print edition ഒറ്റത്തേര് അർജന്റീന

image: fifa.com
ഡാലസ്: ലയണൽ മെസിയുടെ ഗോളടി മികവിനും പ്രതിരോധത്തിന്റെ ജാഗ്രതയ്‌ക്കും അർജന്റീന കടപ്പെട്ടിരിക്കുന്നു. ഓസ്‌ട്രിയൻ ടീമിന്റെ അതിസമ്മർദ കളിയെ അതിജീവിക്കാൻ ലയണൽ സ്‌കലോണിയുടെ സംഘത്തിന് കഴിഞ്ഞു.
റാൽഫ് റാങ്ക്‌നിക്ക് പരിശീലിപ്പിച്ച ഓസ്‌ട്രിയ ഒരു ഘട്ടത്തിൽ അർജന്റീനയെ പരീക്ഷിച്ചതാണ്. ആദ്യഘട്ടത്തിൽ ലൗതാരോ മാർട്ടിനെസിനെ ബോക്‌സിൽ വീഴ്‌ത്തിയ പ്രതിരോധം പെനൽറ്റി വഴങ്ങി. പക്ഷേ, മെസി കിക്ക് പുറത്തേക്കടിച്ചതോടെ ഓസ്‌ട്രിയക്ക് ആത്മവിശ്വാസം കിട്ടി. അർജന്റീന അൽപ്പം സമ്മർദത്തിലുമായി. ഒടുവിൽ മുപ്പത്തെട്ടാം മിനിറ്റിൽ മെസി ലക്ഷ്യം കണ്ടതോടെ കളി അർജന്റീന വരുതിയിലാക്കി. 2–0ന് കളി ജയിച്ചു. തുടർച്ചയായ രണ്ടാം ജയത്തോടെ നിലവിലെ ചാന്പ്യൻമാർ നോക്കൗട്ട് ഉറപ്പിച്ചു.
പെനൽറ്റി പാഴാക്കിയശേഷം അർജന്റീനയുടെ കെട്ടഴിഞ്ഞു. തുടർച്ചയായ രണ്ട് അവസരങ്ങളാണ് പാഴാക്കിയത്. മെസിയുടെയും ലൗതാരോ മാർടിനെസിന്റെയും മുന്നേറ്റങ്ങളെ ക്യാപ്‌റ്റൻ ഡേവിഡ് അലാബയും കെവിൻ ഡാൻസോയും ഉൾപ്പെട്ട ഓസ്‌ട്രിയൻ പ്രതിരോധം കൃത്യമായി തടഞ്ഞു. ഇടയ്‌ക്ക് കളി പരുക്കനായി. മറുവശത്ത്, നൂറാം മത്സരത്തിനിറങ്ങിയ മാർസെൽ സാബിറ്റ്‌സെർ അർജന്റീനയെ കാര്യമായി പരീക്ഷിച്ചു. പ്രതിരോധം ഭദ്രമായിരുന്നു. ലിസാൻഡ്രോ മാർടിനെസും ക്രിസ്‌റ്റ്യൻ റൊമേറോയും കോട്ട കെട്ടി. ഇടയ്‌ക്ക് ഓസ്‌ട്രിയ ഗോളിന് അരികെയെത്തി. സാബിറ്റ്‌സെറുടെ കരുത്തുറ്റ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർടിനെസ് കുത്തിയകറ്റുകയായിരുന്നു. ലൗതാരോയ്‌ക്ക് പകരമെത്തിയ ജൂലിയൻ അൽവാരസ് അർജന്റീന ആക്രമണത്തിന് ഉൗർജം പകർന്നു. പരിക്കുസമയത്തിന്റെ അവസാന നിമിഷം മെസി നൽകിയ മനോഹര പാസ് അൽവാരസിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഓസ്‌ട്രിയൻ പ്രതിരോധത്തിൽ തട്ടിയ പന്ത് തിരിച്ചുവന്നു. ലിയാഡ്രോ പരദെസ് മെസിക്ക് നൽകി. മെസിയുടെ ആദ്യ ഷോട്ട് ഗോൾകീപ്പർ അലെക്‌സാണ്ടർ ഷ്‌ളാഗെർ തടഞ്ഞു. പക്ഷേ, വീണ്ടും മെസിക്കാണ് കിട്ടിയത്. അർജന്റീന ക്യാപ്‌റ്റന്റെ അടുത്ത ഷോട്ട് ഗോൾകീപ്പർ ഉൾപ്പെടെ അഞ്ച് പേരെ കടന്ന് വലയിൽ കടന്നു. ഗ്രൂപ്പ് ‘ജെ’യിൽ 28ന് ജോർദാനുമായാണ് അവസാന കളി. ഓസ്‌ട്രിയ അൾജീരിയയുമായി കളിക്കും.









0 comments