ad
Deshabhimani

print edition ഇ‍ൗ കാലം അവസാനിക്കുന്നു; മെസിക്കും റൊണാൾഡോക്കും അവസാന ലോകകപ്പ്‌

ronaldo messi
വെബ് ഡെസ്ക്

Published on Jun 06, 2026, 12:36 AM | 2 min read

വാഷിങ്‌ടൺ: വർഷം 2007. ഫിഫയുടെ മികച്ച താരത്തിന്‌ പുരസ്‌കാരം നൽകുന്ന വേദി. ബ്രസീൽ താരം കാക ആയിരുന്നു മികച്ചതാരം. യുവതാരങ്ങളായ ലയണൽ മെസിയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പുരസ്‌കാരം നൽകുന്നത്‌ സാക്ഷാൽ പെലെയും. രണ്ടാംസ്ഥാനക്കാരനുള്ള പുരസ്‌കാരം പെലെ അബദ്ധത്തിൽ റൊണാൾഡോയ്‌ക്കാണ്‌ നൽകിയത്‌. ഫിഫ തലവൻ സെപ്‌ ബ്ലാറ്റർ ഇടപെട്ടു. രണ്ടുപേരോടും ട്രോഫി പരസ്‌പരം കൈമാറാൻ പറയുകയായിരുന്നു. അന്ന്‌ തെളിഞ്ഞ മുഖമായിരുന്നില്ല ഇരുവർക്കും.


അതിനുശേഷമുള്ള പത്ത്‌ വർഷം മെസിയും റൊണാൾഡോയും ആ വേദിയിൽ ജേതാക്കളായി മാറിമാറിവന്നു. ഫുട്‌ബോൾ ലോകം മെസിയും റൊണാൾഡോയുമായി മാത്രം മാറി. രണ്ടായിരത്തിനടുത്ത് ഗോളുകൾ, 85 ട്രോഫികൾ. ക്ലബിനും രാജ്യത്തിനുമായുള്ള വ്യക്തിഗത പുരസ്‌കാരങ്ങളും റെക്കോഡുകളും വേറെ. ഫുട്‌ബോൾ ചരിത്രത്തിൽ ഇത്രയും അലങ്കാരങ്ങൾ ചാർത്തിയ മറ്റ്‌ താരങ്ങളില്ല.


മെസി–റൊണാൾഡോ ‘വൈരം’ ലോക ഫുട്‌ബോളിനെ നിർവചിക്കാൻ തുടങ്ങിയിട്ട്‌ രണ്ട്‌ പതിറ്റാണ്ടായി. ക്ലബുകൾ തമ്മിലും രാജ്യങ്ങളുടെ മുഖാമുഖത്തിലും ചാന്പ്യൻഷിപ്പുകളിലും തുടങ്ങി അത്‌ നീളുകയായിരുന്നു. രണ്ട്‌ പതിറ്റാണ്ടായി ചേരിതിരിഞ്ഞും അല്ലാതെയുമുള്ള ചർച്ചകൾ ഇവരെക്കുറിച്ച്‌ മാത്രമായിരുന്നു. ഗോളുകളുടെ എണ്ണത്തിൽ, ട്രോഫികളുടെ എണ്ണത്തിൽ, ബാലൻ ഡി ഓറിൽ അങ്ങനെ അവർ പരസ്‌പരം മത്സരിച്ചു. ആരാണ്‌ മികച്ചവനെന്ന്‌ ലോകം ചർച്ച ചെയ്‌തുകൊണ്ടേയിരിക്കുന്നു.


ഒടുവിൽ ആ പോര്‌ അവസാനിക്കുന്നു. ഇനി മെസിയും റൊണാൾഡോയും കളത്തിൽ ഇല്ലാത്ത കാലമാണ്‌. അവസാന ലോകകപ്പിലേക്ക്‌ ബൂട്ടുകെട്ടുന്നു. ഇരുവർക്കും ആറാം ലോകകപ്പ്‌. 41 കഴിയുന്ന റൊണാൾഡോയ്‌ക്കും നാൽപ്പതിലേക്കടുക്കുന്ന മെസിക്കും ഇനിയൊരു അങ്കത്തിന്‌ ബാല്യമില്ല. ലോക ഫുട്‌ബോളിനെ മാറ്റിക്കളഞ്ഞ പോരാണ്‌ അവസാനിക്കുന്നത്‌. ഗോളും റെക്കോഡുകളും കിരീടങ്ങളും കൊണ്ട്‌ നയിക്കപ്പെട്ട രണ്ട്‌ മനോഹര കളിജീവിതങ്ങൾക്കുള്ള അവസാന വേദിയാണ്‌ ഇ‍ൗ ലോകകപ്പ്‌.


‘ഫെരാരിയെ പോർഷെയുമായി താരതമ്യപ്പെടുത്താനാകില്ല. രണ്ടിനും വ്യത്യസ്‌ത എഞ്ചിനുകളാണ്‌. ചിലർ പറയും ഞാനാണ്‌ മികച്ചവനെന്ന്‌, ചിലർ മെസിയെയും. ആ നിമിഷത്തിൽ ആരാണ്‌ മികച്ചവനെന്ന്‌ അവർ തീരുമാനിക്കും. എനിക്കത്‌ ഞാനാണ്‌– 2012ൽ റൊണാൾഡോ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. ഇംഗ്ലണ്ടിന്റെ മുൻ പ്രതിരോധക്കാരൻ റിയോ ഫെർഡിനാന്റിന്‌ റൊണാൾഡോയാണ്‌ മികച്ച താരം. സ്‌പാനിഷ്‌ ലോകകപ്പ്‌ ജേതാവായ സാവിക്ക്‌ മെസിയും.


ഗോളിലും ചാന്പ്യൻസ്‌ ട്രോഫികളുടെ എണ്ണവും കണക്കാക്കിയാൽ റൊണാൾഡോയാണ്‌. ലോകകപ്പും ബാലൻ ഡി ഓവറും ആകെ ട്രോഫികളും കണക്കാക്കിയാൽ മെസിയാകും. പോർച്ചുഗലിനെ റൊണാൾഡോ യൂറോ ജേതാക്കളാക്കി. മെസി അർജന്റീനയെ ലോക ചാന്പ്യൻമാരാക്കി. രണ്ട്‌ തവണ കോപയും ഉയർത്തി.


ഇരുവരും വിപരീത ധ്രുവങ്ങളിലാണ്‌ സഞ്ചരിച്ചത്‌. ഒരാൾ ഡ്രിബ്‌ളറും മറ്റേയാൾ കരുത്തിന്റെ പ്രതീകവുമാണ്‌. ഒരാൾ ലജ്ജാലുവും മറ്റേയാൾ ഒരിക്കലും വിട്ടുകൊടുക്കാത്തവനുമാണ്‌. ഒരാൾ പെപ്‌ ഗ്വാർഡിയോളയുടെ ബാഴ്‌സലോണയാണെങ്കിൽ ഹൊസെ മൊറീന്യോയുടെ റയൽ മാഡ്രിഡാണ്‌ അപരൻ.


ഇരുവരും പക്ഷേ, ഏറ്റവും പരിമിതമായ സാഹചര്യങ്ങളിൽനിന്നാണ്‌ ലോകവേദിയിലേക്ക്‌ എത്തിയത്‌. റൊസാരിയോയിൽനിന്നുള്ള പതിമൂന്നുകാരനും മെദെയ്‌രയിൽനിന്നുള്ള പന്ത്രണ്ടുകാരനും രോഗത്തെയും ദാരിദ്ര്യത്തെയും മറികടന്നാണ്‌ ബാഴ്‌സലോണയിലേക്കും ലിസ്‌ബണിലേക്കുമുള്ള യാത്ര തുടങ്ങിയത്‌. ഇ‍ൗ വേദിയിൽ യാത്ര അവസാനിക്കുന്നു.


ആടും പാടും ഷാകിറ


മെക്‌സിക്കോ സിറ്റി: ലോകകപ്പ്‌ ഫുട്‌ബോൾ കിക്കോഫിന്‌ ആവേശം വിതറാൻ ഷാകിറയും. ഒ‍ൗദ്യോഗിക ഗാനമായ ‘ദായ്‌ ദായ്‌’ ഉദ്‌ഘാടന വേദിയിൽ അവതരിപ്പിക്കും. കൂടെ നൈജീരിയൻ സംഗീതജ്ഞൻ ബേണ ബോയിയുമുണ്ടാകും. ഇരുവരും ചേർന്നാണ്‌ ഇത്തവണ ഗാനമൊരുക്കിയത്‌. കൊളംബിയക്കാരിയായ ഷാകിറയുടെ നാലാമത്തെ ലോകകപ്പ്‌ ഗാനമാണിത്‌. മെക്‌സിക്കോ സിറ്റിയിലെ അസ്‌റ്റെക സ്‌റ്റേഡിയത്തിൽ 11ന്‌ രാത്രി 12.30ന്‌ മെക്‌സിക്കോ–ദക്ഷിണാഫ്രിക്ക മത്സരത്തോട്‌ കൂടിയാണ്‌ ഇത്തവണ ലോകകപ്പിന്‌ കിക്കോഫാകുന്നത്‌. 11 മണി മുതൽ വർണാഭമായ ഉദ്‌ഘാടന ചടങ്ങുകൾ തുടങ്ങും.


ഫ്രാൻസിനെ ഞെട്ടിച്ച്‌ ഐവറി,‍ സ്‌പെയ്‌നിന്‌ പൂട്ട്‌


നാന്റെസ്‌: മൂന്നാം കിരീടം കൊതിച്ചെത്തുന്ന ഫ്രാൻസിന്‌ ഐവറികോസ്റ്റിന്റെ താക്കീത്‌. സന്നാഹ ഫുട്‌ബോളിൽ 2–1ന്‌ തോൽപ്പിച്ച്‌ ഒന്നും എളുപ്പമല്ലെന്ന്‌ വ്യക്തമാക്കി. റയാൻ ചെർകിയിലൂടെ മുന്നിട്ടുനിന്നശേഷമായിരുന്നു തോൽവി. ഗുലെ ദുവെയും അമാദ്‌ ദിയാലോവും ആഫ്രിക്കക്കാർക്കായി ലക്ഷ്യം കണ്ടു. കിലിയൻ എംബാപ്പെ ഉൾപ്പെടെ പ്രധാന താരങ്ങളെല്ലാം അണിനിരന്നിട്ടും നിലവിലെ റണ്ണറപ്പുകളായ ഫ്രഞ്ച്‌ പടയ്‌ക്ക്‌ തോൽവി ഒഴിവാക്കാനായില്ല. 16ന്‌ സെനെഗലുമായാണ്‌ ലോകകപ്പിലെ ആദ്യ മത്സരം. ഐവറി 15ന്‌ ഇക്വഡോറിനെ നേരിടും.


മറ്റ്‌ മത്സരങ്ങളിൽ സ്‌പെയ്‌നിനെ 1–1ന്‌ ഇറാഖ്‌ തളച്ചു. ഫെറാൻ ടോറസിലൂടെ മുന്നിലെത്തിയെങ്കിലും മെർകാസ്‌ ദോസ്‌കിയുടെ ഗോളിൽ സ്‌പെയ്‌ൻ സമനില വഴങ്ങി. മെക്‌സിക്കോ 5–1ന്‌ സെർബിയയെ തകർത്തു. നെതർലൻഡ്‌സ്‌ ഒറ്റ ഗോളിന്‌ ടുണീഷ്യയോട്‌ തോറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home