ad
Deshabhimani

ഗേറ്റ് 2027: സ്‌കോളർഷിപ്പോടെ ഉപരിപഠനം; പരീക്ഷ ഫെബ്രുവരിയിൽ

GATE Exam.jpg

വിവിധ സ്ഥാപനങ്ങളിൽ സ്‌കോളർഷിപ്പോടെ ഉപരിപഠനാവസരവും നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലവസരവും വാഗ്‌ദാനം ചെയ്യുന്ന അഖിലേന്ത്യ യോഗ്യതാപരീക്ഷയാണ് ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്). ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ഏഴ് ഐഐടികളും ചേർന്നുള്ള നാഷണൽ കോ ഓർഡിനേഷൻ ബോർഡാണ് പരീക്ഷ നടത്തുന്നത്. ഐഐടി മദ്രാസിനാണ് ഇത്തവണത്തെ ചുമതല.


എൻജിനിയറിങ്, ടെക്‌നോളജി, സയൻസ്, ആർക്കിടെക്ചർ, കൊമേഴ്സ്, ആർട്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ മാസ്റ്റേഴ്സ്/ ഡയറക്‌ട്‌ ഡോക്‌ടറൽ/ ഡോക്‌ടറൽ പ്രോഗ്രാമുകളുടെ പ്രവേശനത്തിനും സ്‌കോളർഷിപ്പുകൾ ലഭിക്കാനും ഗേറ്റ് സ്‌കോർ ആവശ്യമാണ്. കേന്ദ്രസർക്കാരിന്റെ ഗ്രൂപ്പ് ‘എ’ തസ്‌തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്‌കോർ പരിഗണിക്കാറുണ്ട്. മൂന്നുവർഷമാണ് സ്‌കോറിന്റെ കാലാവധി. 2027 ഫെബ്രുവരി 6, 7, 13, 14, 20, 21 തീയതികളിലാണ്‌ പരീക്ഷ.


​യോഗ്യത

എൻജിനിയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, സയൻസ്, ഹ്യുമാനിറ്റീസ് എന്നിവയിലെ ബിരുദധാരികൾക്കും മൂന്നാംവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. എത്രതവണ വേണമെങ്കിലും പരീക്ഷയെഴുതാം.


​പരീക്ഷാ പേപ്പറുകൾ

എയ്‌റോസ്‌പേസ് എൻജിനിയറിങ്, അഗ്രികൾച്ചറൽ എൻജിനിയറിങ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ബയോമെഡിക്കൽ എൻജിനിയറിങ്, ബയോടെക്‌നോളജി, സിവിൽ എൻജിനിയറിങ്, കെമിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, കെമിസ്ട്രി, ഡാറ്റ സയൻസ് ആൻഡ്‌ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്‌ട്രോണിക്‌സ്‌ ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻജിനിയറിങ്, ഇക്കോളജി ആൻഡ് ഇവല്യൂഷൻ, ജിയോ മാറ്റിക്‌സ്‌ എൻജിനിയറിങ്‌, ജിയോളജി ആൻഡ് ജിയോഫിസിക്‌സ്‌, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, മാത്തമാറ്റിക്‌സ്‌, മെക്കാനിക്കൽ എൻജിനിയറിങ്, മൈനിങ് എൻജിനിയറിങ്, മെറ്റലർജിക്കൽ എൻജിനിയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനിയറിങ്‌, പെട്രോളിയം എൻജിനിയറിങ്, ഫിസിക്‌സ്‌, പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനിയറിങ്, സ്റ്റാറ്റിസ്റ്റിക്‌സ്‌, എൻജിനിയറിങ് സയൻസസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ്, റോബോട്ടിക്സ്‌ ആൻഡ് ഓട്ടോമേഷൻ (പുതുതായി ഉൾപ്പെടുത്തിയത്) എന്നീ 30 വിഷയങ്ങളിലാണ് പരീക്ഷ. ഓരോ വിഷയത്തിന്റെയും സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ്.


പരീക്ഷ

​നൂറ് മാർക്കിന്റെ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. മൂന്നുമണിക്കൂർ പരീക്ഷയിൽ 15 മാർക്കിന്റെ ജനറൽ ആപ്റ്റിറ്റ്യൂഡ് ചോദ്യങ്ങളുണ്ടാകും. തെരഞ്ഞെടുത്ത വിഷയങ്ങളിൽ മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്‌, ന്യൂമെറിക്കൽ ആൻസർ ടൈപ്പ് എന്നിങ്ങനെ മൂന്നുതരം ചോദ്യങ്ങളുണ്ടാകും. മൾട്ടിപ്പിൾ ചോയ്സ് വിഭാഗത്തിൽ ഉത്തരം തെറ്റിയാൽ മാർക്ക് നഷ്‌ടപ്പെടും. ഒരു വിദ്യാർഥിക്ക് രണ്ടു പരീക്ഷവരെ എഴുതാം. രണ്ടെണ്ണമെഴുതുന്നവർ കോമ്പിനേഷനുകളിൽനിന്ന് വിഷയങ്ങൾ തെരഞ്ഞെടുക്കണം. കോമ്പിനേഷനുകളുടെ പട്ടിക വെബ്സൈറ്റിലുണ്ട്. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും സൈറ്റിൽ ലഭ്യമാണ്. ഗേറ്റ് യോഗ്യത നേടിയശേഷം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ പ്രത്യേകം അപേക്ഷിക്കണം.


പരീക്ഷാകേന്ദ്രങ്ങൾ

ഇന്ത്യയിൽ വിവിധ സോണുകളിലായി നിരവധി പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തിൽ ഐഐഎസ്‌സി ബംഗളൂരു സോണിൽ അങ്കമാലി, കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂർ, തൃശൂർ, വടകര, വയനാട് എന്നിവിടങ്ങളിലും ഐഐടി മദ്രാസ് സോണിൽ ആലപ്പുഴ, ആലുവ, ആറ്റിങ്ങൽ, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി, കൊല്ലം, കോതമംഗലം, കോട്ടയം, ഇടുക്കി, മൂവാറ്റുപുഴ, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളുമുണ്ട്. ഒരേ സോണിലെ ആറു പരീക്ഷാകേന്ദ്രങ്ങൾ മുൻഗണനയനുസരിച്ച് തെരഞ്ഞെടുക്കണം.


അപേക്ഷ

​ആഗസ്ത്‌ 14 മുതൽ സെപ്തംബർ 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം. 2000 രൂപയാണ് അപേക്ഷാഫീസ്. പെൺകുട്ടികൾ, പട്ടികജാതി/ വർഗ, ഭിന്നശേഷി വിഭാഗക്കാർക്ക് 1000 രൂപ മതി. 500 രൂപ ലേറ്റ് ഫീയോടെ 30 വരെ അപേക്ഷിക്കാം. മാർച്ച് 19ന് ഫലം പ്രതീക്ഷിക്കാം.


​നിയമനം ഗേറ്റ് വഴി

​ഗേറ്റ് സ്‌കോർവഴി നിയമനം ലഭിക്കുന്ന നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. ഭാരത് ഹെവി ഇലക്‌ട്രിക്കൽസ് ലിമിറ്റഡ് (BHEL), ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (BSNL), കോൾ ഇന്ത്യ ലിമിറ്റഡ് (CIL), സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS), ചെനാബ് വാലി പവർ പ്രോജക്‌ട്‌സ് ലിമിറ്റഡ് (CVPPL), ദാമോദർ വാലി കോർപറേഷൻ (DVC), ഇലക്‌ട്രോണിക്‌സ്‌ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL), എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (EIL), ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (GAIL), ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (IOCL), മസഗൺ ഡോക്ക് ഷിപ്ബിൽഡേഴ്‌സ് ലിമിറ്റഡ് (MDSL), നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO), നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI), നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷൻ ഇന്ത്യ ലിമിറ്റഡ് (NLCIL), നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപറേഷൻ (NMDC), ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NPCIL), നാഷണൽ തെർമൽ പവർ കോർപറേഷൻ (NTPC), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ONGC), പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ (PGCIL), പവർ സിസ്റ്റം ഓപ്പറേഷൻ കോർപറേഷൻ ലിമിറ്റഡ് (POSOCO), രാഷ്‌ട്രീയ ഇസ്‌പത് നിഗം ​​ലിമിറ്റഡ് (RINL) തുടങ്ങിയവ ഉദാഹരണങ്ങളാണ്. വിവരങ്ങൾക്ക്: gate2027.iitm.ac.in




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home