ad
Deshabhimani

പുകഞ്ഞുതീരാത്ത 
അക്ഷരക്കനലുകൾ

പി കാര്യന്പു
വെബ് ഡെസ്ക്

Published on Jun 24, 2026, 03:00 AM | 1 min read

​കാഞ്ഞങ്ങാട്‌ ബീഡിതെറുപ്പിൽ ഏർപ്പെടുന്പോഴും കാര്യന്പുവിന്റെ ഉള്ളിൽ അക്ഷരങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു. പലപ്പോഴായി അവ കവിതകളായി വിരിഞ്ഞു. ബീഡിത്തൊഴിലിൽനിന്ന്‌ വിരമിച്ചശേഷം തന്റെ കവിതകളെല്ലാംചേർത്ത്‌ അദ്ദേഹം പുസ്‌തകമാക്കി. രാവണേശ്വരം വാണിയംപാറയിലെ പി കാര്യന്പു ഇപ്പോൾ കവിതകളുടെ ലോകത്താണ്‌. ചെറുപ്പം മുതലേയുള്ള വായനാശീലം അദ്ദേഹത്തിന്റെ സര്‍ഗാത്മക പ്രവർത്തനങ്ങൾക്ക്‌ കരുത്തായി. ചിത്താരി ചാമുണ്ഡിക്കുന്ന് പള്ളയില്‍വീട്ടില്‍ അലാമിയുടെയും ഉന്പിച്ചിയുടെയും മകനായി 1955 ഡിസംബര്‍ നാലിനാണ്‌ കാര്യന്പുവിന്റെ ജനനം. ജീവിത പ്രാരാബ്ധം കാരണം അഞ്ചാംതരത്തില്‍ പഠിപ്പ്‌ നിർത്തേണ്ടിവന്നു. എങ്കിലൂം പഠിക്കണമെന്ന മോഹം ഉള്ളിൽ കെടാതെ കിടന്നു. അങ്ങനെ 2010ല്‍ തുല്യതാ പഠനത്തിലൂടെ ഏഴാംക്ലാസ് പൂര്‍ത്തിയാക്കിയപ്പോൾ അത്‌ നിശ്‌ചയദാർഢ്യത്തിന്റെ വിജയമായി. ജീവിതപ്രയാസം കാരണം തയ്യല്‍തൊഴിലാളിയായും ഹോട്ടല്‍ ജീവനക്കാരനായും പണിയെടുത്തു. 1975 മുതല്‍ 1995 വരെ ബീഡിതെറുപ്പ് തൊഴിലാളിയായി. 1995 മുതല്‍ 2013 വരെ കോട്ടച്ചേരി ദിനേശ് ബീഡി സഹകരണസംഘത്തില്‍ ജീവനക്കാരനായി. 2013ല്‍ വിരമിച്ചു. ഏതു ജോലി ചെയ്യുന്പോഴും അദ്ദേഹം വായന കൈവിടാതെ കാത്തു. പത്രങ്ങളും ആനുകാലികങ്ങളും പതിവായി വായിക്കും. പുസ്തകോല്‍സവങ്ങളിലെത്തി പുസ്തകങ്ങള്‍ വാങ്ങും. കഴിഞ്ഞ വര്‍ഷം തന്റെ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. ‘പയമ’ എന്ന പേരുള്ള കവിതാസമാഹാരം 2025 ജൂലായില്‍ രാമഗിരിയില്‍ മുന്‍ എംഎല്‍എ എം രാജഗോപാലനാണ് പ്രകാശിപ്പിച്ചത്. ആനുകാലിക സംഭവങ്ങൾ കോര്‍ത്തിണക്കിയുള്ള 36 കവിതകളാണ് സമാഹാരത്തിൽ. പിന്നീട്‌ നൂറോളം കവിതകള്‍ രചിച്ചിട്ടുണ്ട്‌. ഇവ സമാഹാരമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌. 2010ല്‍ അജാനൂര്‍ പഞ്ചായത്തംഗമായിരുന്നു. കോട്ടച്ചേരി ദിനേശ് ബീഡി സഹകരണ സംഘം പ്രസിഡന്റ്, പ്രൊവിഡന്റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ രാധാമണിയും ബീഡിതെറുപ്പ് തൊഴിലാളിയായിരുന്നു. 2016ൽ വിരമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home