ഓർമയെ തൊട്ടുണർത്തിയ നാദം

രോഗശയ്യയിലായിരുന്ന പി ഭാസ്കരനെ കാണാൻ എസ് ജാനകി എത്തി. ജാനകി വന്ന വിവരം ഭാരൃ അറിയിച്ചപ്പോൾ മാസ്റ്റർ ഒരപരിചിതയെ യെന്നവണ്ണം നോക്കി കിടന്നു.
ആരാ മനസ്സിലായില്ലല്ലോയെന്ന് മാസ്റ്റർ ചോദിച്ചു. മാസ്റ്ററുടെ രണ്ടു കൈകളും ചേർത്ത് പിടിച്ച് അവർ പതുക്കെ ഉരുവിട്ടു. മാസ്റ്റർ ഇതു ഞാനാണ് ജാനകി. എന്നിട്ടും പി ഭാസ്കരന് എസ് ജാനകിയെ തിരിച്ചറിയാനായില്ല. "കുറച്ചുകാലമായി മാഷ് ഇങ്ങനെയാണ്. അടുത്ത കുടുംബാംഗങ്ങളെപ്പോലും തിരിച്ചറിയാനാവാത്ത അവസ്ഥ. ഒരു പാട്ടു പാടി നോക്കൂ മുഖം മറന്നാലും ആ ശബ്ദം മറക്കാനാകുമോ മാഷിന്.
' ജാനകി പാടി "തളിരിട്ട കിനാക്കൾ തൻ' ഏതോ ഉൾവിളിയാലെന്നവണ്ണം മാസ്റ്റർ പതുക്കെ കിടക്കയിൽ എഴുന്നേറ്റിരുന്നു. ഇടയിലെവിടെയോവെച്ച് അവരോടൊപ്പം ആ ഗാനത്തിൽ പങ്കുചേർന്നു.
ജാനകി പിന്നെയും പാടി "ഒരു കൊച്ചു സ്വപ്നത്തിൻ', "കേശാദിപാദം തൊഴുന്നേൻ', "ഇന്നലെ നീയൊരു സുന്ദരരാഗമായെൻ', "ആരാധികയുടെ പൂജാ കുസുമം', "താമരക്കുമ്പിളല്ലോ മമ ഹൃദയം'....... ആവേശപൂർവം മാസ്റററും അതിൽ പങ്കുചേർന്നു. ഓർമക്കുറവ് അപ്പോഴൊന്നും അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നില്ല. യാത്രപറഞ്ഞിറങ്ങവേ ജാനകിയുടെ നേർക്ക് കൈകൂപ്പി ഹൃദ്യമായ ഒരു ചിരിയോടെ ചോദിച്ചു 'ഇതാരുടെ പാട്ടുകളാണ് അസ്സലായിട്ടുണ്ടു. ഇനീം വന്നു പാടിത്തരണം'. മാസ്റ്ററുടെ കണ്ണുകളിലേക്ക് നോക്കി ജാനകി നിശ്ശബ്ദയായി നിന്നു. എന്തു മറുപടി പറയാൻ?











0 comments