print edition മാനം തൊട്ടു മെറീനോ

ലൊസ് ആഞ്ചലസ്: ഏത് സമ്മർദ നിമിഷത്തിലും സ്‌പെയ്‌നിന് ഭയക്കേണ്ട. മിക്കേൽ മെറീനോ കളത്തിലുണ്ടെങ്കിൽ ജയം എപ്പോൾ വേണമെങ്കിലും വരാം. ലോകകപ്പ് ഫുട്‌ബോൾ ക്വാർട്ടറിൽ ബൽജിയത്തിനെതിരെ അവസാനഘട്ടംവരെയും സ്‌കോർ 1–1 ആയിരുന്നു. ഇരു ടീമിനും തുല്യസാധ്യത.
കളി എങ്ങനെയും മാറാം. 86–ാം മിനിറ്റിൽ സ്‌പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫുയന്റെ പകരക്കാരുടെ ബഞ്ചിലേക്ക് നോക്കി. മെറീനോ തയ്യാർ. 88–ാം മിനിറ്റിൽ ഗോൾ, സ്‌പെയ്‌ൻ 2–1ന് മുന്നിൽ, ജയം. 16 വർഷത്തിനുശേഷം ലോകകപ്പിന്റെ സെമി. കളത്തിലിറങ്ങി രണ്ടാം മിനിറ്റിലാണ് മെറീനോ ജയമൊരുക്കിയത്.
സ്‌പെയ്‌നിന്റെ ‘സൂപ്പർ സബ്’ ആണ് മെറീനോ. പോർച്ചുഗലുമായുള്ള ക്വാർട്ടറിൽ 85–ാം മിനിറ്റിലാണ് മുപ്പതുകാരൻ കളത്തിലെത്തുന്നത്. അതുവരെ സ്‌കോർ 0–0. പരിക്കുസമയത്തിന്റെ ആദ്യമിനിറ്റിൽ സ്‌പെയ്‌ൻ ഗോളടിച്ചു. മെറീനോ ജയമൊരുക്കി. ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനമുണ്ടായില്ല. തുടർന്നാണ് അഴ്‌സണൽ മധ്യനിരക്കാരൻ പകരക്കാരുടെ നിരയിലേക്ക് മാറിയത്. സെമിയിൽ ഫ്രാൻസിനെതിരെ തുടക്കംമുതൽ മെറീനോ കളത്തിലുണ്ടാകാനാണ് സാധ്യത. മുന്നേറ്റത്തിൽ കളിപ്പിച്ചേക്കും. അഴ്‌സണൽ പരിശീലകൻ മൈക്കേൽ അർടേറ്റ മെറീനോയെ മുന്നേറ്റത്തിലും മധ്യനിരയിലും മാറിമാറി പരീക്ഷിച്ചിട്ടുണ്ട്.
ഇക്കുറി ലോകകപ്പ് ടീമിലുണ്ടാകുമോയെന്ന് സംശയത്തിലായിരുന്നു. ജനുവരിയിൽ കാൽപാദത്തിന് പരിക്കേറ്റത് സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. അഴ്‌സണലിനായി കളത്തിലിറങ്ങാനായില്ല. ലോകകപ്പിന് ഒരു മാസംമുന്പ് മാത്രമാണ് കളി തുടങ്ങിയത്. ടീമിൽ ഇടംപിടിച്ചു എന്ന് മാത്രമല്ല, സെമിയിലേക്കുള്ള സ്‌പെയ്‌നിന്റെ കുതിപ്പിന് ഉൗർജമാവുകയും ചെയ്‌തു. ‘കുറച്ച് മാസങ്ങൾക്ക് മുന്പ് എനിക്ക് ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിഞ്ഞിരുന്നില്ല. പക്ഷേ, ഇപ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കുകയാണ്. എല്ലാ സമയത്തും എനിക്ക് പിന്തുണ തന്നവർക്കാണ് നന്ദി– മെറീനോ പറഞ്ഞു.











0 comments