കൊല്ലം റെയിൽവേ സ്റ്റേഷൻ
രൂപരേഖയിൽ മാറ്റം, നവീകരണം വീണ്ടും വൈകും


സ്വന്തം ലേഖകൻ
Published on Jul 12, 2026, 02:04 AM | 1 min read
കൊല്ലം
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായുള്ള കൊല്ലം റെയിൽവേ സ്റ്റേഷൻ നവീകരണ നിർമാണ പ്രവൃത്തികൾ വീണ്ടും വൈകും. നിർമാണത്തിലിരിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന്റെ രൂപരേഖയിൽ, ശനിയാഴ്‌ച കൊല്ലത്തെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിങ്ങ് മാറ്റം നിർദേശിച്ചതാണ് നിർമാണം വൈകാൻ കാരണം. പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ചുള്ള നിലവിലെ നടപ്പാലം നിലനിർത്തി ടെർമിനൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിക്കാനാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ നിർദേശിച്ചിരിക്കുന്നത്. ഏകദേശം 361.17കോടി ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണം 2027-ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, തുടർച്ചയായി രൂപരേഖയിൽ മാറ്റംവരുത്തുന്നത് കരാർ കന്പനിയെയും എൻജിനിയർ വിഭാഗത്തെയും പ്രതിസന്ധിയിലാക്കുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. തുടർന്ന് എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരുമായി സംസാരിച്ചു. രണ്ടാം പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ച പദ്ധതിയുടെ വിശദ രൂപരേഖ പരിശോധിച്ച ശേഷമാണ് ഒന്നാം ടെർമിനലിൽനിന്നുള്ള നിലവിലെ ഫുട് ഓവർബ്രിഡ്ജ് നിലനിർത്തണമെന്ന നിർദേശം ജനറൽ മാനേജർ നൽകിയത്. ഇതുപ്രകരം രൂപരേഖ വീണ്ടും തയ്യാറാക്കി സാങ്കേതിക അനുമതി ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കേണ്ടിവരും. തുടർന്ന് വിവിധ തലങ്ങളിലെ അനുമതി വേണ്ടിവരും. ഇതുമൂലം പദ്ധതിക്ക് മാസങ്ങളുടെ കാലതാമസം വീണ്ടും ഉണ്ടാവും.











0 comments