ഹൃദയത്തിൽ പന്തുണ്ടായിരുന്ന പാപ്പ

pope

പെലെ സമ്മാനിച്ച ബ്രസീൽ ജേഴ്സിയുമായി മാർപാപ്പ

avatar
അജിൻ ജി രാജ്‌

Published on Apr 22, 2025, 04:16 AM | 1 min read



ഫുട്‌ബോളിനെക്കുറിച്ച്‌ ഒരിക്കൽ പാപ്പ പറഞ്ഞു ‘ലോകത്തെ ഏറ്റവും മനോഹരമായ കളിയാണിതെന്ന്‌ എല്ലാവരും പറയുന്നു. ഞാനുമത്‌ വിശ്വസിക്കുന്നു. മൈതാനത്ത്‌ അത്ര മിടുക്കനായിരുന്നില്ല. പക്ഷേ ഏത്‌ വഴിയിലൂടെ വരുന്ന അപകടങ്ങളും മനസ്സിലാക്കാൻ പ്രാപ്‌തനാക്കിയത്‌ കുട്ടിക്കാലത്തെ ഗോൾകീപ്പർ ചുമതലയായിരുന്നു’. ഏതൊരു അർജന്റീനക്കാരനെയുംപോലെ കാൽപ്പന്തിനെ അഗാധമായി സ്‌നേഹിച്ചിരുന്നു ഫ്രാൻസിസ്‌ മാർപാപ്പ. ബ്യൂണസ്‌ ഐറിസിലെ തെരുവിൽ പഴന്തുണികൾ ചേർത്തുകെട്ടി പന്തുണ്ടാക്കി കൂട്ടുകാർക്കൊപ്പം കളിക്കുന്നത്‌ പതിവായിരുന്നു. ഗോൾകീപ്പറുടെ വേഷമായിരുന്നു ഏറ്റവും പ്രിയം. ജോർജ്‌ മരിയോ ബെർഗോളിയോ എന്ന കുട്ടി പിന്നീട്‌ ലോകസമാധാനത്തിന്റെ കാവൽക്കാരനായി മാറിയപ്പോഴും ഫുട്‌ബോൾ കമ്പം വിട്ടില്ല.


അദ്ദേഹത്തിന്റെ ഹൃദയത്തിലെന്നും അർജന്റീനയുടെ അടയാളമായ ഫുട്‌ബോളുണ്ടായിരുന്നു. പൗരോഹിത്യത്തിലേക്ക്‌ കടന്നപ്പോഴും മാറ്റമുണ്ടായില്ല. ബ്യൂണസ്‌ ഐറിസിലെ സാൻ ലോറൻസോ ക്ലബ്‌ അംഗത്വം മരണംവരെയും തുടർന്നു. സാൻ ലോറൻസോയോട്‌ അടങ്ങാത്ത അഭിനിവേശമായിരുന്നു. അർജന്റീനയിലായിരിക്കുമ്പോൾ മത്സരം കാണാൻ സ്‌റ്റേഡിയങ്ങളിലെത്തുമായിരുന്നു. ടീമിന്റെ വിജയങ്ങളിൽ സന്തോഷിച്ചു. തോൽവിയിൽ കണ്ണീരണിഞ്ഞു. വത്തിക്കാനിലെ വസതിയിലും പ്രിയ ടീമിന്റെ കളി കാണാനുള്ള സജ്ജീകരണമൊരുക്കി.


മാർപാപ്പയുടെ ഫുട്‌ബോൾഭ്രമം വത്തിക്കാനിലും പ്രശസ്‌തമായിരുന്നു. ദ്യേഗോ മാറഡോണ, ലയണൽ മെസി, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്‌, ജിയാൻല്യൂജി ബുഫൺ തുടങ്ങി നിരവധി താരങ്ങൾ അദ്ദേഹത്തെ കാണാനെത്തി. ജേഴ്‌സികൾ കൈമാറി. 2014ലെ അർജന്റീന–-ജർമനി ലോകകപ്പ്‌ ഫുട്‌ബോൾ ഫൈനൽ അപ്പോൾ എമിറിറ്റസ്‌ പോപ്പ്‌ ആയിരുന്ന ബെനഡിക്ട് പതിനാറാമനൊപ്പം വത്തിക്കാനിൽനിന്നായിരുന്നു കണ്ടത്‌. ബെനഡിക്ട് പതിനാറാമൻ ജർമൻകാരനായിരുന്നു.


ഓരോ കളിക്കാരനെക്കുറിച്ചും അദ്ദേഹത്തിന്‌ വ്യക്തമായ ധാരണയുണ്ടായിരുന്നു. മാറഡോണയാണോ മെസിയാണോ മികച്ച താരം എന്ന ചോദ്യത്തിനുള്ള ഉത്തരം അമ്പരപ്പിക്കുന്നതായിരുന്നു. ‘രണ്ടുപേരും ലോകചാമ്പ്യൻമാരാണ്‌. മാറഡോണ ഇതിഹാസമാണ്‌. മനുഷ്യനെന്ന രീതിയിൽ ഒരു പരാജയവും. മെസി മാന്യനായ കളിക്കാരനാണ്‌. ഇവർ രണ്ടുപേരേയുമല്ല, പെലെയെയാണ്‌ ഞാൻ ഇഷ്ടപ്പെടുന്നത്‌. ഒന്നാന്തരം കളിക്കാരനും ഹൃദയമുള്ള മനുഷ്യനുമായിരുന്നു അദ്ദേഹം’.


കളത്തിലെ മോശം പ്രവണതകളെ തിരുത്താനും മാർപാപ്പ ശ്രമിച്ചിരുന്നു. 2013ൽ അർജന്റീന–-ഇറ്റലി താരങ്ങളെ നേരിട്ട്‌ കണ്ടപ്പോൾ കളിക്കാരുടെ സാമൂഹിക ഉത്തരവാദിത്തത്തെപ്പറ്റി ഓർമിപ്പിച്ചു. കളി കച്ചവടമാകുന്നതും പണക്കാരുടെ ഉപകരണമാകുന്നതിനെ കുറിച്ചും സംസാരിച്ചു. 2022 ലോകകപ്പ്‌ ഫുട്‌ബോൾ അർജന്റീന നേടിയപ്പോൾ വിനയത്തോടെ ആഘോഷിക്കുക എന്നതായിരുന്നു ഉപദേശം.



deshabhimani section

Related News

View More
0 comments
Sort by

Home