ബാവിക്കര റെഗുലേറ്റർ അപകടഭീഷണിയിൽ അനധികൃത മണലെടുപ്പ് വ്യാപകം

ബോവിക്കാനം ജില്ലയിലെ വലിയൊരു ശതമാനം പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ബാവിക്കര തടയണ പദ്ധതിയെ അപകടത്തിലാക്കി വ്യാപക മണൽ വാരൽ. മുളിയാർ പഞ്ചായത്തിലെ ബാവിക്കര റെഗുലേറ്ററിന് സമീപം പാർക്ക് നിർമാണം ആരംഭിച്ചതിന്റെ മറവിലാണ് തടയണയ്ക്ക് ഭീഷണിയാകുംവിധം മണൽ വാരൽ. വൻ അപകടഭീതിയിലാണ് പ്രദേശം. മണൽ വാരരുത് എന്ന് അധികൃതർ കർശന നിർദ്ദേശം നൽകി സൂചന ബോർഡ് സ്ഥാപിച്ചതിന് തൊട്ടരികിൽ നിന്നാണ് മണൽ മാഫിയ മണൽ കടത്തുന്നത്. തടയണയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മണ്ണിട്ട് നികത്തിയ മേഖലകളിൽ അടിഞ്ഞ് കൂടിയ മണലാണ് കടത്തുന്നത്. ഇത് തുടർന്നാൽ തടയണ അപകടത്തിലാവും. പ്രാദേശിക മുസ്ലീംലീഗ് നേതാക്കളാണ് മണൽ കടത്തിന് പിന്നിലെ പ്രധാന ഏജന്റുമാരെന്നാണ് നാട്ടുകാർ പറയുന്നത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ ഉടൻ ഇവർ മണലെടുപ്പിന്റെ വ്യാപ്തി വർധിപ്പിച്ചു. മുന്പ് രാത്രിയിൽ മാത്രം രഹസ്യമായി നടത്തിയിരുന്ന മണൽക്കടത്ത് ഇപ്പോൾ പകൽസമയത്തും നടക്കുന്നു. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും മണൽ മാഫിയയ്ക്ക് ഒത്താശ പാടുന്നതായും ആക്ഷേപമുണ്ട്. മണൽ കടത്ത് തുടർന്നാൽ കുടിവെള്ള പദ്ധതിയുടെ ജീവനാഡിയായ തടയണ തകരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നാട്ടുകാർ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.









0 comments