പൊലീസുകാരന്‍റെ വീടിനുനേരെ ബോംബേറ്: ആർഎസ്‌എസുകാരനായ പ്രതിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

തലശേരി: കണ്ണവം സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചെറുവാഞ്ചേരി പൂവത്തൂരിലെ യു പി അർജുന്റെ വീടിന് ബോംബെറിഞ്ഞ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ മൂന്നാംതവണയും ജില്ലാ സെഷൻസ് കോടതി തള്ളി. ആർഎസ്‌എസുകാരനായ മാനന്തേരി ചുണ്ടയിൽ പള്ളിയത്ത്‌ഞാലിൽ ഹൗസിൽ അമൽരാജിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 11 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയാണ് പ്രതിയെന്നും കാപ്പക്കേസിൽ ജയിലിൽ കിടക്കുമ്പോണ് ബോംബേറിയാൻ നിർദേശം നൽകിയതെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂട്ടർ കെ അജിത്ത്‌കുമാറിന്റെ വാദം കോടതി പരിഗണിച്ചു.
മാർച്ച് 19ന് പുലർച്ചെ 12.15നാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കൂടിയായ അർജുന്റെ വീടിന് ബോംബെറിഞ്ഞത്. വീടിന്റെ മുൻഭാഗത്തെ വാതിലിന് നേരെയാണ് അക്രമികൾ സ്‌റ്റീൽ ബോംബെറിഞ്ഞത്. അർജുനെയും കുടുംബത്തെയും വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് മാരക സ്‌ഫോടക ശേഷിയുള്ള ബോംബ് എറിഞ്ഞത്. ബോംബ് പൊട്ടാത്തതിനാൽ വൻദുരന്തമാണ് ഒഴിവായത്. സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസുകാരന്റെ റിപ്പോർട്ട് പ്രകാരമാണ് കാപ്പകേസിൽ ഉൾപ്പെടുത്തിയെന്ന് തെറ്റിദ്ധരിച്ചാണ് വിയ്യൂർ ജയിലിൽ കഴിയുമ്പോൾ അമൽരാജ് അക്രമത്തിന് നിർദേശം നൽകിയത്.
ബൈക്കിലെത്തി ബോംബെറിഞ്ഞ കോളയാട് സ്വദേശി കെ രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി ജിതിൻ എന്നിവരെ പിടികൂടിയപ്പോൾ അമൽരാജിന്റെ പങ്ക് വെളിപ്പെടുകയായിരുന്നു. വിയ്യൂർ ജയിലിലെ ഫോൺ റെക്കോഡ് സംവിധാനമടക്കം അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഏപ്രിൽ 6നാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയിൽ ജാമ്യഹർജി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.










0 comments