ബിഇഎംഎൽ: 360 ഒഴിവ്

പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎൽ ലിമിറ്റഡ് (BEML Limited) നോൺ-എക്സിക്യൂട്ടീവ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ടെന്യൂർ അടിസ്ഥാനത്തിലുള്ള ഓപ്പറേറ്റർ തസ്തികയിലേക്ക് 360 ഒഴിവാണുള്ളത്. ഐടിഐ ഫിറ്റർ (127), ഐടിഐ ടേണർ (93), ഐടിഐ വെൽഡർ (44), ഐടിഐ മെഷീനിസ്റ്റ് (40), ഐടിഐ ഇലക്ട്രീഷ്യൻ (58) എന്നിങ്ങനെയാണ് വിവിധ ട്രേഡുകളിലെ ഒഴിവുകൾ. പരമാവധി നാല് വർഷത്തേക്കായിരിക്കും നിയമനം. ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഐടിഐ (NTC) വിജയിച്ചവർക്കും ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിങ് (DGT) നൽകിയ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC) ഉള്ളവർക്കും അപേക്ഷിക്കാം. എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗക്കാർക്ക് മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്. ജനറൽ/ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 29, ഒബിസി 32, എസ്‌സി/എസ്ടി 34 എന്നിങ്ങനെയാണ് ഉയർന്ന പ്രായപരിധി. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. ഉദ്യോഗാർഥികളെ ബിഇഎംഎല്ലിന്റെ നിലവിലുള്ളതോ വരാനിരിക്കുന്നതോ ആയ ഏത് മാനുഫാക്ചറിങ് യൂണിറ്റുകളിലോ ബിസിനസ്സ് കേന്ദ്രങ്ങളിലോ ആയിരിക്കും നിയമിക്കുക. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇതിൽ ജനറൽ അവയർനസ്, ഇംഗ്ലീഷ് ആൻഡ് റീസണിങ്, ബന്ധപ്പെട്ട ട്രേഡ് വിഷയം എന്നിവയിൽനിന്നായി 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 200 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ഇല്ല. www.bemlindia.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 10.










0 comments