എസ്ബിഐയിൽ 1500 പ്രൊബേഷണറി ഓഫീസർ

പ്രൊബേഷണറി ഓഫീസർ ഒഴിവുകളിലേക്കും സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകളിലേക്കും എസ്‌ബിഐ വിജ്ഞാപനം. പ്രൊബേഷണറി ഓഫീസർ തസ്തികയിൽ ആകെ 1500 ഒഴിവാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ബാങ്കിന്റെ ഇന്ത്യയിലുടനീളമുള്ള ഏത് ശാഖയിലും നിയമനം ലഭിക്കാം. കരാർ അടിസ്ഥാനത്തിലുള്ള സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ വിഭാഗത്തിൽ അഞ്ച് ഒഴിവാണുള്ളത്. ഡിഫൻസ് ബാങ്കിങ് അഡ്വൈസർ (നേവി)-–1 ഒഴിവ്, അഡ്വൈസർ (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്)–1 ഒഴിവ് എന്നിവയിലേക്ക് ഡൽഹി കേന്ദ്രമാക്കിയാണ് നിയമനം. സർക്കിൾ ഡിഫൻസ് ബാങ്കിങ് അഡ്വൈസർ തസ്തികയിൽ കൊൽക്കത്ത, ലഖ്നൗ, പുണെ സർക്കിളുകളിലായി 3 ഒഴിവുണ്ട്. രണ്ട് വിജ്ഞാപനങ്ങളിലെയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 08. പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധി 21 – 30. നിയമാനുസൃത ഇളവ് ലഭിക്കും. സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകൾ വിരമിച്ച സൈനിക ഉദ്യോഗസ്ഥർക്കായി മാറ്റിവച്ചതാണ്. നേവിയിൽനിന്ന് വൈസ് അഡ്മിറൽ/റിയർ അഡ്മിറൽ റാങ്കിലോ, സിഎപിഎഫിൽ (CAPF) ഡയറക്ടർ ജനറൽ റാങ്കിലോ സൈന്യത്തിൽ മേജർ ജനറൽ/ബ്രിഗേഡിയർ റാങ്കിലോ വിരമിച്ചവർക്കാണ് അവസരം. 2026 മെയ് 31 അടിസ്ഥാനമാക്കി ആദ്യ രണ്ട് തസ്തികകൾക്ക് 62ഉം സർക്കിൾ അഡ്വൈസർക്ക് 60ഉം ആണ് പ്രായപരിധി. പിഒ തസ്തികയിലേക്ക് മൂന്ന് ഘട്ടങ്ങളായുള്ള പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷ ആഗസ്‌തിലും മെയിൻ പരീക്ഷ സെപ്‌തംബറിലും നടക്കും. തുടർന്ന് അഭിമുഖം ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. മെയിൻ പരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളാണ് കേന്ദ്രങ്ങൾ. സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയോ പരീക്ഷാകേന്ദ്രങ്ങളോ ഇല്ല. അപേക്ഷകരെ ബാങ്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്തശേഷം നേരിട്ടുള്ള അഭിമുഖത്തിന്റെ (100 മാർക്ക്) അടിസ്ഥാനത്തിലായിരിക്കും നിയമനം രണ്ട് വിജ്ഞാപനങ്ങൾക്കും ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 750 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല. വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും sbi.bank.in കാണുക.










0 comments