കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ കുരുക്ക് രൂക്ഷം
സർവീസ് റോഡിലെ ഉയരവ്യത്യാസം അപകടക്കെണിയാകുന്നു

മെട്രോ റെയിൽ നിർമാണം പുരോഗമിക്കുന്ന കാക്കനാട് ചിൽഡ്രൻസ് ഹോമിന് സമീപത്തെ ഉയരവ്യത്യാസമുള്ള ടിവി സെന്റർ–പൊയ്യച്ചിറ സർവീസ് റോഡിൽനിന്ന് സീപോർട്ട്–എയർപോർട്ട് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനയാത്രക്കാർ
കാക്കനാട്
മെട്രോ റെയിൽ നിർമാണം പുരോഗമിക്കുന്ന ചിൽഡ്രൻസ് ഹോമിന് സമീപത്തെ ടിവി സെന്റർ–പൊയ്യച്ചിറ സർവീസ് റോഡിൽനിന്ന് സീപോർട്ട്–എയർപോർട്ട് റോഡിലേക്ക് പ്രവേശിക്കുന്നത് വാഹനയാത്രക്കാർക്ക് സാഹസിക അഭ്യാസമാകുന്നു. സർവീസ് റോഡിൽനിന്ന് പ്രധാനറോഡിലേക്ക് ഇറങ്ങുന്ന ഭാഗത്തെ വലിയ ഉയരവ്യത്യാസമാണ് അപകടക്കെണിയൊരുക്കുന്നത്. ഇവിടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.
തൃപ്പൂണിത്തുറ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ സീപോർട്ട് റോഡിൽ നീണ്ട ഗതാഗതക്കുരുക്കിൽ അകപ്പെടുമ്പോൾ പരിസരവാസികൾ പ്രധാനമായും ആശ്രയിക്കുന്നതാണ് ഈ സർവീസ് റോഡ്. എന്നാൽ, ഇതിലൂടെയുള്ള പ്രവേശനവും ഇപ്പോൾ ദുഷ്കരമായിരിക്കുകയാണ്. സർവീസ് റോഡ് അവസാനിക്കുന്ന ഭാഗം വലിയരീതിയിൽ ഉയർന്നുനിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് പ്രധാനറോഡിലേക്ക് ഇറങ്ങാനാകുന്നില്ല. താൽക്കാലികമായി മണ്ണിട്ട് ലെവൽ ചെയ്യുകയോ കോൺക്രീറ്റ് ചെയ്ത് ഉയരവ്യത്യാസം ഇല്ലാതാക്കുകയോ ചെയ്യാൻ മെട്രോ അധികൃതർ ഇതുവരെ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.
റോഡിലെ ഉയരവ്യത്യാസം കാരണം സർവീസ് റോഡിൽനിന്ന് സീപോർട്ട് റോഡിലേക്ക് പ്രവേശിക്കുന്ന കാറുകളുടെ അടിഭാഗം ഇടിച്ച് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്. ദിവസവും ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളും വർധിക്കുകയാണ്.
മീഡിയ അക്കാദമിയുടെയും ചിൽഡ്രൻസ് ഹോമിന്റെയും സമീപത്ത് മെട്രോ നിർമാണം വേഗത്തിൽ പുരോഗമിക്കുമ്പോഴും അനുബന്ധറോഡുകളിലെ കുഴികളും ഉയരവ്യത്യാസവും പരിഹരിക്കാത്തതാണ് കുരുക്ക് രൂക്ഷമാക്കുന്നത്. മഴ ശക്തമായതോടെ റോഡിലെ കുഴികളും തകർച്ചയും വർധിച്ചു. ഇതുമൂലം മണിക്കൂറുകളോളമാണ് വാഹനങ്ങൾ ഇവിടെ കിടന്നുരുകുന്നത്.
ഉയരവ്യത്യാസം കാരണം സർവീസ് റോഡിൽനിന്ന് സീപോർട്ട് റോഡിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയാത്ത ഇരുചക്രവാഹനയാത്രക്കാർ ഒടുവിൽ നടപ്പാതയിലൂടെ വാഹനം ഓടിച്ചാണ് പ്രധാന റോഡിലെത്തുന്നത്. ഇത് കാൽനടക്കാർക്ക് വലിയ ബുദ്ധിമുട്ടും അപകടസാധ്യതയും സൃഷ്ടിക്കുന്നുണ്ട്.
ചിൽഡ്രൻസ് ഹോമിനും മീഡിയ അക്കാദമിക്കും ഇടയിലുള്ള ഭാഗം വീതികൂട്ടി സഞ്ചാരയോഗ്യമാക്കുകയും, സർവീസ് റോഡും സീപോർട്ട് റോഡും തമ്മിലുള്ള ഉയരവ്യത്യാസം അടിയന്തരമായി പരിഹരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.











0 comments