വിജയം ഉറപ്പ്, മടങ്ങിവരണം; മഞ്ഞപ്പടയോട് അഭ്യർഥനയുമായി ബ്ലാസ്റ്റേഴ്സ് കോച്ച്

വേദിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ (ഇടത്) ആഷ്‌ലി വെസ്റ്റ്‌വുഡ് (വലത്)
കൊച്ചി : സീസണിലെ മോശം പ്രകടനത്തെ തുടർന്ന് മത്സരങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയോട് സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്താൻ അഭ്യർത്ഥിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടീം മാനേജ്‌മെന്റിന്റെ നിലപാടുകളിലും മോശം പ്രകടനത്തിലും പ്രതിഷേധിച്ച് മഞ്ഞപ്പട പ്രഖ്യാപിച്ച ബഹിഷ്കരണത്തിന് ശേഷം കൊച്ചിയിലെ ആദ്യ ഹോം മത്സരമാണിത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗാലറിയിൽ മഞ്ഞപ്പടയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരാധകരെ അനുനയിപ്പിക്കാൻ കോച്ച് നേരിട്ട് രംഗത്തെത്തിയത്.
"ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം ഞാൻ ഉറപ്പു നൽകുന്നു. ആരാധകർ ആഗ്രഹിക്കുന്ന വിജയങ്ങൾ ടീം സ്വന്തമാക്കും. നിങ്ങൾ അർഹിക്കുന്ന പ്രകടനം പുറത്തെടുക്കുന്ന ടീമായി ബ്ലാസ്റ്റേഴ്സ് മുന്നോട്ട് പോകും," ആഷ്‌ലി വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ ബംഗളൂരു എഫ്സിയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തി സീസണിലെ ആദ്യ വിജയം നേടിയത് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ആത്മവിശ്വാസം നൽകി.
ഈ വിജയത്തുടർച്ച ഹോം ഗ്രൗണ്ടിലും നിലനിർത്താൻ ആരാധകരുടെ പിന്തുണ അത്യാവശ്യമാണെന്ന് കോച്ച് ഓർമ്മിപ്പിച്ചു. എന്നാൽ ടീം മാനേജ്‌മെന്റ് ആരാധകരുടെ പരാതികളിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഗാലറിയിലെ മഞ്ഞക്കടലിന്റെ മടങ്ങിവരവ്.










0 comments