പാളയം ബിജുവധം: കൊലപാതകത്തിന് ശേഷം ദീപക്ക് മൃതദേഹം കാണാനെത്തി; ഭാവവ്യത്യാസമില്ലാതെ

കോഴിക്കോട്: പാളയം മാർക്കറ്റിന് സമീപത്തെ ഒറ്റമുറി വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിനെ കുത്തിക്കൊന്ന കേസിൽ ബന്ധു പിടിയിൽ. മാങ്കാവ് കുറ്റിയിൽത്താഴം തെക്കിനേടത്ത് മീത്തൽ ദീപക്കി (21)നെയാണ് സിറ്റി പൊലീസിന്റെ പ്രത്യേകാന്വേഷക സംഘം അറസ്റ്റുചെയ്തത്. വ്യക്തിവൈരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായ ചോദ്യംചെയ്യലിനുശേഷം ചൊവ്വാഴ്ച അറസ്റ്റുചെയ്യുകയായിരുന്നു. കോഴിക്കോട് ജെഎഫ്‌സിഎം (മൂന്ന്) കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
ബന്ധുവായ ബിജുവിനെ ക്രൂരമായി കൊലപ്പെടുത്തിയ ദീപക്ക് മൃതദേഹം കാണാനെത്തിയത് ഭാവവ്യത്യാസമേതുമില്ലാതെ. പാന്റ്‌സിന്റെ പോക്കറ്റിൽ കൈയിട്ട്, മൃതദേഹം കിടത്തിയതിന് അൽപ്പമകലെ മാറിനിൽക്കുകയായിരുന്നു. മരണവീട്ടിൽനിന്ന് മടങ്ങുമ്പോൾ കൊലയാളിയാണ് അടുത്തുണ്ടായിരുന്നതെന്ന് മനസ്സിലാക്കാൻ ആർക്കുമായില്ല. മരണവിവരമറിഞ്ഞ് ദീപക്കിന്റെ അച്ഛനും അമ്മയും സഹോദരനുമെല്ലാം പാളയത്തെ വീട്ടിലെത്തിയിരുന്നു. എന്നാൽ, ദീപക്കുമാത്രം രാവിലെ ഇവിടേക്കുവന്നില്ല. വരാൻ വണ്ടിയില്ലാത്തതിനാൽ പിന്നീട് എത്താമെന്നായിരുന്നു കുടുംബാംഗങ്ങളോട് പറഞ്ഞത്. ദീപക്ക് എവിടെയെന്ന് ബന്ധുക്കൾ അന്വേഷിക്കാൻ തുടങ്ങിയതോടെ അച്ഛൻ നിർബന്ധിച്ചപ്പോഴാണ് ദീപക്ക് മാങ്കാവിലെ വീട്ടിൽനിന്ന് പുറപ്പെട്ടത്. പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ച സമയത്താണ് ദീപക്ക് വന്നത്.
ദീപക്കിന്റെ കൈയിലുണ്ടായിരുന്ന മുറിവ് ബന്ധുക്കളിൽ ചിലർ കണ്ടിരുന്നു. ഇതേക്കുറിച്ച് ആളകൾ ചോദിക്കാൻ തുടങ്ങിയതോടെ ദീപക്ക് കൈകൾ രണ്ടും പാന്റ്‌സിന്റെ പോക്കറ്റിലേക്ക് തിരുകി. ബിജുവും ദീപക്കും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായതിനാൽ ബന്ധുക്കളിൽ ചിലർക്ക് സംശയമുണ്ടാവുകയും പൊലീസിനോട് പറയുകയുംചെയ്തിരുന്നു. ഇൗ സംശയമാണ് ദീപക്കിനെ നിരീക്ഷിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്.
ഞായറാഴ്ച പുലർച്ചെയാണ് പുതിയകോവിലകം പറമ്പ് ബിജു (38)വിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പുലർച്ചെ പശുവിനെ കറക്കാൻ വിളിച്ചെഴുന്നേൽപ്പിക്കാനെത്തിയ അമ്മ ബേബിയാണ് ബിജുവിനെ മരിച്ചനിലയിൽ കണ്ടത്. ലഹരി മാഫിയയാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയമുണ്ടായിരുന്നു. ശാസ്ത്രീയ പരിശോധനകളിലാണ് അന്വേഷണം ദീപക്കിലെത്തിയത്.
കാരണം ലഹരിയോ മാനസിക പ്രശ്‌നമോ; സംശയം ബാക്കി
ലഹരിക്കടിമയായിരുന്ന ദീപക്കിനെ ലഹരിമുക്ത കേന്ദ്രത്തിലെത്തിച്ച് ചികിത്സ നടത്താൻ നിർദേശിച്ചതാണ് ബിജുവിന്റെ കൊലപാതകത്തിന് കാരണമായി ബന്ധുക്കൾ പറയുന്നത്. എന്നാൽ, ദീപക്കിനെ ചികിത്സിച്ചത് മാനസികാരോഗ്യ കേന്ദ്രത്തിലാണെന്നാണ് സിറ്റി പൊലീസ് മേധാവി എ പി ഷൗക്കത്തലി മാധ്യമങ്ങളോട് പറഞ്ഞത്. വ്യക്തിവൈരവും കുടുംബപ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെട്ടെന്ന് അക്രമകാരിയാകുന്ന പ്രകൃതക്കാരനാണ് ദീപക്ക്. ദീപക്കിന് മാനസികപ്രയാസങ്ങളുണ്ടായിരുന്നു. ചെറിയതോതിൽ കഞ്ചാവും ഉപയോഗിച്ചിരുന്നു. അയൽവാസികളായവരെ മർദിച്ചതിനും ദീപക്കിനെതിരെ കേസുണ്ട്.
മാനസിക ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നതായും ലഹരിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. പൊലീസിന്റെ വാദങ്ങൾ തള്ളുന്നതാണ് ബന്ധുക്കളുടെ വാക്കുകൾ. തിരൂരിലുള്ള ലഹരിമുക്ത കേന്ദ്രത്തിലാണ് ദീപക്കിനെ പ്രവേശിപ്പിച്ചിരുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കളുടെ വാദം ശരിവയ്‌ക്കുന്നതാണ് പൊലീസ് പുറത്തിറക്കിയ ഒൗദ്യോഗിക വാർത്താക്കുറിപ്പും. ‘ലഹരിക്ക് അടിമയായിരുന്ന പ്രതിയെ ചികിത്സയ്ക്ക് വിധേയനാക്കാൻ ബിജു നിർബന്ധിച്ചതും, മൂന്ന് വർഷങ്ങൾക്കുമുമ്പ് ബിജുവും പ്രതിയും തമ്മിൽ അടിപിടിയുണ്ടായതും വൈരം വർധിക്കാൻ കാരണമായതായി അന്വേഷണത്തിൽ വ്യക്തമായി’ എന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്.










0 comments