പൊലീസ് ജീപ്പിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പൊലീസ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്

പ്രതീകാത്മക ചിത്രം
തൃശൂർ: ആളൂരിൽ പൊലീസ് ജീപ്പിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. ജീപ്പ് ഓടിച്ചിരുന്നത് അമിതവേഗതയിലും അശ്രദ്ധയിലുമായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഡ്രൈവർ ശ്രീജിത്തിന്റെ പേരിൽ നരഹത്യക്ക് കേസെടുത്തത്. ആളൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജൂൺ 15-ന് 11.35-ഓടെയായിരുന്നു അപകടം. ഔദ്യോഗിക ആവശ്യത്തിനല്ല വാഹനം ഉപയോഗിച്ചതെന്നും വിവരമുണ്ട്. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികളെ അമിതവേഗതയിലെത്തിയ പൊലീസ് ജീപ്പ് ഇടിച്ചിടുകയായിരുന്നു.
ആളൂർ സ്വദേശി പീണിക്കപറമ്പിൽ ജുവിനാ (16)ണ് മരിച്ചത്. ഒരാഴ്ചയോളം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് ജുവിൻ മരണത്തിന് കീഴടങ്ങിയത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന തയ്യിൽ അനന്തകൃഷ്ണൻ(18) ചികിത്സയിലാണ്. നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടർ വലത്തോട്ട് തിരിയുന്നതിനിടെ പിന്നാലെത്തിയ തൃശൂർ റൂറൽ എസിപിയുടെ ഡാൻസാഫ് സ്ക്വാഡിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥികളുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.
ഹെൽമറ്റ് നിർബന്ധമില്ലാത്ത വിഭാഗത്തിൽപ്പെട്ട ഇലക്ട്രിക് സ്കൂട്ടറിലായിരുന്നു വിദ്യാർഥികളുടെ യാത്ര. അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണത്തിലേയ്ക്ക് നയിച്ചതെന്ന ആക്ഷേപം ശക്തമാണ്. പരിക്കേറ്റ് റോഡിൽ കിടന്ന കുട്ടികളെ 15 മിനിറ്റ് കഴിഞ്ഞാണ് സ്വകാര്യവാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്. ചോരയിൽ കുളിച്ചുകിടന്ന കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയ്യാറായില്ലെന്നും തൊട്ടടുത്ത് ആശുപത്രിയുണ്ടായിട്ടും 15 മിനിറ്റിലേറെ രക്തം വാർന്ന് കുട്ടികൾ തെരുവിൽ കിടന്നുവെന്നും പരാതിയുണ്ട്. അപകടത്തിൽ മരിച്ച ജുവിനിന്റെ കണ്ണുകൾ ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനംചെയ്തു.









0 comments