'സ്വാതന്ത്ര്യം ഇല്ല, തടവുകാരിയുടെ ജീവിതം'; മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ ശ്വേതയുടെ മൊഴി

പ്രതികളായ കെന്നത്ത്, ശ്വേത (Photo: TOI)
ബംഗളൂരു: സ്വാതന്ത്ര്യം ഇല്ലാത്തതിനെ തുടർന്നാണ് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയതെന്ന് സോഫ്റ്റ് വെയർ എഞ്ചിനീയറായ ശ്വേതയുടെ മൊഴി. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപെട്ടത്. ബംഗളൂരുവിലെ കെആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫ്ലാറ്റിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പിന്നാലെ ദമ്പതികളുടെ മൂത്ത മകൾ ശ്വേത ഒളിവിൽ പോയി. കൊലപാതകത്തിൽ ശ്വേതയുടെ ലിവ് ഇൻ പങ്കാളിയായ കെന്നത്തിനും പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളും ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്വേത പിടിയിലായത്. പങ്കാളി കെന്നത്തിനെ കണ്ടെത്താനായില്ല. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമായി നടക്കുകയാണെന്ന് പൊലീസ് പറയുന്നു.
"അമ്മ ഞങ്ങൾക്ക് ഒരു സ്വാതന്ത്ര്യവും നൽകിയിട്ടില്ല. ഹൈസ്കൂൾ കാലം മുതൽ എഞ്ചിനീയറിംഗ് ബിരുദം നേടുന്നതു വരെ ഞാൻ ഒരു തടവുകാരിയുടെ ജീവിതമാണ് നയിച്ചത്. എൻറെ കൂട്ടുകാരും സഹപാഠികളും എന്നെ കളിയാക്കുകയോ എൻറെ അവസ്ഥ കണ്ട് വിഷമിക്കുകയോ ചെയ്യുമായിരുന്നു. മാതാപിതാക്കളും സഹോദരിയും ഉണ്ടായിട്ടും ഞാൻ ഒരു അനാഥയെപ്പോലെയാണ് ജീവിച്ചത്. എന്റെ അമ്മയുടെ കർശന മനോഭാവം എന്നിൽ വെറുപ്പ് നിറച്ചു"- ശ്വേത പൊലീസിന് മൊഴി നൽകി. മൂന്ന് പേർക്കും നേരെ കത്തി വീശിയത് താനാണെന്ന് ശ്വേത കുറ്റസമ്മതം നടത്തി. കഴിഞ്ഞ തിങ്കളാഴ്ച ശ്വേതയും കെന്നത്തും ഫ്ലാറ്റിൽ എത്തിയപ്പോൾ അമ്മ മുത്തുലക്ഷ്മി മാത്രമാണ് ഉണ്ടായിരുന്നത്.
അമ്മയും മകളും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ശ്വേതയും കെന്നത്തും അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുറത്തുപോയ പിതാവ് സോമസുന്ദറും സഹോദരി സുപ്രിയയും തിരിച്ചെത്തുന്നതിന് മുൻപ് പ്രതികൾ ബാത്റൂമിൽ കയറി രക്തക്കറ കഴുകിക്കളഞ്ഞു. സുപ്രിയ വീട്ടിൽ എത്തിയപ്പോൾ അവളെ ആദ്യം ആക്രമിച്ചു. പിന്നാലെ സോമസുന്ദറിന് നേരെയും കത്തി വീശി. ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹം വീടിന് പുറത്തേയ്ക്ക് ഇറങ്ങി ഓടി നിലവിളിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണപ്പെട്ടിരുന്നു. ഈ സമയം, മുൻവശത്തെ വാതിൽ ഉള്ളിൽ നിന്ന് പൂട്ടി ബാൽക്കണി വഴി ശ്വേതയും കെന്നത്തും രക്ഷപ്പെടുകയായിരുന്നു. പുതുച്ചേരിയിൽ നിന്നാണ് ശ്വേതയെ പിടികൂടിയത്.










0 comments