ഡ്രൈവിങ് പരിശീലനത്തിനിടെ കാർ കുളത്തിലേക്ക് മറിഞ്ഞു; യുവതി മരിച്ചു

കുളത്തിലേക്ക് മറിഞ്ഞ കാർ (ഇടത്) സുമിത്ര ദാസ് (വലത്)| Photo :X
കൊൽക്കത്ത : ഡ്രെെവിംഗ് ടെസ്റ്റിന് മുന്നോടിയായി സ്വയം കാറെടുത്ത് പുറത്തിറങ്ങിയ യുവതിക്ക് ദാരുണാന്ത്യം. കൊൽക്കത്തയിലെ കെസ്റ്റോപുരിൽ സുമിത്ര ദാസ് (42) ആണ് മരിച്ചത്. സുമിത്ര ഓടിച്ച കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു.
നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് വീണ കാർ പൂർണ്ണമായും മുങ്ങി. പ്രദേശവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കാറിനുള്ളിൽ കുടുങ്ങിയ സുമിത്രയെ പുറത്തെടുത്തത്. കാറിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
ഈ മാസം 22നാണ് സുമിത്രയുടെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നിശ്ചയിച്ചിരുന്നത്. പരിശീലനത്തിനിടെ ബ്രേക്കിന് പകരം ആക്‌സിലറേറ്ററിൽ കാലമർത്തിയതാണ് കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് പതിക്കാൻ കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.









0 comments