ad
Deshabhimani

ഫൈനലിൽ ഹാട്രിക്ക് അടിക്കാൻ മെസി; ചരിത്ര റെക്കോഡിനൊപ്പം ബ്രസീൽ ഇതിഹാസം മാത്രം

messi.jpg
വെബ് ഡെസ്ക്

Published on Jul 16, 2026, 01:51 PM | 1 min read

അറ്റ്‌ലാന്റ: ലോകകപ്പ്‌ ഫുട്‌ബോൾ ഫൈനലിന് ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ വിസിൽ മുഴങ്ങുമ്പോൾ, ലയണൽ മെസി തന്റെ കരിയറിലെ മറ്റൊരു സുവർണ്ണ അധ്യായം കൂടി രചിക്കുകയാണ്. കഴിഞ്ഞ നാല്‌ ലോകകപ്പിനിടെ മൂന്നാം ഫൈനലിനാണ് മെസി ഇറങ്ങുന്നത്. ഇതോടെ മൂന്ന് ലോകകപ്പ് ഫൈനൽ കളിക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരമായി അർജന്റീനൻ ക്യാപ്റ്റൻ മാറും. രണ്ട് പതിറ്റാണ്ടുകളായി ബ്രസീലിയൻ ഇതിഹാസതാരം കഫുവിന് മാത്രം സ്വന്തമായിരുന്ന നേട്ടമാണ് മെസിയും കൈവരിക്കുന്നത്.


2014ലാണ് മെസി ആദ്യമായി ലോകകപ്പ് ഫൈനലിൽ എത്തിയത്. ബ്രസീലിൽ നടന്ന ലോകകപ്പിൽ ജർമനിയോട് അധികസമയത്ത് തോറ്റ് മടങ്ങി. എന്നാൽ 2014 ഫൈനലിൽ വീണ കണ്ണീർ 2022ൽ പുഞ്ചിരിയായി മാറി. ഫ്രാൻസിനെ ഷൂട്ട‍ൗട്ടിൽ തോൽപ്പിച്ചായിരുന്നു കിരീട നേട്ടം. ഖത്തറിൽ മെസിയായിരുന്നു അർജന്റീനയെ ലോകകിരീടത്തിലേക്ക്‌ നയിച്ചത്‌. ഏഴ്‌ ഗോൾ നേടി. മൂന്ന്‌ അവസരങ്ങളൊരുക്കി. 2014ലും 2022ലും മികച്ച താരത്തിനുള്ള സുവർണപന്ത്‌ സ്വന്തമാക്കി. 2026ലെ ലോകകപ്പിലെ ​ഗോൾഡൻ ബൂട്ട് റെയ്സിൽ ഒന്നാമതാണ് താരം.


ബ്രസീലിനായി 1994, 1998, 2002 ഫൈനലുകളിലാണ് കഫു കളത്തിലിറങ്ങിയത്. 94ലെ ടീമിനൊപ്പം കിരീടം നേടി. 98ൽ ഫൈനലിൽ ഫ്രാൻസിനോട് തോറ്റു മടങ്ങി. 2002 ടീമിന്റെ ക്യാപ്റ്റനായി ബ്രസീലിന് കിരീടവും നേടി കൊടുത്തു. ജർമനിയെ വീഴ്ത്തിയായിരുന്നു കിരീടം. പിന്നീട് ഒരിക്കലും ബ്രസീൽ ഫൈനലിൽ പ്രവേശിച്ചിട്ടില്ല.


മൂന്നാം ലോകകപ്പിനിറങ്ങുമ്പോൾ കഫുവിന് 32 വയസായിരുന്നു പ്രായം. ഞായറാഴ്ച ഫൈനലിനിറങ്ങുന്ന മെസിക്ക് 39 വയസുണ്ട്. ഫൈനലിൽ അർജന്റീന വിജയിക്കുകയാണെങ്കിൽ മൂന്ന് ഫൈനലുകളിൽ കളിച്ചുവെന്ന കഫുവിന്റെ റെക്കോഡിനൊപ്പം ഒപ്പത്തിനൊപ്പമെത്തിക്കുകയല്ല, രണ്ട് ലോകകപ്പ് മെഡലുകൾ സ്വന്തമാക്കി മെസി ആ റെക്കോർഡിനെ മറികടക്കുകയും ചെയ്യും.


ഞായറാഴ്ച രാത്രി 12.30നാണ്‌ അർജന്റീന–സ്‌പെയ്‌ൻ കലാശപ്പോരാട്ടം. ഇതാദ്യമായാണ്‌ ഇരുടീമുകളും കിരീടപ്പോരിന്‌ ഒരുങ്ങുന്നത്‌. 1978ലും 1986ലും 2022 ലും ചാമ്പ്യൻമാരായ അർജന്റീന നാലാം കിരീടമാണ് ലക്ഷ്യം വെക്കുന്നത്. സ്‌പെയ്‌നിന്റെ രണ്ടാം ഫൈനലാണ്‌. 2010ൽ നെതർലൻഡ്‌സിനെ വീഴ്‌ത്തി ജേതാക്കളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home