ടിക്കറ്റെടുത്തവർക്ക് മെസിയെ കാണാനായില്ല സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ അക്രമം സ്വീകരണപരിപാടി പാതിവഴിയിൽ ഉപേക്ഷിച്ചു
print edition നാണക്കേടായി കൊൽക്കത്ത ; സംഘാടനം പിഴച്ചു, പരിപാടി അലങ്കോലപ്പെട്ടു , മെസിയോട് മാപ്പ്

സാൾട്ട്ലേക്ക് സറ്റേഡിയം ജനക്കൂട്ടം കെെയേറിയപ്പോൾ
കൊൽക്കത്ത
ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടി അലങ്കോലപ്പെട്ടു. സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലെ സ്വീകരണം പാതിവഴിയിൽ അവസാനിപ്പിച്ചു. സംഘാടന പിഴവിനെത്തുടർന്ന് മെസിയെ ഒരുനോക്കുപോലും കാണാൻ കഴിയാതിരുന്നതാണ് സ്‌റ്റേഡിയത്തിൽ നിറഞ്ഞ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. കസേരകളും ബോർഡുകളും ബാനറുകളുമടക്കം കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു. മൈതാനത്തേക്കിറങ്ങിയ ആരാധകരെ പൊലീസ് അടിച്ചോടിക്കുകയായിരുന്നു.
‘Goat Tour’ എന്നുപേരിട്ട മൂന്ന് ദിവസത്തെ ഇന്ത്യൻ പര്യടനം ‘എ ശതാദ്രു ദത്ത ഇനീഷ്യേറ്റീവാ’ണ് സ്‌പോൺസർ ചെയ്‌തിരുന്നത്. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലെ പരിപാടിക്ക് 5000 രൂപ മുതൽ 25,000 രൂപവരെ ടിക്കറ്റുണ്ടായിരുന്നു.

ഗ്യാലറിയിൽനിന്നും ആരാധകർ ഗ്രൗണ്ടിലേക്ക് കസേരകൾ വലിച്ചെറിഞ്ഞപ്പോൾ
രാവിലെ മുതൽ ടിക്കറ്റെടുത്ത് സ്‌റ്റേഡിയത്തിൽ കയറിയവർക്ക് മെസിയെ കാണാൻ സാധിക്കാതിരുന്നതാണ് പ്രശ്‌നം വഷളാക്കിയത്. ഇന്നലെ രാവിലെ 11.15ഓടെ മെസിയും ഇന്റർ മയാമി ക്ലബിലെ സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും സ്‌റ്റേഡിയത്തിലെത്തി. ബംഗാൾ കായികമന്ത്രി അരൂപ് ബിശ്വാസും സ്‌പോൺസർ ശതാന്ദ്രു ദത്തയും ഒപ്പമുണ്ടായിരുന്നു. മെസി വന്നതോടെ സംഘാടകർതന്നെ ചുറ്റുംകൂടി നിന്നതോടെ ടിക്കറ്റെടുത്തവർക്ക് ഒന്നും കാണാൻ സാധിച്ചില്ല. മൈതാനത്തേക്ക് ഇറങ്ങിയ ഉടൻ കൈവീശി കാണിച്ച് മെസിയും സംഘവും മടങ്ങി. സംഘാടകരുടെ സ്വന്തക്കാർക്ക് മാത്രമാണ് മെസിയെ കാണാനായത്. സുരക്ഷ നൽകേണ്ട പൊലീസാകട്ടെ സെൽഫിയെടുക്കാൻ തിരക്ക്‌കൂട്ടി. ഇരിപ്പിടത്തിൽ ഇരുന്നും നിന്നും മെസിയെ കാണാൻ പറ്റാതായതോടെ സ്‌റ്റേഡിയത്തിൽ ബഹളമായി.
ഒന്നുംപറയാതെ മെസിയും സംഘവും മടങ്ങിയതോടെ ജനക്കൂട്ടം ഇളകി. കസേരകൾ തകർത്ത് കൂട്ടമായി മൈതാനത്തേക്ക് എറിഞ്ഞു. ബോർഡുകളും ബാനറുകളും വലിച്ചുകീറി. വെള്ളക്കുപ്പികളും മറ്റും എടുത്തെറിഞ്ഞു. ബാരിക്കേഡുകൾ തകർത്ത് മൈതാനത്തേക്ക് ഓടിക്കയറിയവരെ നിയന്ത്രിക്കാനായില്ല. താൽക്കാലികമായി നിർമിച്ച കൂടാരങ്ങളെല്ലാം തല്ലിത്തർത്തു. ഏറ്റവും മികച്ച ഫുടബോൾ മൈതാനം നശിപ്പിച്ചു. പൊലീസ് ലാത്തിവീശിയാണ് ജനക്കൂട്ടത്തെ ഒഴിപ്പിച്ചത്.
രണ്ട് മണിക്കൂർ ആസൂത്രണം ചെയ്‌ത പരിപാടി 20 മിനിറ്റിൽ അവസാനിച്ചു. പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന നടൻ ഷാരൂഖ്‌ഖാൻ, മുഖ്യമന്ത്രി മമതാ ബാനർജി, ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി എന്നിവർ എത്തിയില്ല. 2011ൽ വെനസ്വേലക്കെതിരെ സൗഹൃദമത്സരം കളിച്ച അർജന്റീന ക്യാപ്‌റ്റന് രണ്ടാംവരവ് കയ്‌പേറിയ അനുഭവമായി.

മെെതാനത്തിലെ ഗോൾപോസ്റ്റ് ഉൾപ്പെടെ നശിപ്പിക്കുന്നു
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് മെസിയും സഹകളിക്കാരും കൊൽക്കത്തയിലെത്തിയത്. സുരക്ഷാകാരണങ്ങളാൽ മെസിയുടെ പ്രതിമ അനാഛാദനം ഓൺലൈനാക്കിയിരുന്നു. ഹോട്ടൽ മുറിയിൽ നടന്ന ചടങ്ങിൽ ഷാരൂഖ്‌ഖാനും പങ്കെടുത്തു. അവിടെയും മെസിക്കൊപ്പം ഫോട്ടോയെടുക്കാൻ സംഘാടകരുടെ സ്വന്തമാക്കാർ നിറഞ്ഞിരുന്നു.
14 വർഷത്തെ ഇടവേളക്കുശേഷമുള്ള മെസിയുടെ രണ്ടാംവരവ് രാജ്യാന്തരതലത്തിൽ ഇന്ത്യക്ക് നാണക്കേടായി. മെസി പങ്കെടുത്ത വേദിയിലുണ്ടായ അക്രമങ്ങൾ രാജ്യാന്തര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്‌തു. അനിഷ്‌ടസംഭവങ്ങളിൽ മുഖ്യമന്ത്രി മമതാ ബാനർജി മെസിയോടും ഫുട്‌ബോൾ ആരാധകരോടും മാപ്പ് പറഞ്ഞു. വൈകീട്ടോടെ ഹൈദരാബാദിലെത്തിയ മെസി അവിടെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ പ്രദർശന മത്സരം കളിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും തെലുങ്ക് സിനിമാ താരങ്ങൾക്കുമൊപ്പം അത്താഴ വിരുന്നിൽ പങ്കെടുത്തു.
അന്വേഷണം പ്രഖ്യാപിച്ചു ; സംഘാടകൻ അറസ്‌റ്റിൽ
നാണക്കേടായ സാൾട്ട്‌ലേക്ക് അതിക്രമത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ. റിട്ട. ജസ്‌റ്റിസ് ആഷിം കുമാർ റേ ചെയർമാനായ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.
സംഭവത്തെ തുടർന്ന് മുഖ്യസംഘാടകനായ എ ശതാദ്രുദത്തയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊൽക്കത്തയിൽനിന്നും ഹൈദരാബാദിലേക്ക് പോകാൻ ശ്രമിക്കവെ വിമാനത്താവളത്തിൽനിന്നാണ് പിടികൂടിയത്.
കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന സംരംഭകനായ ശതാദ്രു ദത്തയാണ് ഇത്തവണ മെസിയുടെ വരവിന് ചുക്കാൻ പിടിച്ചത്. അദ്ദേഹം തുടങ്ങിയ സ്‌പോർട്‌സ് പ്രമോഷൻ സ്ഥാപനമാണ് ‘ എ ശതാദ്രു ദത്ത ഇനീഷ്യേറ്റീവ്’.

കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ആരാധകരെ അഭിവാദ്യം ചെയ്യുന്ന അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി
ഇന്ന് മുംബൈയിൽ; നാളെ മടക്കം
ലയണൽ മെസിക്ക് ഇന്ന് മുംബൈയിലാണ് പരിപാടി. രാവിലെ ഹൈദരാബാദിൽ നിന്നെത്തും. വൈകീട്ട് 4.30ന് ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം പ്രദർശന മത്സരമുണ്ട്. സച്ചിൻ ടെണ്ടുൽക്കർ പങ്കെടുക്കും.
വാംഖഡെ സ്‌റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിന് കുട്ടികൾക്കായുള്ള പരിശീലനപരിപാടിയും ബോളിവുഡ് താരങ്ങൾക്കൊപ്പം പ്രദർശനമത്സരവും നടക്കും. രാത്രി ഫാഷൻഷോയിൽ സിനിമാതാരങ്ങളായ കരീന കപൂർ, ജാക്കി ഷറഫ്, ജോൺ അബ്രഹാം എന്നിവർക്കൊപ്പം പങ്കെടുക്കും.
നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ചയുണ്ട്. 12.30ന് അരുൺ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയത്തിൽ പൊതുപരിപാടി. തുടർന്ന് മടക്കം. മുംബൈയിൽ മെസിയെ കാണാനുള്ള ടിക്കറ്റ് നിരക്ക് 8850 മുതൽ 14750 രൂപവരെയാണ്. ഡൽഹിയിൽ 4720 മുതൽ 5900 രൂപവരെയാണ് നിരക്ക്.










0 comments