ad
Deshabhimani

തൊഴിൽ വാ​​ഗ്ദാനം നടത്തി ലക്ഷങ്ങൾ തട്ടിയെന്ന പരാതി; കണ്ണൂരില്‍ കോൺ​ഗ്രസ് നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു

Congress leader
വെബ് ഡെസ്ക്

Published on Jun 25, 2026, 02:55 PM | 2 min read

കണ്ണൂർ: കണ്ണൂര്‍ കോർപറേഷനിൽ ഉൾപ്പടെ തൊഴിൽ വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയില്‍ ആരോപണം നേരിടുന്ന കോൺ​ഗ്രസ് നേതാവ് ആത്മ​ഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് രാവിലെയാണ് കക്കാട് മണ്ഡലം സെക്രട്ടറി ടി പി മുരളീധരനെ അത്താഴക്കുന്നിലെ ക്വാർട്ടേഴ്സിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോ​ഗ്യനില ​ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം.


കണ്ണൂർ കോർപറേഷനിലും കോൺഗ്രസ്‌ ഭരണത്തിയുള്ള സഹകരണ ബാങ്കിലും ജോലി വാഗ്ദാനംചെയ്‌ത്‌ ലക്ഷങ്ങൾ വാങ്ങിയെന്ന്‌ മുരളീധരനെതിരെ ഉയർന്ന പരാതി. ജോലി കിട്ടാതായതോടെ പണം തിരിച്ചുചോദിച്ചപ്പോൾ കണ്ണൂർ ഡിസിസിയുടേതായി സീലും മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്‌റ്റാഫ്‌ ചന്ദ്രൻ തില്ലങ്കേരിയുടേതായി ഒപ്പുമുള്ള ‘ഉറപ്പ്‌’ കത്ത്‌ നൽകിയെന്നും പണം നഷ്ടമായവർ ആരോപിച്ചിരുന്നു അത്താഴക്കുന്ന്‌, തളിപ്പറമ്പ് സ്വദേശികളാണ്‌ തട്ടിപ്പിനിരയായത്‌. അഞ്ചുപേരിൽ നിന്നായി 10 ലക്ഷം രൂപയോളം തട്ടിയെടുത്തതായാണ് ആരോപണം.


കോൺഗ്രസ്‌ കക്കാട്‌ മണ്ഡലം സെക്രട്ടറി മുരളിയാണ്‌ ഒപ്പും സീലുമുള്ള ‘അപ്പോയ്‌മെന്റ്‌ ലെറ്റർ’ നൽകിയതെന്ന്‌ തട്ടിപ്പിനിരയായവർ പറയുന്നു. വിവരം പുറത്തറിഞ്ഞതോടെ, അടുത്ത ഞായറാഴ്‌ച പണം തിരിച്ചുനൽകുമെന്ന്‌ ഉറപ്പുനൽകിയിരുന്നു. 2026 മെയ്‌ 25 എന്നാണ്‌ മുരളി നൽകിയ ഒരു കത്തിലുള്ള തീയതി. നിയമനം തിരക്കിട്ട്‌ നൽകാനാകില്ലെന്നും അൽപ്പം കാത്തിരിക്കണമെന്നും കത്തിലുണ്ട്‌. കോർപറേഷനിൽ ഉടൻ നിയമനം ലഭിക്കുമെന്നുപറഞ്ഞ്‌, പണം നൽകിയ ഒരാൾക്ക്‌ യൂണിഫോം അയച്ചുകൊടുത്തതായും പരാതിക്കാർ പറയുന്നു. ഒന്നരലക്ഷവും അതിലധികവും തുക നൽകിയവരുണ്ട്‌. ഒരുവർഷംമുമ്പാണ്‌ പണം നൽകിയത്‌.


സ്വീപ്പർ തസ്‌തികയിൽ ഒഴിവുവരുന്ന മുറയ്‌ക്ക്‌ ജോലിക്ക്‌ കയറാമെന്നായിരുന്നു വാഗ്‌ദാനം. ജോലി കിട്ടാതായതോടെ പണം തിരിച്ചുചോദിച്ചപ്പോഴാണ്‌ ഡിസിസിയുടെ സീലും ചന്ദ്രൻ തില്ലങ്കേരിയുടെ ഒപ്പുമുള്ള കത്തിലൂടെ ഉറപ്പുനൽകിയത്‌. ‘താങ്കളുടെ അപ്പോയ്‌മെന്റ്‌ ഓകെ ആയി. ഇത്‌ ഒരു അറിയിപ്പായി കരുതുക’ എന്നിങ്ങനെയാണ്‌ മറ്റൊരു കത്തിലുള്ളത്‌. ‘കോർപറേഷനുമായി ബന്ധപ്പടുക, യൂണിയനുമായി ബന്ധപ്പെടുക’ എന്നും ചില കത്തിലുണ്ട്‌. വായ്‌പയെടുത്തും സ്വർണം പണയപ്പെടുത്തിയുമായാണ്‌ പലരും പണം കൈമാറിയത്‌. പണം തിരിച്ചുകിട്ടുമെങ്കിൽ കേസിനോ, പുറത്തുപറയാനോ പണം നഷ്ടമായവർക്ക്‌ താൽപ്പര്യമില്ല. അതേസമയം, ഒപ്പും സീലും വ്യാജമാണെങ്കിൽ കണ്ണൂർ ഡിസിസിയോ ചന്ദ്രൻ തില്ലങ്കേരിയോ പൊലീസിൽ പരാതി നൽകുമോയെന്നും അറിയേണ്ടതുണ്ട്‌. അങ്ങനെയെങ്കിൽ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിക്കെതിരെ വഞ്ചനക്കേസ്‌ വരും. ഈ കേസ് നിലനിൽക്കെയാണ് ആരോപണവിധേയനായ കോൺ​ഗ്രസ് നേതാവ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home