ad
Deshabhimani

രാസവസ്തുക്കൾ ആരോഗ്യ പ്രശ്നങ്ങൾക്ക്‌ കാരണം

മീനിൽ ശ്രദ്ധവേണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 24, 2026, 04:03 AM | 1 min read

കോട്ടയം തലക്കറി കഴിച്ച്‌ ഭക്ഷ്യവിഷ ബാധയേറ്റ്‌ യുവാവ്‌ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുമ്പോൾ കടകളിൽ കിട്ടുന്ന മീനുകളുടെ ശുദ്ധത പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ട്രോളിങ്‌ നിരോധനം തുടരുമ്പോഴും പലകടകളിലും കടൽ മീനുകൾ സുലഭമാണ്‌. 52 ദിവസം നീളുന്ന ട്രോളിങ്‌ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ മീനുകൾ വാങ്ങുന്നവർ ഏറെ ശ്രദ്ധിക്കണമെന്ന്‌ അധികൃതർ. ആഴ്ചകൾക്കുമുമ്പ് പിടിച്ച കടൽമീനുകൾ ബോട്ടിലും ഗോഡൗണുകളിലും സൂക്ഷിച്ച ശേഷമാകാം കടകളിൽ എത്തുക. മീൻ കേടാകാതിരിക്കാൻ ഫോർമാലിൻ ഉൾപ്പെടെ രാസവസ്തുക്കൾ ചേർക്കുന്നുണ്ട്‌. തണുത്ത്‌ മരവിച്ച മീനുകളാണ്‌ കടകളിൽ ലഭിക്കുക. ഇവ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ട്രോളിങ്‌ കാലത്തെ മീൻക്ഷാമം മുന്നിൽക്കണ്ട് വില ഉയർത്താനുള്ള സമ്മർദവും വ്യാപാരികൾ പയറ്റുന്നു. കൃത്യമായ ഇടവേളകളിൽ ഗുണനിലവാര പരിശോധന ഉറപ്പാക്കാൻ സർക്കാർ തയാറാകണം. പരിശോധന കൃത്യമായി നടക്കുന്നില്ലെന്ന്‌ ആരോപണം ഉയർന്നിട്ടുണ്ട്‌. പലപ്പോഴും ജീവൻ പൊലിഞ്ഞ ശേഷമാണ്‌ അന്വേഷണവും നടപടിയും. സംസ്ഥാനത്ത്‌ ജൂലൈ 31 വരെയാണ്‌ ട്രോളിങ് നിരോധനം. ​​ഫോർമാലിൻ ദോഷങ്ങൾ മത്സ്യം, പച്ചക്കറികൾ എന്നിവ കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ മനുഷ്യശരീരത്തിന് ഹാനികരമാണ്. തുടർച്ചയായ ഉപയോഗം കാൻസർ, ആന്തരികാവയവങ്ങളുടെ തകർച്ച, ദഹന പ്രശ്നങ്ങൾ, ആമാശയ രോഗങ്ങൾ, ശ്വാസകോശ പ്രശ്നങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ഉണ്ടാക്കും. ഫോർമലിൻ ഒരു തവണ ഉപയേ‍ാഗിച്ചാൽ മീനിൽനിന്ന് അതു പൂർണമായി നീക്കാനാകില്ല. ​തിരിച്ചറിയാം കാഴ്ച, ഗന്ധം, സ്പർശം എന്നിവയിലൂടെയാണ് മീന്‍ നല്ലതാണോ എന്ന് തിരിച്ചറിയുന്നത്. കേടായ മീനിൽ ഫോർമാലിൻ ഉപയോഗിച്ചാൽ കണ്ണിനു നിറവ്യത്യാസം കാണും. സ്വാഭാവിക മണവും ചെതുമ്പലിന്റെ സ്വാഭാവിക നിറവും നഷ്ടമാകും. മീനിന്റെ ദശ കട്ടിയാകും. വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെള‍ിച്ചമുള്ളതുമായ കണ്ണ‍ുകളുള്ളതാണ് ശുദ്ധമായ മീൻ. മീനുകളുടെ ചെകിളപ്പൂവിന് രക്തനിറമാണ്‌. അമേ‍ാണിയ, ഫോർമാലിൻ ഇവയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒഴിവാക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home