print edition ഹൃദയവീചികളില്‍

ഗായകന്‍ കെ പി ഉദയഭാനുവിനൊപ്പം

വി ജയിൻ
Published on Jul 12, 2026, 12:58 AM | 2 min read
ആലാപനത്തിലൂടെ സിനിമാഗാനത്തിന് കവിതയേക്കാൾ ആർദ്രതയും മാധുര്യവും ഭംഗിയും ഉൾക്കാമ്പും നൽകിയ ഗായികമാരെ ഓർക്കുമ്പോൾ മലയാളത്തിൽ എസ് ജാനകിയുടെ ഗാനങ്ങളാണ് അലയടിക്കുക. ഇന്ത്യയാകെയെടുത്താൽ ലത മങ്കേഷ്‌കർ കൂടിയേ മനസ്സിലെത്തുന്നുള്ളു. പാട്ടിലൂടെ ഹൃദയം കൈമാറി ജാനകി. പ്രണയം, വിരഹം, ശോകം, ആനന്ദം എന്നീ വികാരങ്ങളുടെ ചക്രവാളസീമകളിൽ പോയി തൊട്ട ഗായിക. ആധുനിക മലയാളസിനിമയുടെ ഏഴരപ്പതിറ്റാണ്ടിൽ അഞ്ചു തലമുറകളെ തന്റെ പാട്ടിലൂടെ ആലോലമാട്ടിയ മറ്റൊരു ഗായികയില്ല.
അമ്പതുകളുടെ രണ്ടാംപകുതിമുതൽ ആ അത്ഭുതം ഇരുനൂറിലധികം സംഗീതസംവിധായകരുടെ പാട്ടുപാടി. 1954ൽ ഇറങ്ങിയ ‘നാഗിൻ' ഹിന്ദി സിനിമയിലെ ‘മേരാ ദിൽ യേ പുകാരേ ആജാ'യുടെ തനിപ്പകർപ്പായി 1957ൽ ‘മിന്നുന്നതെല്ലാം പൊന്നല്ല' സിനിമയിലെ ‘ഇരുൾ മൂടുകയോ എൻവാഴ്വിൽ' എന്ന പാട്ട് ഒറിജിനലിനെ വെല്ലുന്നതായി. എന്താണ് ജാനകിയുടെ സവിശേഷത? കവിതയുടെ ആത്മാവറിഞ്ഞ പാട്ട് എന്ന് ഉത്തരം പറയാം. എം എസ് ബാബുരാജാണ് മലയാളത്തിൽ ആ കഴിവ് ഏറ്റവും കലാത്മകമായി ഉപയോഗിച്ചത്. വയലാർ‐ദേവരാജൻ ദ്വയത്തിന്റെ വളരെ കുറച്ച് ഗാനങ്ങളേ ജാനകി പാടിയുള്ളൂ. ദേവരാജന്റെ പ്രിയഗായിക സുശീലയായിരുന്നു. ഉച്ചസ്ഥായിയിൽ പാടുമ്പോൾ ശബ്ദം നേർക്കുമെന്നത് ജാനകിയുടെ അയോഗ്യതയായി ദേവരാജൻ കണക്കാക്കി. ഹിന്ദുസ്ഥാനി രാഗങ്ങളുടെ മൃദുസ്പർശംകൊണ്ട് മനോഹരമാക്കിയ ചില ഗാനങ്ങളാണ് ബാബുരാജ് ജാനകിക്ക് നൽകിയത്.
മധ്യസ്ഥായിയിൽ രാഗസഞ്ചാരത്തിന്റെ അത്ഭുതലോകം തീർക്കാനുള്ള അവസരങ്ങളെല്ലാം ജാനകി അവിസ്മരണീയമാക്കി. തളിരിട്ട കിനാക്കൾ, വാസന്ത പഞ്ചമിനാളിൽ, പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു, ഒരു കൊച്ചുസ്വപ്നത്തിൻ, ഈറനുടുത്തുകൊണ്ടംബരം ചുറ്റുന്ന, താമരക്കുമ്പിളല്ലോ മമഹൃദയം, താനേ തിരിഞ്ഞും മറിഞ്ഞും, അവിടുന്നെൻ ഗാനം കേൾക്കാൻ, സ്വർണവളകളിട്ട കൈകളിൽ എന്നിവ പി ഭാസ്കരന്റെയും ബാബുരാജിന്റെയും ഉത്തമസൃഷ്‌ടികൾ. ജാനകി ആ ഗാനങ്ങളെ മലയാളസിനിമയുടെ നാഴികക്കല്ലുകളാക്കി മാറ്റി. ഭാർഗവീനിലയത്തിലെ പൊട്ടിത്തകർന്ന കിനാവ്, പൊട്ടാത്ത പൊന്നിൻ കിനാവ് എന്നീ ഗാനങ്ങൾ വികാരങ്ങളുടെ രണ്ടു ധ്രുവങ്ങളെ കാട്ടിത്തരുന്നു. വാസന്ത പഞ്ചമിനാളിൽ മലയാളത്തിലെ ഏറ്റവും ഭാവദീപ്തമായ വിരഹഗാനമാണ്. ദുഃഖത്തിലേക്ക് വഴുതിവീഴാതെ വിരഹത്തെ പ്രണയത്തോട് ചേർത്തുനിർത്തുന്ന ആലാപനമാണ് ജാനകിയുടേത്.
"ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം’ എന്ന് അതി വൈകാരികതയോടെയും ഗൃഹാതുരതയോടെയും ഒ എൻ വി എഴുതിയത്, അതേ തീവ്രതയോടെ മലയാളികൾ അനുഭവിച്ചത് എസ് ജാനകിയുടെ ആലാപനത്തിലൂടെയാണ്. ഒരു നാടിന്റെ ഭാഷയും സംസ്കാരവും അവിടെയുള്ള മനുഷ്യരുടെ സൂക്ഷ്‌മ വികാരങ്ങളും ആവാഹിക്കാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ ഇങ്ങനെ ഒരു കവിതയെ സംഗീതമായി പുനരാവിഷ്‌കരിക്കാൻ കഴിയൂ. എം ബി ശ്രീനിവാസന്റെ സംഗീതാശയത്തെ അതിമനോഹരമായാണ് ജാനകി ഈ ഗാനത്തിലൂടെ ആവിഷ്കരിക്കുന്നത്.
തലമുറകളോളം കേരളീയ യുവത്വത്തെ ഗൃഹാതുരതയിൽ നിമഗ്നമാക്കാൻ ആ ഗാനത്തിന് കഴിഞ്ഞു. "താനേ തിരിഞ്ഞും മറിഞ്ഞും’ എന്ന പി ഭാസ്കരന്റെ രചനയെ അതിമനോഹരമായ കാവ്യാനുഭൂതിയാക്കി മാറ്റിയതും ജാനകിയുടെ ആലാപനം. രാത്രിയുടെ തണുത്ത ലഹരിയിൽ മയങ്ങിക്കിടക്കുന്ന ചന്ദ്രബിംബത്തെ ഇത്ര മനോഹരമായി മലയാളികളുടെ മനസ്സിൽ വരച്ചിട്ട മറ്റൊരു ഗാനാനുഭവം പറയാനാകില്ല. സിനിമയിൽ ആ ഗാനചിത്രീകരണം വരച്ചുകാട്ടുന്നതിനേക്കാൾ തീവ്രമാണ് ആ ഗാനത്തിന്റെ ശ്രവണാനുഭവം.
കാൽപ്പനികത ഓരോ കാലഘട്ടത്തിലും വ്യത്യസ്ത രൂപങ്ങൾ പ്രാപിക്കുന്നുണ്ട്. അത് മനുഷ്യവികാസത്തിന്റെയും സാമൂഹ്യ വളർച്ചയുടെയും മാറ്റങ്ങൾക്കനുസരിച്ച് മാറിവരുന്ന കാഴ്ചപ്പാടുകളെ ആശ്രയിച്ചായിരിക്കും. ജാനകിയുടെ പാട്ടുകളിലെ കാൽപ്പനിക, വൈകാരിക ആവിഷ്കാരങ്ങളെ ആ കാലത്തിന്റെ പശ്ചാത്തലത്തിൽ ആസ്വദിക്കാനും മനസ്സിലാക്കാനും കഴിയേണ്ടതുണ്ട്. വാസന്ത പഞ്ചമിനാളിൽ, ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ, സൂര്യകാന്തീ സൂര്യകാന്തീ തുടങ്ങിയ മനോഹര ഗാനങ്ങളിലെ സാഹിത്യവും ഭാവപരിസരവും ആ കാലവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ, അതിലെ സംഗീതഭാഗം അതിമനോഹരവും ആലാപനം അതിമധുരവുമാണെന്ന് പറയാതിരിക്കാനാകില്ല.
മലയാളഗാനങ്ങൾ തെലുഗിൽ എഴുതിയെടുത്ത് ഉച്ചാരണം ശ്രദ്ധയോടെ മനസ്സിലാക്കിയാണ് ജാനകി പാടിയത്. പാട്ടിന്റെ സാഹിത്യത്തിലൂടെ മാത്രമല്ല ജാനകി സഞ്ചരിച്ചത്. കഥാപാത്രങ്ങളെ മനസ്സിലാക്കി അവരുടെ മാനസിക വ്യാപാരങ്ങൾ ഉൾക്കൊണ്ടാണ് പാടിയത്. അതിനാൽ സിനിമ ആവശ്യപ്പെടുന്ന വികാരപ്രപഞ്ചം പാട്ടിലൂടെ സൃഷ്ടിക്കാൻ കഴിഞ്ഞു. കേൾക്കുന്നവർക്ക് വേദന തോന്നണമെന്നതായിരുന്നു ശോകഗാനങ്ങൾ പാടിയപ്പോൾ അവരുടെ ലക്ഷ്യം.










0 comments