ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയിൽ മെഷീൻ ഇന്റലിജൻസും റിമോട്ട് സെൻസിംഗും ചർച്ചയാക്കി അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: ഭൗമശാസ്ത്ര വിവരവിശകലനത്തിലും (GeoAnalytics) റിമോട്ട് സെൻസിംഗ് രംഗത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രയോഗസാധ്യതകൾ ചർച്ച ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര സമ്മേളനമായ 'മെഷീൻ ഇന്റലിജൻസ് ഫോർ ജിയോഅനലിറ്റിക്സ് ആൻഡ് റിമോട്ട് സെൻസിംഗ്-2026 (MIGARS 2026) തിരുവനന്തപുരത്ത് തുടങ്ങി.
ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന സമ്മേളനം മൂന്നു ദിവസം നീണ്ടു നില്ക്കും. ഐഇഇഇ ജിയോസയൻസ് ആൻഡ് റിമോട്ട് സെൻസിംഗ് സൊസൈറ്റി (IEEE GRSS)യുടെ സാങ്കേതിക സഹകരണത്തോടെ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST), ഹൈദരാബാദിലെ വാസവി കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവ സംയുക്തമായാണ് ഈ അന്തർദേശീയ കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്.
ഭൂനിരീക്ഷണ (Earth Observation) സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന വലിയ അളവിലുള്ള ബഹുമുഖ സ്ഥല-കാല (Spatio-temporal) ഡാറ്റകളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മെഷീൻ ലേണിങ്ങിന്റെയും സഹായത്തോടെ വിശകലനം ചെയ്യുന്നതിനും, അവശ്യ സാഹചര്യങ്ങളിൽ വേഗത്തിലും കൃത്യതയോടെയും തീരുമാനമെടുക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചുമാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്.
ജിയോഅനലിറ്റിക്സ്, റിമോട്ട് സെൻസിംഗ്, എഐ എന്നിവയുടെ സംയോജനം ഭാവിയിലെ ഗവേഷണത്തിനും വികസനത്തിനും പുതിയ സാധ്യതകൾ തുറന്നിടുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റെ ആദ്യദിനത്തിൽ സംഘടിപ്പിച്ച 'AI4Earth Challenge' ഹാക്കത്തോണിൽ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള 20 വിദ്യാർത്ഥി ടീമുകൾ പങ്കെടുത്തു.
ഓപ്പൺ ജിയോസ്പേഷ്യൽ ഡാറ്റയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗപ്പെടുത്തി പരിസ്ഥിതി, ദുരന്തനിവാരണം, നഗരാസൂത്രണം, വിഭവനിർവഹണം തുടങ്ങിയ മേഖലകളിലെ യഥാർഥ പ്രശ്നങ്ങൾക്ക് നൂതന സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനാണ് മത്സരാർത്ഥികൾ ശ്രമിച്ചത്.
രാജ്യത്തിനകത്തും വിദേശത്തുമുള്ള ഗവേഷകരും ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ, റിമോട്ട് സെൻസിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങളും സാങ്കേതിക സെഷനുകളും ആണ് അവതരിപ്പിക്കുന്നത്.
പ്രൊഫ അവിക് ഭട്ടാചാര്യ(IIT, മുംബൈ) ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ രാമ റാവു (IIST ), പ്രൊഫ ദയാ സാഗർ ( ഡയറക്ടർ,ISI ബെംഗളൂരു സെന്റർ), പ്രൊഫ ദീപങ്കർ ബാനർജി, ( വൈസ് ചാൻസലർ, IIST) എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ സജി ഗോപിനാഥ്, (വൈസ് ചാൻസലർ,ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള), എൻ വി ചലപതി റാവു, ഡയറക്ടർ,നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS), ഡോ.രാധാകൃഷ്ണൻ (ഡിജിറ്റൽ യൂണിവേഴ്സിറ്റി, കേരള) ഡോ. ഹിതേന്ദ്ര ശർമ്മ (വാസവി എഞ്ചിനീയറിംഗ് കോളേജ്, ഹൈദരാബാദ് ) എന്നിവർ സംസാരിച്ചു.










0 comments