ad
Deshabhimani

ജനപ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടു കാസർകോട്‌ പാക്കേജിന്‌ അധിക തുക അനുവദിക്കുമെന്ന്‌ ഉറപ്പുനൽകി

ജില്ലയുടെ  വിവിധ വികസന പ്രവർത്തനങ്ങൾക്ക്‌ പിന്തുണ ആവശ്യപ്പെട്ട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു അബ്രഹാമിന്റെ 
നേതൃത്വത്തിൽ ജനപ്രതിനിധികൾ മുഖ്യമന്ത്രി വി ഡി സതീശനെ കണ്ട്‌ നിവേദനം നൽകിയപ്പോൾ
വെബ് ഡെസ്ക്

Published on Jun 24, 2026, 03:00 AM | 1 min read

കാസർകോട്‌ കാസർകോട്‌ പാക്കേജിന്‌ അധിക തുക അനുവദിക്കുമെന്ന്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു അബ്രഹാമിന്റെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിന്‌ മുഖ്യമന്ത്രിയുടെ ഉറപ്പ്‌. ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ ആവശ്യപ്പെട്ടാണ്‌ ജില്ലയിലെ ജനപ്രതിനിധികളുടെ സംഘം തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദർശിച്ചത്‌. ജില്ലയുടെ പിന്നോക്കാവസ്ഥ മറികടക്കാനാണ്‌ പ്രഭാകരൻ കമീഷൻ നിർദേശപ്രകാരം പ്രത്യേക പാക്കേജ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചത്. വർധിച്ച് വരുന്ന ജില്ലയുടെ ആവശ്യങ്ങൾ പരിഹരിക്കാൻ പാക്കേജിൽ 100 കോടി രൂപ അനുവദിക്കണമെന്നാണ്‌ സംഘം ആവശ്യപ്പെട്ടത്‌. ജില്ലയുടെ വിവിധ ആവശ്യങ്ങൾ മന്ത്രിമാരുടെ ശ്രദ്ധയിലും പെടുത്തി. മഴക്കാല രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലാആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ 143 ഡോക്ടർമാരുടെ കുറവുണ്ട്‌. ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ആരോഗ്യരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ജില്ലാതലത്തിൽ ഉടൻ പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്ന്‌ മന്ത്രി കെ മുരളീധരൻ ഉറപ്പുനൽകി. ജില്ലാപഞ്ചായത്തിന് കീഴിലുള്ള സീഡ് ഫാം വികസനം, ജില്ലയ്ക്ക് പുതിയ മണ്ണ് പരിശോധന കേന്ദ്രം, ടാറ്റാ ആശുപത്രി മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയാക്കി ഉയർത്താൻ മുൻ സർക്കാർ സ്വീകരിച്ച നടപടി വേഗത്തിലാക്കുക, കൂടുതൽ റോഡുകൾ പൊതുമാരാമത്ത്‌ വകുപ്പ്‌ ഏറ്റെടുത്ത് വികസിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പിന്തുണ ആവശ്യപ്പെട്ടു. വ്യവസായ രംഗത്ത് ജില്ലയുടെ സവിശേഷത പ്രയോജനപ്പെടുത്താൻ നടപടിയുണ്ടാവുമെന്ന്‌ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഉറപ്പ് നൽകി. എംഎൽഎമാരായ എ കെ എം അഷറഫ്, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ കെ സോയ, ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം മനു, ജില്ലാപഞ്ചായത്ത്‌ അംഗങ്ങളായ അസീസ് കളത്തൂർ, സോമശേഖര, പി ബി ഷഫീക് തുടങ്ങിയവർ സംഘത്തോടൊപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home