മൂക്കുത്തിക്കുവേണ്ടി വയോധികയെ കൊന്നു


സ്വന്തം ലേഖകൻ
Published on Jul 12, 2026, 12:44 AM | 2 min read
ചിറ്റൂർ
വടകരപ്പതിയിൽ വയോധികയെ കൊലപ്പെടുത്തി കത്തിച്ച് കുഴിച്ചുമൂടിയത് സ്വർണമൂക്കുത്തി കവർച്ചചെയ്യാൻവേണ്ടിയെന്ന് പൊലീസ്. വടകരപ്പതി ആട്ടയാമ്പതി ന്യൂ ഉന്നതിയിലെ സരസാളി(66)നെയാണ് അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ അയൽവാസിയായ ഉദയകുമാർ(19), പ്രദേശവാസിയായ പതിനേഴുകാരൻ എന്നിവരെ പൊലീസ് പിടികൂടി. ജൂൺ 10 മുതലാണ് സരസാളിനെ കാണാതായത്. മകൾ ബേബി ജൂൺ 12-ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി. തുടർന്ന് സരസാൾ പോകാനിടയുള്ള സ്ഥലങ്ങളൊക്കെ പൊലീസ് പരിശോധിച്ചു. ഈ സമയത്താണ്, പ്രതികളായ ഉദയകുമാറിനെയും പതിനേഴുകാരനെയും ഇതേദിവസംതന്നെ പ്രദേശത്തുനിന്ന് കാണാതായതായി കണ്ടെത്തിയത്. ഇവർ തമിഴ്‌നാട് പൊള്ളാച്ചി ആനമലയിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് വ്യാഴാഴ്ച ഉദയകുമാറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് ശനിയാഴ്ച ഉച്ചയോടെ പ്രതിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധം കുളിമുറിയിൽനിന്നും കത്തിച്ച ശരീര അവശിഷ്ടങ്ങളും അസ്ഥികൂടവും വീടിന്റെ പരിസരത്തുനിന്നും കണ്ടെടുത്തു. പൊലീസ് സർജൻ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ മൃതദേഹാവശിഷ്ടങ്ങൾ ശേഖരിച്ച് ജില്ലാശുപത്രിയിലേക്ക് മാറ്റി. പാലക്കാട് എൽആർ തഹസിൽദാർ കെ രാധാകൃഷ്ണൻ, സയിന്റിഫിക്ക്, വിരലടയാള വിദഗ്‌ധർ, ഡോഗ് സ്ക്വാഡ് എന്നിവ പരിശോധന നടത്തി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കൊലപാതകത്തിന് രണ്ടുദിവസം മുമ്പ് ഉദയകുമാറിന്റെ സഹോദരൻ ഒരു യുവതിയും കുഞ്ഞുമായി സരസാളിന്റെ ആട്ടയാമ്പതിയിലെ വീട്ടിലെത്തിയിരുന്നു. ഇവർക്ക് സരസാൾ കുറച്ച് സാരി നൽകി. ഇതിന് പൈസ തരാമെന്ന് പറഞ്ഞ് ജൂൺ പത്തിന് സരസാളിനെ ഉദയകുമാർ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി. ഊന്ന് വടിയുടെ സഹായത്താൽ നടക്കുന്ന സരസാളിനെ വിട്ടിനകത്ത് കൊണ്ടുപോയി കൊടുവാളുപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തി. വീടിന് മുന്നിലെ കുളിമുറിയിലിട്ട് കത്തിച്ചു. ബാക്കി ഭാഗം വീടിന് പിന്നിൽ കുഴിച്ചിട്ടു. തുടർന്ന് സരസാളിന്റെ സ്വർണ മൂക്കുത്തിയും പണവും കവർന്ന് തമിഴ്നാട്ടിലേക്ക് മുങ്ങി. കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് ഡിവൈഎസ്‌പി എ കുട്ടികൃഷ്ണൻ പറഞ്ഞു. വയോധിക വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. മൂക്കുത്തി മാത്രമായിരുന്നു സ്വർണമായി ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. ഇത് കിട്ടാൻ വേണ്ടിയാണ് പ്രതികൾ ഇത്രയും വലിയ ക്രൂരകൃത്യത്തിന് മുതിർന്നതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഉദയകുമാർ ലഹരിക്ക് അടിമ
പ്രതി ഉദയകുമാർ ലഹരി ഉപയോഗിച്ച് സ്ഥിരം പ്രശ്നക്കാരനാണെന്ന് പരിസരവാസികൾ പറയുന്നു. ഇതുകൊണ്ട് തന്നെ ഇയാളുടെ വീട്ടിൽ എന്ത് നടന്നാലും ആരും ശ്രദ്ധിക്കാറില്ല. കസ്റ്റഡിയിലുള്ള പതിനേഴുകാരൻ കൊലപാതക ശ്രമത്തിന് ജുവനൈൽ ജയിലിൽ കഴിഞ്ഞ് ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്.
ചുരുളഴിയുന്നത് ഒരുമാസത്തിനുശേഷം
ജൂൺ പന്ത്രണ്ടാം തീയതിയാണ് സരസാളിനെ കാണാനില്ലെന്നുകാണിച്ച് മകൾ ബേബി കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകുന്നത്. ആട്ടയമ്പതിയിൽ തനിച്ചാണ് സരസാൾ താമസിക്കുന്നത്. കുറച്ചുമാറിയാണ് മകൾ ബേബിയുള്ളത്. എല്ലാ ദിവസവും ഇവരുടെ വീട്ടിൽനിന്നാണ് സരസാളിന് ഭക്ഷണം എത്തിക്കുന്നത്. പത്താം തീയതി രാവിലെ 8.30ന് ഭക്ഷണം നൽകി. അടുത്ത ദിവസം ഭക്ഷണം നൽകാൻ പോകുമ്പോൾ സരസാൾ വീട്ടിലില്ലായിരുന്നു. അയൽപക്കത്ത് പോയതായിരിക്കാമെന്ന് കരുതി ഭക്ഷണം വീട്ടിൽവച്ച് മടങ്ങി. 12ന് ഭക്ഷണം നൽകാനെത്തിയപ്പോൾ കഴിഞ്ഞദിവസംവച്ച ഭക്ഷണം അതേപടിയിരിക്കുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.











0 comments