print edition വിംബിൾഡൺ ടെന്നീസ്; നൊസ്‌കോവ ചാമ്പ്യൻ

വിംബിൾഡൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടവുമായി ചെക്ക് താരം ലിൻഡ നൊസ്‌കോവ
ലണ്ടൻ: വിംബിൾഡൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ചെക്ക് താരം ലിൻഡ നൊസ്‌കോവയ്‌ക്ക്. മൂന്ന് സെറ്റ് നീണ്ട ഫൈനലിൽ നാട്ടുകാരിയായ കരോലിന മുചോവയെ 6–2, 5–7, 6–3ന് കീഴടക്കി. ഇരുപത്തൊന്നുകാരിയുടെ ആദ്യ ഗ്രാൻഡ്‌സ്ലാം കിരീമാണ്.
ആദ്യ സെറ്റ് നൊസ്‌കോവ അനായാസം നേടി. ഏകപക്ഷീയമെന്ന് കരുതിയ കലാശപ്പോരിൽ രണ്ടാംസെറ്റിൽ മുചോവ അവിശ്വസനീയ തിരിച്ചുവരവ് നടത്തി. രണ്ടാം സെറ്റിൽ നൊസ്‌കോവ മൂന്നുതവണ ഒറ്റ പോയിന്റിന് ചാമ്പ്യൻഷിപ്പിന് അടുത്തെത്തിയതാണ്. എന്നാൽ മുചോവ കളംനിറഞ്ഞു കളിച്ചു. നിർണായകമായ മൂന്നാം സെറ്റിൽ തിരിച്ചടിച്ച നൊസ്‌കോവ രണ്ടര മണിക്കൂറിൽ കളിയും കിരീടവും സ്വന്തമാക്കി. ലോക റാങ്കിങ്ങിലെ പന്ത്രണ്ടാം സ്ഥാനക്കാരി ഇതിനുമുമ്പ് ഒരു ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിലും ക്വാർട്ടറിനപ്പുറം കടന്നിട്ടില്ല.
പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ യാനിക് സിന്നെർ ജർമൻ താരം അലക്‌സാണ്ടർ സ്വരേവിനെ നേരിടും. ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബ് കോർട്ടിൽ രാത്രി 8.30ന് നടക്കുന്ന കിരീടപ്പോരാട്ടം സ്‌റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്‌സ്‌റ്റാറിലും തത്സമയം കാണാം.











0 comments