ad
Deshabhimani

print edition ലയിച്ചുചേരുന്ന ശ്രുതിശുദ്ധി

s janaki
avatar
രമേശ് ​ഗോപാലകൃഷ്ണൻ

Published on Jul 12, 2026, 01:03 AM | 2 min read

മലയാളചലച്ചിത്ര സംഗീതലോകത്തെ 
പിന്നണിഗായികമാരുടെ നിരയിൽ എക്കാലത്തെയും ശ്രദ്ധേയ സ്വരങ്ങളിൽ ഒന്നാണ് എസ് ജാനകിയുടേത്. എസ് ജാനകിയുടെ സ്വര-ശബ്ദമാധുരിയുടെ ഒരു വലിയ സവിശേഷത അത് പ്രക്ഷേപണം ചെയ്യപ്പെടുന്ന പ്രതലപരിസരങ്ങളിലേക്ക് വളരെ പെട്ടെന്നുതന്നെ ആഗിരണം ചെയ്യപ്പെടുന്നു എന്നതാണ്. പാട്ടിന്റെ സാഹചര്യങ്ങളിലേക്ക് വളരെ പെട്ടെന്ന് ലയിച്ചുചേരുന്ന അപൂർവമായ ശ്രുതിശുദ്ധി ജാനകിക്കുണ്ടായിരുന്നു.

നൂലിഴപോലെ നേർത്ത ശബ്ദവും പതിഞ്ഞ ആലാപനശൈലിയുംകൊണ്ട് ജാനകിയുടെ സംഗീതം അതിന് പശ്ചാത്തലമൊരുക്കുന്ന ഉപകരണ വൈവിധ്യത്തിലും ലയം കണ്ടെത്തുന്നു. അതുകൊണ്ടുതന്നെയാണ് മറ്റൊരു ഗായികയ്‌ക്കും ഇല്ലാത്ത ഒരു സവിശേഷത ജാനകിക്കുണ്ടായത് ശാസ്ത്രീയസംഗീതത്തിലെ പ്രമുഖരായ ഉപകരണ വാദ്യക്കാർക്കൊപ്പം അവർക്ക് ഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞത്.


1958 ൽ പുറത്തുവന്ന കൊഞ്ചും ചിലങ്കൈ എന്ന തമിഴ് ചിത്രത്തിലെ ശിങ്കാരവേലനെ ദേവാ എന്ന ഗാനമാണ് ജാനകിയുടെ പ്രശസ്തിക്ക് തുടക്കം കുറിക്കുന്നത്. ഇതിൽ, നാഗസ്വരവിദ്വാനായിരുന്ന കാരൈക്കുറിച്ചി അരുണാചലത്തിനൊപ്പം ജാനകി മത്സരിച്ചുപാടുന്നത് അത്ഭുതത്തോടെ മാത്രമേ നമുക്ക് കേട്ടിരിക്കാനാവൂ. ജാനകിയുടെ ഈ ആലാപനപാടവം അതിന്റെ ഉത്തുംഗശൃംഗത്തിൽ എത്തുന്നത് 1977 ലാണ്. ആ വർഷം പുറത്തിറങ്ങിയ രണ്ട് കന്നഡ സിനിമകളായിരുന്നു ഇതിന്നാധാരം.

സനാദി അപ്പണ്ണ എന്ന ചിത്രത്തിനുവേണ്ടി ജി കെ വെങ്കിടേഷിന്റെ സംഗീതസംവിധാനത്തിൽ ഉസ്താദ് ബിസ്മില്ലാഖാന്റെ ഷഹ്നായിക്കൊപ്പം ജാനകി ഒരു ഗാനമാലപിച്ചു. കരതരു കേളതേ... എന്നാരംഭിക്കുന്ന ഈ ഗാനം ഒരു നൃത്തരംഗത്തിന്റെതായിരുന്നു. ആറേകാൽ മിനിറ്റ് നീളുന്ന ഈ പാട്ടിന്റെ ആദ്യപകുതിയിലാണ് ജാനകി-ബിസ്മില്ലാഖാൻ സംഗീതവിരുന്ന്. 
ഗാനജീവിതത്തിലെ ഏറ്റവും കടുപ്പമുള്ള പരീക്ഷണം എന്ന് ജാനകിതന്നെ വിശേഷിപ്പിച്ചിട്ടുള്ള ശിവശിവയെന്നദാ നാലിഗെ... എന്ന കന്നഡ ഗാനമാണ് അടുത്തത്. ഹേമവതി എന്ന ചിത്രത്തിലെ ഈ ഗാനത്തിൽ വയലിൻ ചക്രവർത്തിയായിരുന്ന എം എസ് ഗോപാലകൃഷ്ണനൊപ്പമാണ് ജാനകി കൈകോർത്തത്. പി ഭാസ്കരൻ–-എം എസ് ബാബുരാജ്-–എസ് ജാനകി കൂട്ടുകെട്ട് മലയാളത്തിന് മറക്കാനാകാത്ത സുന്ദരഗാനങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.


സെന്തൂരപ്പൂവേ... എന്നു തുടങ്ങുന്ന 16 വയതിനിലെ എന്ന തമിഴ് ചിത്രത്തിലെ ഗാനം, സിത്താര എന്ന തെലുഗു ചിത്രത്തിനുവേണ്ടി പാടിയ വെന്നല്ലോ ഗോദാരി അന്തം... എന്നു തുടങ്ങുന്ന ഗാനം, തേവർ മകൻ എന്ന തമിഴ് സിനിമയിലെ ഇഞ്ചിയിടുപ്പഴക... എന്നു തുടങ്ങുന്ന ഫോക് ശൈലിയിലുള്ള പാട്ട് എന്നിവയാണ് മറ്റുള്ളവ.


സിനിമയിൽ, സംഗീതസംവിധാനമേഖലയിലും എസ് ജാനകി പ്രതിഭ തെളിയിച്ചിട്ടുണ്ട്. 1989 ൽ പുറത്തുവന്ന മൗനപോരാട്ടം എന്ന തെലുഗ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് ജാനകിയായിരുന്നു. യേ ബാപ്പു നീർപിനിഡി... എന്ന ടൈറ്റിൽ സോങ് വിപ്ലവാഭിമുഖ്യം പുലർത്തുന്നു. രണ്ടാമത്തേത്, ലോലി ലീതാ... പാശ്ചാത്യസംഗീതത്തിന്റെ സ്വാധീനത്തിലാണ് ജാനകി ചിട്ടപ്പെടുത്തിയത്. മറ്റൊന്ന്, യാല യാലയാലയാല... എന്ന കാമാതുരമായ പ്രേമഗാനം. ഇനിയൊന്ന്, ദൊരരാകാകോശം... കടുത്ത ദുഃഖ ഗാനവും. അഞ്ചാമത്തേത് ജുംബാരെ ജുംബാരെ... എന്നു തുടങ്ങുന്ന സംഘഗാനവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home