അർജന്റീന ഫുട്ബോൾ ടീം ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കളിക്കും
സ്വാഗതം മെസി, കൊച്ചി ഒരുങ്ങുന്നു

കെ പ്രഭാത്
Published on Sep 20, 2025, 03:40 AM | 1 min read
കൊച്ചി
വീണ്ടും ഫുട്‌ബോൾ ആവേശത്തിലേക്ക് കൊച്ചി. ലയണൽ മെസിയുടെ അർജന്റീന ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ പന്ത് തട്ടുന്പോൾ കൊച്ചിയിൽ ഒരിക്കൽക്കൂടി ആരവം മുഴങ്ങും. 1997ലെ നെഹ്‌റു കപ്പ് ഉൾപ്പെടെ നിരവധി രാജ്യാന്തര മത്സരങ്ങൾക്ക് ജിസിഡിഎയ്‌ക്ക് കീഴിലുള്ള കലൂർ സ്‌റ്റേഡിയം വേദിയായിട്ടുണ്ട്.
മത്സരം നടക്കുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനം വന്നതോടെ സ്‌റ്റേഡിയത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള പറഞ്ഞു. നവംബറിലാണ് കളി.
മികച്ച രീതിയിലുള്ള ഇടപെടലിനൊടുവിലാണ് ലോക ചാമ്പ്യൻമാരുടെ മത്സരം കൊച്ചിയിൽ നടത്താൻ അനുമതി ലഭിച്ചതെന്ന് ചന്ദ്രൻപിള്ള പറഞ്ഞു. വിശദമായ വിവരം കായികമന്ത്രി വി അബ്ദുറഹ്മാൻ ഫോണിൽ വിളിച്ച് അറിയിച്ചു. നവംബറിൽ സ്‌റ്റേഡിയം ഫിഫാ മാനദണ്ഡം ഉറപ്പാക്കി പരിഷ്‌കരിക്കും. യുദ്ധകാലാടിസ്ഥാനത്തിൽ സ്‌റ്റേഡിയം സുരക്ഷിതത്വത്തോടെ നവീകരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷയുടെ ഭാഗമായി സ്‌റ്റേഡിയത്തിന് അകത്തും പുറത്തും പ്രത്യേകം വേലികെട്ടും. ഇരിപ്പിടങ്ങൾ ലോക നിലവാരത്തിൽ നവീകരിച്ച്, ബ്ലോക്കുകളായി തിരിക്കും. വിഐപി ലോഞ്ച്, കളിക്കാരുടെ സ്ഥലം, ഡ്രസിങ് റൂം, മീഡിയാ റൂം തുടങ്ങിയവ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കും.
ദുരന്തനിവാരണ അതോറിറ്റിയുടെ അടക്കം വിവിധ സേനകളുടെയും വകുപ്പുകളുടെയും സഹായത്തോടെയാണ് അടിയന്തര പ്രാധാന്യത്തോടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുക. പ്രാരംഭ നടപടി എന്ന നിലയിൽ ജിസിഡിഎ ചെയർമാനും സംഘവും സ്‌റ്റേഡിയവും പരിസരവും സന്ദർശിച്ചു. തുടർന്ന് ഉദ്യോഗസ്ഥരടക്കം യോഗം ചേർന്ന് സ്വീകരിക്കേണ്ട പ്രാഥമിക നടപടികൾ വിലയിരുത്തി.
നെഹ്‌റു ട്രോഫി, ഫിഫ അണ്ടർ 17 ലോകകപ്പ് തുടങ്ങി വന്പൻ ടൂർണമെന്റുകൾക്ക് വേദിയായ സ്‌റ്റേഡിയം നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ തട്ടകമാണ്.
1997 നെഹ്‌റു കപ്പാണ് കൊച്ചി സ്‌റ്റേഡിയത്തിലെ ഏറ്റവും ആവേശകരമായ ഓർമ. ഇന്ത്യ–ഇറാഖ് മത്സരങ്ങൾ കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഏകദേശം ഒരുലക്ഷത്തോളം കാണികൾ എത്തിയതായാണ് കണക്ക്. അണ്ടർ 17 ലോകകപ്പിന്റെ സമയത്താണ് ഇരിപ്പിടങ്ങളുടെ എണ്ണം കുറച്ചത്. രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്കും കലൂർ സ്‌റ്റേഡിയം വേദിയായിട്ടുണ്ട്.









0 comments