ad
Deshabhimani

പിൻവാതിൽ നടപടി വേണ്ട; മദ്യനികുതിയിളവ് സംശയാസ്പദം, കരിമണൽ ഖനനത്തിലും അവ്യക്തത; തുറന്നടിച്ച് സുധീരൻ

V M Sudheeran

വി എം സുധീരൻ

വെബ് ഡെസ്ക്

Published on Jun 25, 2026, 11:44 AM | 1 min read

തൃശൂർ: മദ്യനികുതിയിളവിലും കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തതിലും യുഡിഎഫ് സർക്കാരിനെതിരെ തുറന്നടിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ. വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ യുഡിഎഫ് സർക്കാരിന്റെ നടപടി സംശസാപ്ദമാണെന്നും ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും സുധീരൻ പറ‍ഞ്ഞു. മദ്യവ്യാപനത്തിന് അവസരമൊരുക്കുന്ന തീരുമാനമാണ് ബജറ്റിലുണ്ടായത്. മുന്നണിക്കുള്ളിലും കോൺ​ഗ്രസിലും മദ്യനയം നേരത്തെ ചർച്ചചെയ്യണമായിരുന്നു. സർക്കാർ ജനങ്ങളോട് കാര്യങ്ങൾ തുറന്നുപറയണമെന്നും പിൻവാതിൽ നടപടികളുണ്ടാകരുതെന്നും സുധീരൻ ആവശ്യപ്പെട്ടു.


യുഡിഎഫ് വിശദമായി ചർച്ചചെയ്തതിന് ശേഷം മദ്യനയം കൊണ്ടുവരുമെന്നുമാണ് തീരുമാനിച്ചിരുന്നത്. ഇക്കാര്യം നേരത്തേതന്നെ മുഖ്യമന്ത്രിയോടും എക്സൈസ് മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചർച്ചയുണ്ടായില്ല. നികുതിയിളവ് സംബന്ധിച്ച തീരുമാനം ഇത്രയേറെ വിവാദമായ സാഹചര്യത്തിൽ ഈ നിയമസഭാ സമ്മേളനത്തിൽതന്നെ വിശദീകരണം നൽകിയിരുന്നെങ്കിൽ നന്നാകുമായിരുന്നു. ഈ വിഷയത്തിൽ സമൂഹത്തിൽ ഉയർന്നുവന്നിട്ടുള്ള സംശയങ്ങളും ആശങ്കകളുമൊക്കെ അതേപടി നിലനിൽക്കുകയാണ്. ബജറ്റ് പാസാക്കുന്നതിന് മുൻപേ തിരുത്തൽ നടപടിയെടുക്കണമെന്നും നികുതിയിളവ് നിർദേശം ഒഴിവാക്കണമെന്നും സുധീരൻ പറഞ്ഞു.


കരിമണൽ ഖനനത്തിലും അവ്യക്തത നിലൽക്കുന്നുണ്ടെന്ന് സുധീരൻ പറഞ്ഞു. ഖനനത്തിന്റെ ​ഗുണഭോക്താവ് കരിമണൽ കർത്തയാണ്. ആലപ്പുഴ തീരത്തെ ധാതുസമ്പത്തിനെ നോട്ടമിട്ടുകൊണ്ട് അദാനിയെപ്പോലുള്ളവർ രം​ഗത്തുണ്ട്. ഇതിൽ ജനങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. ആലപ്പുഴ തീരത്ത് ഒരുതരത്തിലുള്ള ഖനനവും അനുവദിക്കില്ലെന്ന് സർക്കാർ പ്രഖ്യാപിക്കണം. മോദിസർക്കാരിന്റെ ചുവടുപിടിച്ച് അദാനിമാർക്ക് അനുമതി നൽകരുത്. പാളിച്ചകൾ തീരുത്തിവേണം സർക്കാർ മുന്നോട്ടുപോകാനെന്നും സുധീരൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home