ad
Deshabhimani

അസമിൽ വെള്ളപ്പൊക്കം; 21 മരണം കൂടി സ്ഥിരീകരിച്ചു, 16 ജില്ലകളിൽ മഴക്കെടുതി

Assam.jpg
വെബ് ഡെസ്ക്

Published on Jul 22, 2026, 07:12 AM | 1 min read

ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്ക സാഹചര്യം കൂടുതൽ വഷളായി. 21 പേർകൂടി മരിച്ചതോടെ സംസ്ഥാനത്ത് ഈ വർഷത്തെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. 16 ജില്ലകളിലായി 5.64 ലക്ഷത്തോളം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചതായി ഔദ്യോഗിക വിവരങ്ങൾ.


അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ശിവസാഗർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 പേർ മരിച്ചു. ചരൈഡിയോയിൽ അഞ്ച് പേരും ഗോലാഘട്ടിൽ രണ്ടുപേരും ജോർഹട്ടിൽ ഒരാളും കൂടി മരണപ്പെട്ടു.


ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബുധനാഴ്ച മുതൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ലകൾ സന്ദർശിക്കുമെന്ന് അറിയിച്ചു. ചരൈഡിയോ, നസീറ, ശിവസാഗർ, സോനാരി, ജോർഹട്ട്, തെയോക്ക് തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും.


ഗോലാഘട്ട്, കാമ്രൂപ്, ഹോജായ്, ദിബ്രുഗഡ്, ബിശ്വനാഥ്, ധേമാജി, സോണിത്പൂർ, ഉദൽഗുരി, നാഗോൺ, ചരൈഡിയോ, കാമ്രൂപ് (മെട്രോ), ജോർഹട്ട്, തിൻസുകിയ, കാർബി ആങ്ലോങ്, ലഖിംപൂർ, ശിവസാഗർ എന്നീ 16 ജില്ലകളിലായി 5,64,600-ലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.


44 റവന്യൂ സർക്കിളുകളിലെ 872 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ശിവസാഗർ നഗരത്തിലും നംഗ്ലമുരഘട്ടിലും ദിക്കു, ദിസാം നദികൾ അപകടനിരപ്പിന് മുകളിലൂടെയാണ് ഒഴുകുന്നത്.


നെമാറ്റിഘട്ടിൽ ബ്രഹ്മപുത്രയും ഖോവംഗിൽ ബുദ്ധിഹിംഗും ഗോലാഘട്ട്, നുമലിഗഡ് എന്നിവിടങ്ങളിൽ ധൻസിരിയും അപകടനില കവിഞ്ഞൊഴുകുന്നു. വ്യോമസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.


റെയിൽവേ പാളങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ശിവസാഗർ ജില്ലയിലെ വെള്ളക്കെട്ടിനെത്തുടർന്ന് ചില റൂട്ടുകളിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home