കമ്പനിയുടെതാണ് ഡാറ്റാ കേന്ദ്രം.
പദ്ധതി ഉദ്ദേശിക്കുന്ന സ്ഥലത്ത് കൂറ്റൻ കെട്ടിടങ്ങളും ചുറ്റും മൂന്ന് ഗ്രാമങ്ങളും ആശുപത്രികളും വിദ്യാലയങ്ങളുമുണ്ട്. ഇതുവഴിയാണ് മെട്രോ പാതയും കടന്നു പോകുന്നത്. ജനവാസമേഖലയിൽ ഇത്തരം ഒരു നിര്‍മ്മിതി വലിയ പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക നിലനിൽക്കുന്നു.
വേക് അപ് താന്നേക്കര്‍
വേക് അപ് താന്നേക്കര്‍- താനെക്കാരെ ഉണരൂ എന്ന ബാനറുകളുമായാണ് ജനം പ്രതിഷേധ രംഗത്തുള്ളത്. ജൂലൈ 18 ന് പ്രദേശത്ത് നാട്ടുകാര്‍ ചേര്‍ന്ന് മനുഷ്യ ചങ്ങല തീര്‍ത്തു. ഹൈപ്പര്‍ സ്കെയിൽ ഡാറ്റാ കേന്ദ്രങ്ങൾ വലിയ തോതിൽ ചൂട് പുറത്തുവിടും. ധാരാളം ശുദ്ധ ജലവും വൈദ്യുതിയും ആവശ്യമാണ്. 420 kv വൈദ്യുതി ആവശ്യമാണ്. ഏകദേശം 190 ഡീസൽ ജനറേറ്ററുകൾ ഇതിനകത്ത് പ്രവര്‍ത്തിപ്പിക്കും. ഇത് സാധാരണക്കാരായ പ്രദേശവാസികളുടെ ഭാവി ജീവിതത്തെ തന്നെ ഭീഷണിയിലാക്കുന്നു.
"ഞങ്ങൾ ഡാറ്റാ സെന്ററിന് എതിരല്ല. എന്നാൽ നഗരമധ്യത്തിലും ജനവാസ മേഖലയിലും ഇത് സ്ഥാപിക്കുന്നതിനെയാണ് ഞങ്ങൾ എതിർക്കുന്നത്. ഇവിടെ സ്കൂളുകളും ആശുപത്രികളും തൊട്ടടുത്തുണ്ട്. ലൊക്കേഷൻ തെറ്റാണെന്ന് മാത്രമല്ല, അപകടകരവുമാണ്."
— അനുരാധ റോഡെ (പ്രദേശവാസി)
പ്രതിഷേധം ശക്തമായതോടെ ആശങ്കകൾ എല്ലാം പരിഹരിച്ചാണ് കേന്ദ്രം നിര്‍മ്മിക്കുന്നതെന്ന വിശദീകരണവുമായി ആമസോൺ രംഗത്തെത്തി. വെള്ളം ഉപയോഗിക്കാത്ത ശീതീകരണ സംവിധാനമാണ്. ചൂട് കളയാൻ പ്രത്യേക നിര്‍മ്മിതയാണ്. വൈദ്യുതി സ്വന്തമായ നിലയങ്ങൾ വഴിയാണ് ലഭ്യമാക്കുന്നത് എന്നിങ്ങനെയാണ് വിശദീകരണം.
സര്‍ക്കാര്‍ തിടുക്കം കാണിച്ചതെന്തിന്
പ്രതിഷേധം മഹാരാഷ്ട്ര സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി. ഇത്തരം ഒരു സെന്ററിന് എങ്ങിനെ ജനവാസ കേന്ദ്രത്തിൽ സ്ഥലവും അനുമതിയും ലഭിക്കാനിടയാക്കി എന്നാണ് ചോദ്യം. ഒരു ലക്ഷത്തിൽ അധികം ജനങ്ങൾ വസിക്കുന്ന മേഖലയാണ്. കൃത്യമായ പഠനത്തിന് മുതിര്‍ന്നില്ല. എന്നുമാത്രമല്ല സൈറ്റ് വിസിറ്റ് പോലും നടത്താൻ അധികാരികൾ തയാറായിരുന്നില്ലെന്ന് ജനങ്ങൾ ചൂണ്ടികാട്ടുന്നു. ഇക്കാര്യം കമ്പനി അധികൃതരോട് ചോദിച്ചപ്പോൾ അവര്‍ക്കും കൃത്യമായ വിശദീകരണം നൽകാനായില്ല. പ്രക്ഷോഭം ശക്തമാക്കാനാണ് ജനങ്ങളുടെ തീരുമാനം.









0 comments