'സൂപ്പർ 7 മുതൽ എലിമിനേറ്റർ വരെ'; ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ വമ്പൻ മാറ്റങ്ങളുമായി ഐസിസി

ടീം ഇന്ത്യ | Photo:X
എഡിൻബർഗ് : ക്രിക്കറ്റ് ലോകകപ്പുകളുടെ ആവേശം വർധിപ്പിക്കുന്നതിനായി ടൂർണമെന്റ് ഘടനയിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഐസിസി. 2027ലെ പുരുഷ ഏകദിന ലോകകപ്പിൽ നിലവിലെ ഗ്രൂപ്പ് ഘട്ടത്തിന് പകരം 'സൂപ്പർ 7' രീതിയും, 2028ലെ ട്വന്റി20 ലോകകപ്പിൽ ഐപിഎൽ മാതൃകയിലുള്ള എലിമിനേറ്റർ മത്സരങ്ങളും ഉൾപ്പെടുത്തുമെന്ന് ഐസിസി അറിയിച്ചു.
എഡിൻബർഗിൽ ചേർന്ന ഐസിസിയുടെ വാർഷിക യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ലോകകപ്പിന്റെ തുടക്കം മുതൽ അവസാനം വരെ കടുത്ത മത്സരാവേശം നിലനിർത്തുകയും, ഏകപക്ഷീയമായ മത്സരങ്ങൾ കുറയ്ക്കുകയുമാണ് പുതിയ പരിഷ്കാരങ്ങളുടെ ലക്ഷ്യം.
2027 ഏകദിന ലോകകപ്പിൽ പുതിയ ഫോർമാറ്റ്
ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2027 ഏകദിന ലോകകപ്പിൽ 14 ടീമുകളാണ് പങ്കെടുക്കുക. പഴയ ഗ്രൂപ്പ് ഘട്ട രീതിക്ക് പകരം നാല് ഘട്ടങ്ങളിലായുള്ള മത്സരക്രമമാണ് നടപ്പിലാക്കുന്നത്. ഏറ്റവും കുറഞ്ഞ റാങ്കിലുള്ള മൂന്ന് ടീമുകൾ പ്രധാന ടൂർണമെന്റിന് മുമ്പ് പരസ്പരം മത്സരിക്കും. ഇതിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് മാത്രമേ 11 മുൻനിര ടീമുകൾക്കൊപ്പം ലോകകപ്പിന്റെ പ്രധാന ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കൂ. മറ്റ് രണ്ട് ടീമുകൾ പുറത്താകും.
തുടർന്ന് 12 ടീമുകളെ ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് സ്ഥാനക്കാർ അടുത്ത ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടും. ശേഷിക്കുന്ന ഒരു സ്ഥാനത്തേക്ക് രണ്ട് ഗ്രൂപ്പുകളിലെയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമിന് അവസരം ലഭിക്കും. ഇതോടെ യോഗ്യത നേടുന്ന ഏഴ് ടീമുകളെ ഉൾപ്പെടുത്തി 'സൂപ്പർ 7' ലീഗ് ഘട്ടം രൂപീകരിക്കും. റൗണ്ട് റോബിൻ രീതിയിൽ നടക്കുന്ന ഈ ഘട്ടത്തിലെ ആദ്യ നാല് സ്ഥാനക്കാർ സെമിഫൈനലിലേക്ക് മുന്നേറും.
2028 ട്വന്റി20 ലോകകപ്പിൽ 'സൂപ്പർ 10' ഘട്ടവും എലിമിനേറ്റർ പോരാട്ടങ്ങളും
2028ലെ ട്വന്റി20 ലോകകപ്പിൽ 20 ടീമുകളുടെ പങ്കാളിത്തം തുടരും. എന്നാൽ നിലവിലെ സൂപ്പർ 8 ഘട്ടത്തിന് പകരം 'സൂപ്പർ 10' ഘട്ടമാണ് അവതരിപ്പിക്കുന്നത്. നിലവിലെ അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകൾക്ക് പകരം നാല് ടീമുകൾ വീതമുള്ള അഞ്ച് ഗ്രൂപ്പുകളായിരിക്കും ഉണ്ടാകുക. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളുടെ എണ്ണം 40ൽ നിന്ന് 30 ആയി കുറയും.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. യോഗ്യത നേടിയ 10 ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഇതിലൂടെ അസോസിയേറ്റ് രാജ്യങ്ങൾക്കും കൂടുതൽ മികച്ച ടീമുകൾക്കെതിരെ മത്സരിക്കാൻ അവസരം ലഭിക്കും. രണ്ട് സൂപ്പർ ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാർ നേരിട്ട് സെമിഫൈനലിലെത്തും. ശേഷിക്കുന്ന രണ്ട് സെമി സ്ഥാനങ്ങൾക്കായി പ്ലേ ഓഫ് മത്സരങ്ങളായ എലിമിനേറ്ററുകൾ നടക്കും.
ഗ്രൂപ്പ് എയിലെ രണ്ടും മൂന്നും സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ മൂന്നും രണ്ടും സ്ഥാനക്കാരും തമ്മിലായിരിക്കും എലിമിനേറ്റർ പോരാട്ടങ്ങൾ. ഈ മത്സരങ്ങളിൽ വിജയിക്കുന്ന രണ്ട് ടീമുകൾ സെമിഫൈനലിലെത്തും. ലോകകപ്പ് മത്സരങ്ങളെ കൂടുതൽ ആവേശകരവും മത്സരാധിഷ്ഠിതവുമാക്കാൻ ലക്ഷ്യമിട്ടുള്ള ഐസിസിയുടെ പുതിയ പരിഷ്കാരങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.











0 comments