ad
Deshabhimani

print edition നൊന്തുപിറന്ന 
ഗാനങ്ങൾ

s janaki
avatar
കെ വി ശ്രുതി

Published on Jul 12, 2026, 01:17 AM | 2 min read

പ്രിയപ്പെട്ടവരെ ഓർത്ത മലയാളിയുടെ മനസ്സിൽ കുളിർമഴയായാണ് ആ ശബ്ദം പെയ്തത്. വിരഹാർദ്രമായി, പ്രണയത്തിന്റെ തളിരുകളണിഞ്ഞ് അവർ ആരെയൊക്കെയോ കാത്തു. വീണക്കമ്പിയിൽനിന്ന് ഉതിർന്നപോലെയുള്ള പകരംവെക്കാനില്ലാത്ത ആ നാദവിസ്മയത്തെ എസ് ജാനകിയെന്ന് വിളിച്ചു.

മൂന്നാം വയസ്സിൽ സംഗീതത്തെ ഉപാസിച്ചുതുടങ്ങി. അമ്മാവൻ ഡോ. ചന്ദ്രശേഖറാണ് പ്രതിഭ തിരിച്ചറിഞ്ഞത്. പത്താം വയസ്സിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്ത്രീയ പഠനം. പതിനൊന്നിൽ ക്രാന്തി കലാമണ്ഡലിക്കുവേണ്ടി പരിപാടി. ആകാശവാണിയുടെ ദേശീയഗാന മത്സരത്തിലെ രണ്ടാം സ്ഥാനം നാഴികക്കല്ലായി. തുടർന്ന് സംഗീത പഠനത്തിന് മദ്രാസിലേക്ക്. എവിഎം സ്റ്റുഡിയോയിൽ ജോലി. 57ൽ "വിധിയിൻ വിളയാട്ട്" പാടി പിന്നണി ഗാനരംഗത്ത്. "എംഎൽഎ" എന്ന തെലുങ്ക് ചിത്രത്തിന് ഘണ്ടശാല വെങ്കിടേശ്വരറാവുവുമൊത്ത് പാടിയതാണ് പുറത്തിറങ്ങിയ ആദ്യഗാനം. ഭാഷ നിഷ്പ്രഭമാക്കിയ ആ ശബ്ദം ജനം സ്വീകരിച്ചു. അതേവർഷം "മിന്നുന്നതെല്ലാം പൊന്നല്ല"യിലൂടെ മലയാളത്തിലും എത്തി.


എം എസ് ബാബുരാജാണ് ആ ശബ്ദ മാന്ത്രികം തിരിച്ചറിഞ്ഞത്. കുട്ടികളുടെ സ്വരത്തിൽ പാടാനുള്ള കഴിവ് "കോക്കാമന്തീ കോനനിറച്ചി... ആർക്കുവേണം" എന്നു തുടങ്ങുന്ന രവീന്ദ്രസംഗീതത്തിൽ പാടാനും അവസരം നൽകി. ബീബിക്കുഞ്ഞമ്മ, മാമാട്ടിക്കുട്ടിയമ്മ തുടങ്ങിയവയിലും കുട്ടിപ്പാട്ട്. ലളിത വസ്ത്രധാരണവും പെരുമാറ്റവും അവരെ വ്യത്യസ്തയാക്കി. മലയാളത്തിൽ മാത്രം 1300ൽ പരം പാട്ട്. വരികൾക്ക് ഭാവംപകർന്ന് ആസ്വാദക മനസ്സിൽ വികാരപ്രപഞ്ചം സൃഷ്ടിച്ചു. ഒരു റെക്കോർഡിങ്ങിനിടെ ഉസ്താദ് ബിസ്മില്ലാഖാൻ ജാനകിയുടെ പാട്ടുകേട്ട് ഷെഹനായ് വായിക്കാൻ മറന്നതും സംഗീതസംവിധായകൻ ഓർമ്മിപ്പിച്ചതും ആ മാന്ത്രികതക്ക് സാക്ഷ്യം.


ശാരീരികാസ്വാസ്ഥ്യങ്ങളുടെ ഇടയിൽനിന്നാണ് ഉഷാ ഖന്നയുടെ മൂടൽമഞ്ഞിലെ "മാനസമണിവേണുവിൽ", "ഉണരൂ വേഗം നീ" തുടങ്ങിയവ പാടിയത്. നൊന്തുപിറന്ന ആ ഗാനങ്ങളും ഹിറ്റ്. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങൾക്ക് ജാനകി ഗാനങ്ങളെഴുതി. സംഗീതം നൽകി പാടിയ കാസറ്റുകളും ത്യാഗരാജ കീർത്തനങ്ങളും മീരാഭജനും ഇന്നും ജനങ്ങൾ മൂളുന്നു. ബിസ്മില്ലാഖാന്റെ ഷെഹനായിക്കൊപ്പം കന്നഡയിലും, എം എസ് ഗോപാലകൃഷ്ണന്റെ വയലിനോടൊപ്പവും, തെലുങ്കിൽ ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴലിനൊപ്പവും ആ ശബ്ദം വഴിയൊഴുകി.


നാല് ദേശീയ അവാർഡ്, 14 തവണ കേരള സംസ്ഥാന അവാർഡ്, പത്തുവട്ടം ആന്ധ്രപ്രദേശ് അവാർഡ്, ഏഴു തവണ തമിഴ്നാട് സംസ്ഥാന അവാർഡ്, കലൈമാമണി പുരസ്കാരം, മൈസൂരു യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് തുടങ്ങി അംഗീകാരങ്ങൾ നിരവധി. ഭർത്താവ് ടി രാമപ്രസാദിന്റെ മരണശേഷം സിനിമയിൽനിന്ന് പിൻവലിഞ്ഞു. പിന്നീട് ചെന്നൈയിൽ ബിസിനസ് നടത്തുന്ന മകൻ മുരളീകൃഷ്ണനൊപ്പം. 2012ൽ വഴുതിവീണ് തലക്ക് പരിക്ക്. നീണ്ട ചികിത്സ. ശേഷം സതീഷ് വർഷൻ സംഗീതസംവിധാനം നിർവ്വഹിച്ച "വെള്ളൈ കാകിതം" ചിത്രത്തിൽ പാടി. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ വൈകാരികത കോർത്തിണക്കിയ "വിഴിയോരം വിഴിയോരം മഴൈകാലം", പ്രായം തളർത്താത്ത ആ സ്വരത്തിലൂടെ പെയ്തു. "വേലൈ ഇല്ല പട്ടധാരി (വിഐപി)" യിൽ ധനുഷിനൊപ്പവും പാടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home