ad
Deshabhimani

റെയിൽവേ സ്‌റ്റേഷൻ അപകടം

തകർന്നുവീണ കെട്ടിടം പൊളിച്ചുമാറ്റി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്ലാറ്റ്ഫോമിലെ ഗോപുരം പൂര്‍ണമായും പൊളിച്ചശേഷം യുടിവി മെഷീന്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നു.

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്ലാറ്റ്ഫോമിലെ ഗോപുരം പൂര്‍ണമായും പൊളിച്ചശേഷം യുടിവി മെഷീന്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Jul 12, 2026, 02:07 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ റെയിൽവേ സ്‌റ്റഷനിൽ തകർന്നുവീണ ക്ലോക്ക്‌ ടവർ മുഴുവനായും പൊളിച്ചുനീക്കി. വ്യാഴം പകലാണ്‌ രണ്ട്‌–മൂന്ന്‌ ട്രാക്കുകൾക്കിടയിൽ ഓഫീസുകളടക്കം പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമിലെ ക്ലോക്ക്‌ ടവർ തകർന്നുവീണത്‌. ശനി രാവിലെ 7.30 ഓടെ ഡ്രില്ലിങ്‌ മെഷീന്‍ ഉപയോഗിച്ച് പാളികളായി മുറിച്ചുമാറ്റിയും കയറിട്ട്‌ വലിച്ചും ശേഷിച്ചഭാഗം പൂർണമായും പൊളിച്ചു. തുടർന്ന്‌ അവശിഷ്‌ടങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ കോരി യൂട്ടിലിറ്റി ട്രാക്ക്‌ വെഹിക്കിളിലാക്കി പ്ലാറ്റ്‌ഫോമിൽനിന്ന്‌ മാറ്റി. ഒരുമിച്ച് പൊളിച്ചാല്‍ അപകടസാധ്യതയുള്ളതിനാല്‍ കെട്ടിടത്തിന് സമാന്തരമായി ഇരുമ്പ് കാലുകള്‍ ഉറപ്പിച്ചശേഷം മൂന്ന് തൊഴിലാളികളുടെ സഹായത്തോടെയാണ്‌ മെഷീൻ ഉപയോഗിച്ചത്‌. അവശിഷ്‌ടങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മന്ദഗതിയിലായിയിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം മണ്ണുമാന്ത്രി യന്ത്രമുപയോഗിച്ച്‌ മണ്ണും കട്ടയും മാറ്റാനായിരുന്നു ആദ്യശ്രമം. പിന്നീട്‌ തൊഴിലാളികളെ ഉപയോഗിച്ച്‌ കട്ടകൾ അർബാനയിൽ പെറുക്കിയെടുത്തും മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിൽ കോരിയുമാണ്‌ നീക്കിയത്‌. അവശിഷ്‌ടങ്ങൾ നീക്കുന്നതിലുണ്ടായ താമസം വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. റെയിൽവേ എൻജിനിയറിങ്‌ വിഭാഗത്തിന്റെ പരിശോധനയിൽ ബലക്ഷയമുണ്ടെന്ന്‌ കണ്ടെത്തിയ കെട്ടിടത്തിന്റെ ഭാഗമായുള്ള ഗോപുരമാണ്‌ തകർന്നുവീണത്‌. ഇതിനൊപ്പമുള്ള മറ്റൊരു ഗോപുരവും അപകടാവസ്ഥയിലാണ്‌. രണ്ടുദിവസത്തിനുശേഷം ഇ‍ൗ ഗോപുരവും പൊളിച്ചുനീക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നിയന്ത്രിത പൊളിച്ചുമാറ്റലിനാണ്‌ ശ്രമിക്കുക. ട്രെയിനുകളുടെ ട്രാക്ക്‌ ക്രമീകരിച്ച്‌, സമയം പരിശോധിച്ച്‌, നിശ്‌ചിത ഇടവേളകളിലായിട്ടാകും പൊളിക്കുക. തകർന്ന ടവറിന്റെ ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കിയത്‌ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നുള്ള വിമർശനമുണ്ടായിരുന്നു. മൂന്നിൽ ഗതാഗതം
 പുനഃസ്ഥാപിച്ചു ക്ലോക്ക്‌ ടവർ തകർന്നുവീണതിനെ തുടർന്ന്‌ ഒഴിവാക്കിയ മൂന്നാം ട്രാക്കിലെ ഗതാഗതം പുനഃസ്ഥാപിച്ചു. ശനി പകൽ 12.45 ഓടെ കോഴിക്കോട്‌–കെഎസ്‌ആർ ബംഗളൂരു എക്‌സ്‌പ്രസ്‌ ട്രാക്കിലെത്തി വൈകിട്ട്‌ ബംഗളൂരുവിലേക്ക്‌ തിരിച്ചു. മറ്റ്‌ വണ്ടികളും മൂന്നാം പ്ലാറ്റ്ഫോമിലൂടെ സര്‍വീസ് പുനരാരംഭിക്കുകയും നിശ്ചിത സമയക്രമത്തില്‍ സര്‍വീസ് നടത്തുകയും ചെയ്തു. നിലവിൽ രണ്ടാം ട്രാക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്‌. ഇവിടെ നിന്ന്‌ പകൽ 2.05-ന് പുറപ്പെടേണ്ട കണ്ണൂര്‍–കോഴിക്കോട് എക്സ്പ്രസ് വെസ്റ്റ്ഹില്‍ സ്റ്റേഷനില്‍നിന്നാണ് സര്‍വീസ് ആരംഭിച്ചത്. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഇടിഞ്ഞുകിടക്കുന്ന കെട്ടിടഭാഗത്തിന് സമീപത്തേക്കുള്ള യാത്രക്കാരുടെ പ്രവേശനം സുരക്ഷാകാരണങ്ങളാല്‍ വിലക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളുടെ ഫിറ്റ്‌നസ്‌ പരിശോധനകൾ പൂർത്തിയാക്കിയശേഷമേ ഇ‍ൗ ട്രാക്കിലൂടെയുള്ള ഗതാഗതത്തിന്‌ അനുമതി നൽകൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home