കൊടും ക്രൂരം

ഉദയകുമാറിനെ തെളിവെടുപ്പിനായി കൊണ്ടുവരുന്നു
എസ് സുധീഷ്
Published on Jul 12, 2026, 12:47 AM | 1 min read
ചിറ്റൂർ
അരപ്പവനോളം വരുന്ന രണ്ട് മൂക്കുത്തിക്കുവേണ്ടിയാണ് പ്രതികൾ സരസാളിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയിൽ പ്രതികളെ ചോദ്യംചെയ്‌തപ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്. വയോധികയുടെ പക്കൽ ആകെയുണ്ടായിരുന്ന സമ്പാദ്യം രണ്ട് സ്വർണ മൂക്കുത്തികൾ മാത്രമായിരുന്നു. സരസാളിനെ ഉദയകുമാറിന്റെ വീട്ടിലെത്തിച്ചശേഷം പ്രതികൾ ഇരുമ്പുവടി കൊണ്ട് തലയ്‌ക്കടിച്ചുവീഴ്‌ത്തി. നിലത്തുവീണ വയോധികയുടെ നെഞ്ചിൽ പ്രതികൾ അതിക്രൂരമായി ചവിട്ടിപ്പരിക്കേൽപ്പിച്ചു. മരണം പൂർണമായി ഉറപ്പാക്കുന്നതിനായി കൊടുവാൾ ഉപയോഗിച്ച് കഴുത്തിൽ ആഴത്തിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊലപാതകത്തിനുശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം വീടിനുള്ളിലെ ശുചിമുറിയിലെ വലിയ ഡ്രമ്മിലിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു. ഇതിനുശേഷമാണ് അവശേഷിച്ച മൃതദേഹ ഭാഗങ്ങൾ ചാക്കിൽക്കെട്ടി വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് കുഴിച്ചുമൂടിയത്. പൊലീസ് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്. പാലക്കാട് എൽആർ തഹസിൽദാർ കെ രാധാകൃഷ്ണൻ, ഡിവൈഎസ്‌പി എ കുട്ടികൃഷ്ണൻ, കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ കെ എസ് സന്ദീപ്, ചിറ്റൂർ ഇൻസ്പെക്ടർ എം എസ് ഷാജൻ, എസ്ഐ കെ കെ മിഥുൻ ലാൽ, കൊഴിഞ്ഞാമ്പാറ ജിഎസ്ഐ ആർ തോമസ് ഔസേപ്പ്, എഎസ്ഐമാരായ എം വി അനിൽകുമാർ, പി ശാന്തി, വിരലടയാള വിദഗ്‌ധ കെ അയിഷ ഫർവീൻ, സയിന്റിഫിക് ഓഫീസർ അഭിജ്ഞ കൃഷ്ണ, എസ്-സിപിഒമാരായ പി രാജേഷ്, വി ഹരിദാസ് എന്നിവരടങ്ങുന്ന സംഘമാണ് പരിരോധന നടത്തിയത്.











0 comments