Deshabhimani

ഉപഭോക്താക്കൾ ദുരിതത്തിൽ

കെഎസ്‌ഇബിയുടെ ഡിജിറ്റൽ സേവനങ്ങളും താളംതെറ്റി

4.png
വെബ് ഡെസ്ക്

Published on Oct 20, 2026, 02:00 AM | 1 min read

നിധിൻ ഇ‍ൗപ്പൻ

പാലക്കാട്

ഉപഭോക്താക്കൾക്ക് വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ കെഎസ്ഇബി നടപ്പാക്കിയ ഓൺലൈൻ പരാതി പരിഹാര സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് പരാതി. വൈദ്യുതി തടസ്സം മുതൽ ബില്ലിങ് പ്രശ്നങ്ങൾ വരെയുള്ള പരാതികൾ ഓൺലൈനായി അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം. ഇതുസംബന്ധിച്ച് കഞ്ചിക്കോട് സ്വദേശി മുഖ്യമന്ത്രിക്ക് പരാതി നൽകി. വൈദ്യുതി വിതരണത്തിലെ തകരാറുകൾ സംബന്ധിച്ച് ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്താലും പരിഹാരമുണ്ടാകാത്തതിനെ തുടർന്ന് ഉപഭോക്താക്കൾ സെക്ഷൻ ഓഫീസുകളെ നേരിട്ട് സമീപിക്കേണ്ട അവസ്ഥയാണ്. ചിറ്റൂർ, ആലത്തൂർ, മണ്ണാർക്കാട്, പട്ടാമ്പി, കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, കുഴൽമന്ദം, മുണ്ടൂർ, കോങ്ങാട് തുടങ്ങി ജില്ലയിലെ മിക്ക സെക്ഷൻ ഓഫീസുകളിലും സമാന സാഹചര്യമാണ്‌. മഴ പെയ്താൽ ഓഫീസുകളിലെ ലാൻഡ് ഫോണുകളും തകരാറിലാകുന്നതോടെ പരാതികൾ അറിയിക്കാനും പ്രയാസം നേരിടുന്നു. ഓൺലൈൻ പരാതികൾ പരിശോധിക്കാറില്ലെന്ന് ജീവനക്കാർ തന്നെ വ്യക്തമാക്കുന്നതായും പരാതിക്കാർ പറയുന്നു. 2016–2017 കാലഘട്ടത്തിലാണ് കെഎസ്ഇബി വെബ് സെൽഫ് സർവീസ് പോർട്ടൽ ആരംഭിച്ചത്. തുടർന്ന് 2017 നവംബറിൽ ഔദ്യോഗിക മൊബൈൽ ആപ്പും നിലവിൽ വന്നു. കൺസ്യൂമർ നമ്പർ ഉപയോഗിച്ച് വെബ്സൈറ്റിലൂടെയും ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളിലൂടെയും പരാതികൾ അറിയിക്കാം. 9496001912 എന്ന വാട്സ്ആപ്പ് നമ്പറും 1912 എന്ന 24 മണിക്കൂർ ടോൾ ഫ്രീ നമ്പറും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന പരാതികൾ അതത് സെക്ഷൻ ഓഫീസുകളിൽ തത്സമയം നിരീക്ഷിച്ച് ഫീൽഡ് ജീവനക്കാർക്ക് കൈമാറാൻ നേരത്തേ കർശന നിർദേശം നൽകിയിരുന്നു. പരാതികൾ സെക്ഷൻ തലത്തിൽ നിരീക്ഷിച്ച് ഉത്തരവാദപ്പെട്ട ജീവനക്കാരെ ചുമതലപ്പെടുത്തി അടിയന്തര ഇടപെടൽ ഉറപ്പാക്കിയിരുന്നു. എന്നാൽ നിലവിൽ പരാതി രജിസ്റ്റർ ചെയ്താൽ എസ്എംഎസ് ലഭിക്കുന്നതല്ലാതെ തുടർ നടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ഓൺലൈൻ സംവിധാനങ്ങൾ കാര്യക്ഷമമല്ലാതായതോടെ വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കാൻ നേരിട്ട് ഓഫീസുകളിലെത്തേണ്ടിവരുന്നത് ഉപഭോക്താക്കൾക്ക് അധിക ദുരിതമാകുന്നുണ്ട്‌. വൈദ്യുതി മുടക്കവും പരാതികൾ പരിഹരിക്കുന്നതിലെ കാലതാമസവും ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home