print edition മെസിപ്പട്ടാളം

image: fifa.com
ഡാലസ്: 2016 ജൂൺ 26ന് കോപ അമേരിക്ക ഫൈനലിനുശേഷം ഫുട്‌ബോൾ ലോകത്തെ കടുത്ത നിരാശയിലാഴ്‌ത്തി ഒരു പ്രഖ്യാപനം വന്നു. ‘ദേശീയ കുപ്പായത്തിൽ എന്റെ കളി അവസാനിച്ചു. സാധ്യമാകുന്നതെല്ലാം ഞാൻ ചെയ്‌തു. ഇനിയില്ല’
മെസി, മെസി എന്ന് മാധ്യമപ്രവർത്തകരുടെ വിളികൾ ഉയർന്നു. ലയണൽ മെസി മൈതാനത്തെ മാത്രം നോക്കി. പിന്നെ തിരിഞ്ഞുനടന്നു. ചിലിയുമായുള്ള ഷൂട്ടൗട്ട് തോൽവി ആകെ ഉലച്ചുകളഞ്ഞിരുന്നു മെസിയെ. പാഴാക്കിയ പെനൽറ്റിയെക്കുറിച്ച് വിലപിച്ചുകൊണ്ടിരുന്നു. ഏതെങ്കിലുമൊരുനാൾ തീരുമാനം മാറ്റുമെന്ന് ലോകം പ്രതീക്ഷിച്ചു. അച്ഛൻ ഹോർജെ മെസിയും പങ്കാളി അന്റോനെല റെകുസോയും തണലായിനിന്നു. വൈകാതെ കളത്തിൽ മടങ്ങിയെത്തിയ മെസി പത്ത് വർഷത്തിനിപ്പുറം ലോക ഫുട്‌ബോളിൽ സാധ്യമായ നേട്ടങ്ങളെല്ലാംകുറിച്ച് ഒഴുകുകയാണ്. കായിക ചരിത്രത്തിലെ ഏറ്റവും ആവേശകരമായ തിരിച്ചുവരവായി അത് കണക്കാക്കുന്നു.
നിലവിലെ അർജന്റീന ടീമിൽ മെസി എന്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓസ്‌ട്രിയക്കെതിരായ അവരുടെ ആദ്യഗോൾ. അലെക്‌സിസ് മക് അല്ലിസ്‌റ്ററും റോഡ്രിഗോ ഡി പോളും തുടങ്ങിയ നീക്കത്തെ മെസി ഏറ്റെടുക്കുകയായിരുന്നു. പിന്നെ തിയാഗോ അൽമാഡയെന്ന പുതുമുഖ താരത്തിലേക്ക്. അൽമാഡ മുന്നോട്ടു നീങ്ങുന്പോൾ ഓസ്‌ട്രിയൻ പ്രതിരോധത്തെ വലതുവശത്തേക്ക് നീക്കികൊണ്ടിരിക്കുകയായിരുന്നു ലൗതാരോ മാർട്ടിനെസ്. ഇടതുവശത്ത് എൺസോ ഫെർണാണ്ടസും. ബോക്‌സിന് തൊട്ടുമുന്നിലെത്തിയ അൽമാഡ ഇടതുമൂലയിലുള്ള -ഫക്കുണ്ടോ മെദീനയിലേക്കാണ് പാസ് നൽകുന്നത്. മെദീന പന്തേറ്റ് വാങ്ങുന്പോഴേക്കും കളം ഒരുങ്ങിയിട്ടുണ്ടായിരുന്നു. അർജന്റീന ആക്രമണത്തിന്റെ ദിശ ഒറ്റ ബിന്ദുവിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടു. മെദീന പന്ത് തിരിച്ചുവിട്ടു. അൽമാഡ പന്തിൽ തൊട്ടില്ല. ഒഴിഞ്ഞുകൊടുത്തു. പിന്നിലൊരു കൊടുങ്കാറ്റിന്റെ ഇരന്പമുണ്ടായി. മെസിയുടെ കാലിൽ പന്ത്. ഗോൾ!
ഇൗ ടീം രൂപപ്പെട്ടിരിക്കുന്നത് മെസിക്ക് വേണ്ടിയാണെന്ന് തെളിഞ്ഞ നിമിഷം. 2018 ലോകകപ്പിനുശേഷമാണ് അർജന്റീന ടീമും മെസിയും അടിമുടി മാറിയത്. പരിശീലകൻ ലയണൽ സ്‌കലോണി മെസിയെ കേന്ദ്രബിന്ദുവാക്കി ടീമിനെയൊരുക്കി. 2019ലെ കോപ അമേരിക്ക ടൂർണമെന്റ് സമയത്തായിരുന്നു യുവതാരം റോഡ്രിഗോ ഡി പോൾ മെസിയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരനായി മാറുന്നത്. ബ്രസീലുമായുളള ഫൈനലിനിടെ സംഘർഷമുണ്ടായപ്പോൾ ആദ്യം എതിരാളികളെ തടയാനെത്തിയത് ലിയാൻഡ്രോ പരദെസായിരുന്നു. 2022 ലോകകപ്പ് ക്വാർട്ടറിൽ നെതർലൻഡ്‌സുമായുള്ള കളിക്കിടെ മെസി നിയന്ത്രണം വിടുന്പോൾ ചുറ്റും എന്തിനുംപോന്ന ഒരു യുവ സംഘമുണ്ടായിരുന്നു.
അലെക്‌സിസ് മക് അല്ലിസ്‌റ്റർ, എൺസോ ഫെർണാണ്ടസ്, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ്, നഹുവേൽ മൊളീന, ലൗതാരോ മാർട്ടിനെസ്, ഒടുവിൽ അൽമാഡയും മെദീനയുംവരെ എത്തിനിൽക്കുന്ന ‘മെസി ബോയ്‌സ്’. മെസിയെന്ന പ്രഭാവലയത്തിന് ചുറ്റുമാണ് അർജന്റീന. അവസാന അരങ്ങിൽ മെസി അത് ആസ്വദിക്കുകയാണ്. പരിശീലനത്തിൽ, ക്യാന്പുകളിൽ, കളത്തിൽ, മത്സരങ്ങളുടെ ഇടവേളകളിൽ മെസിക്ക് പിന്നിലൊരു പട്ടാളമായി അവർ നിൽക്കുന്നു. മറ്റൊരു ടീമിലെയും കളിക്കാരന് കിട്ടാത്ത സൗഭാഗ്യം.










0 comments