മാറഡോണയുടെ മരണം ; ജഡ്‌ജി രാജിവച്ചു , വിചാരണ മാറ്റി

maradona
avatar
Sports Desk

Published on May 29, 2025, 04:48 AM | 1 min read


ബ്യൂണസ്‌ ഐറിസ്‌

ദ്യേഗോ മാറഡോണയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. അർജന്റീനാ ഫുട്‌ബോൾ ഇതിഹാസത്തിന്റെ മരണം ചികിത്സാപ്പിഴവ്‌ മൂലമെന്ന ആരോപണത്തിൽ മെഡിക്കൽ സംഘത്തിനെതിരെ വിചാരണ തുടരവേ ജഡ്‌ജി രാജിവച്ചു. മൂന്ന്‌ ജഡ്‌ജിമാരിലൊരാളായ ജൂലിയേറ്റ മകിനാച്ചാണ്‌ രാജിവച്ചത്‌. കേസിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ഭാഗമായതാണ്‌ ജൂലിയേറ്റക്കയ്‌ക്ക്‌ വിനയായത്‌. കേസിൽ അഭിഭാഷകനായ പട്രീസിയോ ഫെരാരിയാണ്‌ ആരോപണമുന്നയിച്ചത്‌.


‘ജഡ്‌ജിയെപ്പോലെയല്ല, ഒരു നടിയെപ്പോലെയാണ്‌ അവർ’–- ഫെരാരി പറഞ്ഞു.

ജഡ്‌ജി രാജിവച്ചതിനെ തുടർന്ന്‌ വിചാരണ മാറ്റിവച്ചു. കോടതി നടപടി ഉൾപ്പെടെ ചിത്രീകരിക്കാൻ ജഡ്‌ജി അനുമതി നൽകിയെന്നാണ്‌ ആരോപണം. ജൂലിയേറ്റയുടെ സഹോദരനാണ്‌ ഡോക്യുമെന്ററിയുടെ നിർമാണ കമ്പനി തലവൻ. കോടതിക്കുള്ളിൽ കാമറ വയ്‌ക്കാൻ ജഡ്‌ജി അനുമതി നൽകിയതായി പൊലീസും ആരോപിച്ചു. അതേസമയം, തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നായിരുന്നു ജൂലിയേറ്റയുടെ പ്രതികരണം. വിചാരണ തുടരുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പുതിയ ജഡ്‌ജിയെവച്ച്‌ തുടരുന്നില്ലെങ്കിൽ വിചാരണ തുടക്കം മുതൽ ആരംഭിക്കേണ്ടിവരും.


മാറഡോണയുടെ മരണം ചികിത്സാപ്പിഴവ്‌ കാരണമാണ്‌ സംഭവിച്ചതെന്നാണ്‌ വാദം. ഇതിൽ ഏഴംഗ മെഡിക്കൽ സംഘത്തിനെതിരെ കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു. ഏഴുപേരും ഇത്‌ നിഷേധിച്ചു. 2020 നവംബറിലായിരുന്നു മാറഡോണയുടെ മരണം. മെഡിക്കൽ സംഘത്തിന്റെ അനാസ്ഥയാണ്‌ മരണത്തിലേക്ക്‌ നയിച്ചതെന്നാണ്‌ അഭിഭാഷകരുടെ ആരോപണം. കുറ്റം തെളിഞ്ഞാൽ എട്ട്‌ മുതൽ 25 വർഷംവരെ തടവുശിക്ഷ ലഭിക്കും. മാർച്ച്‌ 11നാണ്‌ വിചാരണ തുടങ്ങിയത്‌. ജൂലൈയിൽ അവസാനിക്കേണ്ടതായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home