കേന്ദ്രത്തിന്റെ കടുംവെട്ടിൽ അന്നം മുട്ടും

സ്വന്തംലേഖിക
Published on Jul 12, 2026, 02:06 AM | 1 min read
കൊല്ലം
അന്ത്യോദയ അന്നയോജന (എഎവൈ) പദ്ധതിയിൽ കേന്ദ്രസർക്കാർ ഭക്ഷ്യധാന്യം വെട്ടിക്കുറയ്‌ക്കുന്നത് ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാകും. ജില്ലയിൽ എഎവൈ ഗുണഭോക്താക്കൾ ഏറെയുള്ളത് തീരദേശത്താണ്. പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് 35കിലോ ധാന്യം സൗജന്യമായാണ് വിതരണംചെയ്യുന്നത്. ഇത് വ്യക്തിഗത അടിസ്ഥാനത്തിൽ ഒരാൾക്ക് ഏഴുകിലോ അരിയിലേക്ക് ചുരുക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തീരുമാനം. ആളുകളുടെ എണ്ണം അനുസരിച്ചായാലും 35കിലോയിൽ കൂടുതൽ അരി ലഭിക്കില്ല. ഇത്തരത്തിൽ അഞ്ചിൽ താഴെ ആളുകളുള്ള കുടുംബങ്ങൾക്ക് അവകാശപ്പെട്ട അരി ഇല്ലാതാകും. സാന്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരാണ് പദ്ധതിഅംഗങ്ങൾ. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മീൻലഭ്യത കുറയുകയും ശക്തമായ കാറ്റും മഴയും കാരണം കടലിൽ പോകാനാകാതെ തൊഴിൽദിനങ്ങൾ കുറയുകയും ഇന്ധനവില അടിക്കടി കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ വൻ കടക്കെണിയിലേക്കാണ് തൊഴിലാളികൾ നീങ്ങുന്നത്. അതിനിടയിലാണ് കേന്ദ്രസർക്കാരിന്റെ ഇരുട്ടടി. വർഷങ്ങളായി ഓരോ മാസവും 35കിലോ അരി സൗജന്യമായി ലഭിച്ചത് തൊഴിലാളികൾക്ക് ആശ്വാസമായിരുന്നു. ഇനിമുതൽ പൊള്ളുന്ന വിലയ്‌ക്ക് പൊതുമാർക്കറ്റുകളിൽനിന്ന് അരി വാങ്ങേണ്ട ഗതികേടിലാണ് തൊഴിലാളികൾ.











0 comments