print edition വില്ല കടക്കാതെ യുണൈറ്റഡ്

ലണ്ടൻ
ഉജ്വല ഫോമിൽ കളിക്കുന്ന ആസ്‌റ്റൺ വില്ലയോട് തോറ്റ് മാഞ്ചസ്‌റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ 2–1നാണ് വില്ല സ്വന്തംതട്ടകത്തിൽ യുണൈറ്റഡിനെ കീഴടക്കിയത്. മോർഗൻ റോജേഴ്‌സാണ് വിജയശിൽപ്പി. ഇരുപത്തിമൂന്നുകാരൻ ഇരട്ടഗോളടിച്ചു. യുണൈറ്റഡിന്റെ ആശ്വാസഗോൾ മതേയൂസ് കൂന്യ നേടി. ഉനായ് എമറി പരിശീലപ്പിക്കുന്ന വില്ല 17 കളിയിൽ 36 പോയിന്റുമായി മൂന്നാമത് തുടർന്നു. യുണൈറ്റഡാകട്ടെ 26 പോയിന്റോടെ ഏഴാം സ്ഥാനത്താണ്.
വില്ല പാർക്കിൽ വിരുന്നെത്തിയ യുണൈറ്റഡിനായിരുന്നു ആധിപത്യം. എതിരാളിയേക്കാൾ കൂടുതൽ പന്ത് കാലിൽവച്ചു. ഷോട്ടുകളും പായിച്ചു. പക്ഷേ ഫലമുണ്ടായില്ല. ഇടവേളക്ക് തൊട്ടുമുമ്പായിരുന്നു റോജേഴ്‌സിന്റെ ആദ്യ ഗോൾ. മിനിറ്റുകൾക്കുള്ളിൽ കൂന്യ യുണൈറ്റഡിന് സമനില സമ്മാനിച്ചു. എന്നാൽ രണ്ടാംപകുതിയിൽ റോജേഴ്‌സ് വീണ്ടും നിറയൊഴിച്ചു. ഇത്തവണ സന്ദർശകർക്ക് മറുപടിയുണ്ടായില്ല. കളിക്കിടെ ക്യാപ്‌റ്റൻ ബ്രൂണോ ഫെർണാണ്ടസിനെ പരിക്ക് കാരണം നഷ്ടമായത് യുണൈറ്റഡിന് തിരിച്ചടിയായി. ആറ് പ്രധാന താരങ്ങളാണ് റൂബെൻ അമോരിമിന്റെ സംംഘത്തിൽ പരിക്കേറ്റ് പുറത്തിരിക്കുന്നത്.










0 comments