ശ്രീകൃഷ്ണപുരം പൊലീസിന്റെ ഏകപക്ഷീയ നിലപാട്
താക്കീതായി സിപിഐ എം മാർച്ച്

ശ്രീകൃഷ്ണപുരം
കോൺഗ്രസ്, മുസ്ലിം ലീഗ് നേതൃത്വങ്ങളുടെ സമ്മർദത്തിന് വഴങ്ങി പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നതിനെതിരെ സിപിഐ എം ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടത്തി. വി ടി ബി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് ഏകപക്ഷീയമായി സിപിഐ എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പിഡിപിപി ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ക്യാമ്പസിൽ അക്രമം നടത്തുന്ന ലീഗുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. പ്രാദേശിക ലീഗ് നേതൃത്വം ചൂണ്ടിക്കാണിച്ച ആളുകൾക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്. രാവിലെ 10ന് തിരുവാഴിയോട് സെന്ററിൽനിന്നാണ് മാർച്ച് തുടങ്ങിയത്. സ്‌റ്റേഷന് സമീപം 100 മീറ്റർ അകലെ പൊലീസ് ബാരിക്കേഡുവച്ച് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തരാക്കി. തുടർന്ന് തൂത–മുണ്ടൂർ സംസ്ഥാന പാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്‌തു. ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പ്രേംകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, പി അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.









0 comments