ബിഗ് സ്‌ക്രീനിൽ ഫുട്ബോൾ കാണാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; യുവാവ് കാറിടിച്ച് മരിച്ചു

പ്രതീകാത്മക ചിത്രം
കൊച്ചി: മരടിൽ ബിഗ് സ്‌ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. മരട് അയിനി ക്ഷേത്രത്തിന് സമീപം കച്ചേരിപ്പറമ്പ് ലെയിനിൽ ദേവി കൃപയിൽ ബാലസുബ്രഹ്മണ്യന്റെ മകൻ ബി ആകാശ് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ മരട് ഫോറം മാളിന് മുന്നിലായിരുന്നു അപകടം.
പ്രദേശത്ത് സജ്ജീകരിച്ചിരുന്ന ബിഗ് സ്‌ക്രീനിൽ ഫുട്ബോൾ കളി കാണാനായി പോവുകയായിരുന്നു ആകാശ്. ഇതിനിടെ കുണ്ടന്നൂർ ഭാഗത്തുനിന്ന് വൈറ്റിലയിലേക്ക് വരികയായിരുന്ന കാർ യുവാവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ തന്നെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഫോറം മാളിന് മുന്നിലായിരുന്നു അപകടം നടന്നത്.
മാതാവ്: രാജി. സഹോദരി: അക്ഷയ. മരടിലെ സജീവ സാന്നിധ്യമായിരുന്ന യുവാവിന്റെ അപ്രതീക്ഷിത വേർപാട് നാടിനെ കണ്ണീരിലാഴ്ത്തി. സംഭവത്തിൽ മരട് പൊലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.









0 comments