സലായുടെ സ്വപ്നങ്ങൾ തകർത്ത് മാനെ; ആഫ്രിക്കൻ നേഷൻസ് കപ്പിൽ സെനഗൽ- മൊറോക്കോ ഫൈനൽ

സെനഗൽ താരം സാദിയോ മാനെയുടെ മുന്നേറ്റം തടയാനുള്ള ഇൗജിപ്‌തിന്റെ മുഹമ്മദ് സലായുടെ ശ്രമം| PHOTO AFP
റബാത്: ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോൾ സെമിയിൽ ഏഴുതവണ ചാമ്പ്യൻമാരായ ഇൗജിപ്‌തിനെ ഒരു ഗോളിന് തകർത്ത് സെനഗലും ഷൂട്ടൗട്ടിൽ നൈജീരിയയെ വീഴ്ത്തി ആതിഥേയരായ മൊറോക്കോയും ഫൈനലിൽ പ്രവേശിച്ചു. സാദിയോ മാനെയാണ് സെനഗലിനായി ഗോൾ കണ്ടെത്തിയത്. 2010-ന് ശേഷം ആദ്യമായി ഒരു ആഫ്രിക്കൻ കിരീടം ലക്ഷ്യമിട്ടെത്തിയ മുഹമ്മദ് സലായ്ക്കും ഈജിപ്തിനും തോൽവി വലിയ തിരിച്ചടിയായി.
2021ൽ ഇൗജിപ്‌തിനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് സെനഗൽ കിരീടം ചൂടിയത്. അന്ന് കണ്ണീരോടെ മടങ്ങിയ ഈജിപ്ത് കണക്കു തീർക്കാനായാണ് സെമിയിൽ പന്ത് തട്ടാനെത്തിയത്. എന്നാൽ പന്തടക്കം കൊണ്ട് സെനഗൽ കളി അവർക്കൊപ്പമാക്കി. ആദ്യപകുതി സമനിലയിൽ കലാശിച്ചെങ്കിലും കളി അവസാനിക്കാൻ 12 മിനിറ്റ് ബാക്കിയുള്ളപ്പോൾ മാനെ നേടിയ തകർപ്പൻ ഗോളാണ് സെനഗലിന് ഫൈനലിലേക്കുള്ള വഴിതുറന്നത്.
അതേസമയം 2004ൽ ഫൈനലിൽ തോറ്റശേഷം ആദ്യമായാണ് മൊറോക്കോ നേഷൻസ് കപ്പിന്റെ ഫൈനലിലെത്തുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഗോളൊന്നും നേടാതിരുന്നതിനെത്തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ 4-2 നായിരുന്നു മൊറോക്കോയുടെ വിജയം.
ഗോൾകീപ്പർ യാസിൻ ബോണോയുടെ തകർപ്പൻ സേവുകളാണ് ആതിഥേയരെ ഫൈനലിലെത്തിച്ചത്. ഷൂട്ടൗട്ടിൽ നൈജീരിയയുടെ രണ്ട് പെനാൽറ്റികളാണ് താരം തടഞ്ഞത്.










0 comments