ജില്ലാതല ക്വിസ് മത്സരം
അറിവാവേശം...

ഓര്‍മയിലുണ്ട് ഉത്തരം... വായന മാസാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കര്‍ ഫൗണ്ടേഷന്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല വായന ക്വിസ് മത്സരത്തില്‍നിന്ന്
സ്വന്തം ലേഖിക കോഴിക്കോട് "ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വര്‍ത്തമാന പത്രമേത്'? "ആശയവിനിമയത്തിന് സ്-മൈലി സംഭാവന ചെയ്ത വ്യക്തിയാര്'? ചോദ്യങ്ങൾ ചോദിച്ച് തീരുംമുമ്പേ മിടുക്കികളും മിടുക്കന്മാരും ഉത്തരങ്ങൾ കടലാസിൽ കുറിച്ചിട്ടു. അറിയാവുന്നവ ആവേശത്തോടെ കേട്ടും പുതിയ അറിവുകൾ കൗതുകത്തോടെ മനസ്സിലാക്കിയും കുട്ടികൾ മത്സരിച്ചു. പി എന്‍ പണിക്കര്‍ അനുസ്മരണ വായനദിന- വായന മാസാചരണത്തിന്റെ ഭാഗമായി ബിഇഎം ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല ക്വിസ് മത്സരത്തിലാണ് കുട്ടികളുടെ മത്സരാവേശം ദൃശ്യമായത്. 52 സ്‌കൂളുകളില്‍നിന്നായി 83 വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തില്‍ കൂത്താളി വിഎച്ച്എസ്എസ് വിദ്യാർഥി ഗൗതം എസ് നാരായൺ ഒന്നും എളേറ്റിൽ എംജെ എച്ച്എസ്എസ് വിദ്യാർഥി അമൻ ഫയാസ് രണ്ടും സ്ഥാനം നേടി. വിജയികള്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. സംസ്ഥാനതല വിജയിക്ക് ഒരുലക്ഷം രൂപയാണ് സമ്മാനത്തുക. പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണവിഭാഗം കാന്‍ഫെഡും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി അഡ്വ. കെ ജയന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എം രാജന്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ വത്സന്‍ നെല്ലിക്കോട് മുഖ്യാതിഥിയായി. കൗണ്‍സിലര്‍ ശ്രീജ സി നായര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പുത്തൂര്‍മഠം ചന്ദ്രന്‍, അസി. എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി ടി സുജാത, സി രമേശന്‍, ഇ അനീഷ് എന്നിവര്‍ സംസാരിച്ചു.











0 comments