ad
Deshabhimani

റോഡ് കൊലക്കളമാക്കി 
സ്വകാര്യബസുകള്‍

private bus

ലൈസന്‍സില്ലാത്തയാൾ ഓടിച്ച സ്വകാര്യബസ് ചെറായി പാടത്ത് അപകടത്തിൽപ്പെട്ടപ്പോൾ

വെബ് ഡെസ്ക്

Published on Jul 12, 2026, 03:01 AM | 1 min read

കൊച്ചി


പൊതുനിരത്തുകളെ ചോരക്കളമാക്കി സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മരണപ്പാച്ചിലും നിയന്ത്രണമില്ലാതെ തുടരുന്നു. പൊലീസിനെയും മോട്ടോർ വാഹനവകുപ്പിനെയും കാഴ്‌ചക്കാരാക്കിയാണ്‌ സ്വകാര്യ ബസുകളുടെ കൊലവിളി. അപകടം ക്ഷണിച്ചുവരുത്തുന്ന മരണവേഗത്തിനുപുറമെ നിസ്സാരകാര്യങ്ങളെച്ചൊല്ലി ജീവനക്കാർ നടുറോഡിൽ ഏറ്റുമുട്ടുന്നതും യാത്രികർ ഉൾപ്പെടെ ആക്രമണത്തിനിരയാകുന്നതും പതിവായി. ​


സ്വകാര്യബസുകളുടെ മരണപ്പാച്ചിലിന്റെ ഒടുവിലത്തെ ഇരയാണ് വ്യാഴാഴ്ച മരിച്ച ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തൊഴിലാളി കാസര്‍കോട് സ്വദേശി സുനില്‍കുമാര്‍ (46). വ്യാഴം രാത്രി എട്ടോടെ കച്ചേരിപ്പടി ആശീര്‍ഭവന് സമീപമായിരുന്നു അപകടം. എറണാകുളം–ചേരാനല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഇടിച്ചത്. ഓട്ടോയെ ബസ്‌ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ തട്ടി. റോഡിൽ വീണ സുനില്‍കുമാറിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങിയാണ്‌ മരണം.


ആഗസ്‌ത്‌ അഞ്ചിനാണ്‌ കളമശേരിയിൽ ഭക്ഷണവിതരണ തൊഴിലാളിയായ ആലുവ അത്താണി സ്വദേശി അബ്ദുൾ സലാം (41) സ്വകാര്യ ബസിടിച്ച്‌ മരിച്ചത്‌. സൗത്ത് കളമശേരി മേൽപ്പാലത്തിനുതാഴെ ആലുവയിലേക്ക് ബൈക്കിൽ പോകുന്പോഴാണ്‌ പിന്നാലെവന്ന ബസ് ഇടിച്ചുവീഴ്‌ത്തിയത്‌.

സമയക്രമത്തെച്ചൊല്ലി ശനിയാഴ്ച കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി.


വടിവാളുമായി ജീവനക്കാരൻ മറ്റൊരു ബസിലെ ജീവനക്കാരനെ ആക്രമിച്ചു. ആക്രമണദൃശ്യം പുറത്തുവന്നു. ‌ചൊവ്വ വൈകിട്ട് പാലാരിവട്ടം ബൈപ്പാസില്‍ പൂത്തോട്ട-–കലൂര്‍ റൂട്ടിലോടുന്ന ബസിലെ ഡ്രൈവറെ ഇടക്കൊച്ചി റൂട്ടിലോടുന്ന ബസിലെ ഡ്രൈവര്‍ മര്‍ദിച്ചു. ഇത് ചോദ്യംചെയ്ത യാത്രക്കാരന്‌ കണ്ടക്ടറുടെ മർദനമേറ്റു. ജൂൺ 12ന് പറവൂരില്‍ ബസ് ജീവനക്കാരുടെ അടിപിടിയിലാണ്‌ ഡ്രൈവര്‍ ഏഴിക്കര സ്വദേശി സിബി മരിച്ചത്. സമയക്രമത്തെ ചൊല്ലിയായിരുന്നു തർക്കം.


മെയ് 27ന് പറവൂർ ചെറായി പാടത്ത് അപകടത്തിൽപ്പെട്ട ബസ് ഡ്രൈവറുടെ ലൈസന്‍സ് വ്യാജമായിരുന്നു. കോതമംഗലത്ത് കോഴിപ്പിള്ളിയില്‍ വളവ് വീശിയെടുത്ത സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ കന്യാസ്ത്രീ ചികിത്സയിലിരിക്കെ മരിച്ചതും കഴിഞ്ഞ ദിവസമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home