print edition ജെൻ സിയും കടന്ന കിളിയേ... കിളിയേ...

കെ എസ് ചിത്രയ്ക്കും പി സുശീലയ്ക്കുമൊപ്പം
തലമുറകളുടെ അതിർത്തി ഭേദിച്ച ശബ്ദമാണ് എസ് ജാനകിയുടേത്. 1957-ൽ 19-ാം വയസ്സിൽ "എംഎൽഎ" എന്ന തെലുങ്ക് ചിത്രത്തിൽ ഘണ്ടശാല വെങ്കിടേശ്വരറാവുവുമൊത്ത് പാടിയ ആദ്യ ഗാനം മുതൽ 2017-ൽ അവതരിപ്പിച്ച അവസാന കച്ചേരി വരെ ഇടറാതെ നിന്ന സ്വരമാധുര്യം. 2016-ൽ പുറത്തിറങ്ങിയ പത്ത് കൽപനകൾ എന്ന ചിത്രത്തിലെ "ലല്ലല്ലം ചൊല്ലും" എന്ന ഗാനമാണ് മലയാളത്തിൽ അവസാനത്തേത്.
കാലങ്ങൾക്ക് ശേഷം മലയാളികൾ, പ്രത്യേകിച്ച് ജെൻ സി (Gen Z) തലമുറ ഏറ്റവും കൂടുതൽ ഇന്റർനെറ്റിൽ അന്വേഷിച്ചെത്തിയ ജാനകിയമ്മയുടെ ഗാനം ഇളയരാജ ഈണമിട്ട "ആ രാത്രി" എന്ന സിനിമയിലെ 'കിളിയേ... കിളിയേ...' എന്ന് തുടങ്ങുന്ന പാട്ടിന്റെ റീമിക്സ് പതിപ്പായിരുന്നു. 1983-ൽ പുറത്തിറങ്ങിയ സിനിമയിലെ ഗാനം 2023-ൽ ഇൻസ്റ്റഗ്രാം കയ്യടക്കിയത് ലോക ക്ലബ്ബ് ഫുട്ബോൾ രാജാക്കന്മാരായ സ്പെയിനിലെ റയൽ മാഡ്രിഡ് എഫ്സിയിലൂടെയായിരുന്നു. ഒക്ടോബറിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ നാപ്പോളിക്കെതിരായി റയൽമാഡ്രിഡ് താരങ്ങൾ നേടിയ ഗോളുകളും അതിന്റെ ആഘോഷങ്ങളുമടങ്ങിയ വീഡിയോയുടെ പശ്ചാത്തലമായാണ് ജാനകിയുടെ ശബ്ദം വീണ്ടും ട്രെൻഡിങ്ങായത്.
റയൽ മാഡ്രിഡിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ഇന്ത്യൻ റീജിയണൽ പോസ്റ്റായാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. ഡി ജെ ശേഖർ മിക്സ് ചെയ്ത റീമിക്സ് വേർഷനാണ് റയൽ മാഡ്രിഡ് സോഷ്യൽ മീഡിയ ടീം ഉപയോഗിച്ചത്. പാൻ ഇന്ത്യൻ തരംഗമായ മലയാളചിത്രം "മഞ്ഞുമ്മൽ ബോയ്സി"ന്റെ ആത്മാവായ 'കണ്മണി അൻപോട്' പാട്ടിലെ ശബ്ദവും ജാനകിയുടേതായിരുന്നു.










0 comments