അപരിചിത നമ്പറുകളിൽ നിന്ന് മെസേജ് വന്നോ? പേടിക്കേണ്ട, പുതിയ പൂട്ടുമായി വാട്‌സ്ആപ്പ്

പ്രതീകാത്മക ചിത്രം
ഓൺലൈൻ തട്ടിപ്പുകാർക്ക് കടുത്ത പ്രഹരമേകാൻ പുതിയ സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ് രംഗത്ത്. അപരിചിത നമ്പറുകളിൽ നിന്നുള്ള സ്പാം സന്ദേശങ്ങളും സൈബർ തട്ടിപ്പുകളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയൊരുക്കാൻ വാട്‌സ്ആപ്പ് പുതിയ സംവിധാനം പരീക്ഷിക്കുന്നത്.
ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ വരുമ്പോൾ, ഉപയോക്താക്കൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകുന്ന ഫീച്ചറാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രശസ്ത ഫീച്ചർ ട്രാക്കറായ 'വാബീറ്റ ഇൻഫോ' ആണ് ഈ വിവരം പുറത്തുവിട്ടത്. പുതിയ അപ്‌ഡേറ്റ് പ്രകാരം, നിങ്ങളെ തേടി ഒരു അജ്ഞാത സന്ദേശം എത്തിയാൽ ആ ചാറ്റ് തുറക്കുന്നതിന് മുൻപ് തന്നെ വാട്‌സ്ആപ്പ് ഒരു സുരക്ഷാ മുന്നറിയിപ്പ് വിൻഡോ കാണിക്കും.
ഇതിൽ, സന്ദേശം വന്ന ഫോൺ നമ്പർ ഏത് രാജ്യത്ത് രജിസ്റ്റർ ചെയ്തതാണെന്ന വിവരം, സന്ദേശം അയച്ച വ്യക്തിയും നിങ്ങളും ഒരുമിച്ച് ഏതെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങളാണോ എന്ന കാര്യം, വ്യക്തിഗത വിവരങ്ങളോ, പാസ്‌വേഡുകളോ തട്ടിയെടുക്കാനും പണം കൈക്കലാക്കാനും തട്ടിപ്പുകാർ ശ്രമിച്ചേക്കാം എന്ന തരത്തിലുള്ള വ്യക്തമായ മുന്നറിയിപ്പ് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടും.
മുന്നറിയിപ്പ് ലഭിച്ച ശേഷം ആ ചാറ്റ് തുടരണോ അതോ ഒഴിവാക്കണോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം. നിങ്ങൾ ചാറ്റ് വേണ്ടെന്നു വെച്ചാൽ ആ വിവരം സന്ദേശം അയച്ചയാൾക്ക് അറിയാൻ സാധിക്കില്ല എന്നത് ഇതിന്റെ വലിയൊരു സവിശേഷതയാണ്. വ്യാജ തൊഴിൽ വാഗ്ദാനങ്ങളും നിക്ഷേപ തട്ടിപ്പുകളും തടയാൻ ഈ ഫീച്ചർ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇതോടൊപ്പം ഹോം സ്‌ക്രീനിൽ നിന്ന് തന്നെ നേരിട്ട് വോയ്‌സ് നോട്ടുകൾ അയക്കാനുള്ള സംവിധാനം, ഐഫോൺ ഉപയോക്താക്കൾക്കായി, ഒരു തവണ മാത്രം വായിക്കാൻ കഴിയുന്ന ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാനുള്ള ഫീച്ചർ തുടങ്ങിയ പ്രധാന ഫീച്ചറുകളും മെറ്റ പരീക്ഷിക്കുന്നുണ്ട്.










0 comments