തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അക്രമം; എൽഡിഎഫ് കൗൺസിലർമാർക്ക് പരിക്ക്; മേയറുടെ നേതൃത്വത്തിൽ കയ്യേറ്റം

തിരുവനന്തപുരം: കാപ്പ കേസ് ചുമത്തി അറസ്റ്റ് ചെയ്ത ബിജെപി കൗൺസിലർ ആർ സുഗതനെതിരെയുള്ള എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധത്തിൽ അക്രമം അഴിച്ചുവിട്ട് ബിജെപി. കഴിഞ്ഞദിവസമാണ് മറ്റു ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത്.
സത്യപ്രതിജ്ഞ റദ്ദാക്കിയ കൗൺസിലർമാരുടെ കൂട്ടത്തിൽ കാപ്പ കേസ് പ്രതിയായ ആർ സുഗതാനുമുണ്ട്. ഇവർ നാലാഴ്ചയ്ക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കോടതി ഉത്തരവ്. എന്നാൽ ഉത്തരവ് പുറത്തുവന്ന ഇന്നലെ (24/06/2026) വൈകുന്നേരം തന്നെ ആരെയും അറിയിക്കാതെ മേയറും ബിജെപി അംഗങ്ങളും ചേർന്ന് രഹസ്യമായി ഇവരുടെ സത്യപ്രതിജ്ഞ നടത്തുകയായിരുന്നു.
ഇതിൽ സുഗതൻ പങ്കെടുത്തിട്ടുമില്ല. ഇത്തരത്തിൽ ജനാധിപത്യവിരുദ്ധമായ കൗൺസിലർമാരെ പോലും അറിയിക്കാതെ ബിജെപി ഭരണസമിതി നടത്തിയ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ എൽഡിഎഫ് കൗൺസിലർമാർ ഇന്ന് മേയർ ഓഫീസിൽ ഉപരോധിച്ചു.
മേയർ ഓഫീസിനു മുന്നിൽ സമാധാനപരമായി സമരം നടത്തുകയായിരുന്ന കൗൺസിലർമാർക്കിടയിലേക്ക് മേയർ മറ്റു ബിജെപി കൗൺസിലർമാരോടൊപ്പം ഇടിച്ചുകയറി അക്രമം അഴിച്ചുവിടുകയായിരുന്നു. മേയറുടെ നേതൃത്വത്തിൽ ബിജെപി കൗൺസിലർമാർ നടത്തിയ ആക്രമണത്തിൽ മൂന്ന് എൽഡിഎഫ് കൗൺസിലർമാർക്ക് പരിക്കേറ്റു.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുൻകൂട്ടി തീരുമാനിച്ച് ബിജെപി അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി സെക്രട്ടറി എസ് പി ദീപക് പറഞ്ഞു. ജനാധിപത്യ വിരുദ്ധമായി ആർഎസ്എസ് അജണ്ട നടപ്പാക്കുന്നതരത്തിലാണ് നിലവിൽ കോർപറേഷന്റെ നടത്തിപ്പ്. ഈ ധാർഷ്ട്യത്തിനെതിരെ വരും ദിവസങ്ങളിലും പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.










0 comments